Saturday
23 Mar 2019

ജനകോടികള്‍ തകര്‍ന്നടിയുന്നു, കോര്‍പ്പറേറ്റ് ഇന്ത്യ വളരുന്നു!

By: Web Desk | Saturday 30 December 2017 10:18 PM IST


പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ‘രാഷ്ട്ര സമ്പദ്ഘടന കനത്ത പ്രതിസന്ധിയിലാണ്. വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുന്നു. വ്യവസായം, ഉല്‍പാദനം, സേവനം എന്നീ മേഖലകളിലെല്ലാം വലിയ തകര്‍ച്ചയാണ് സംഭവിക്കുന്നത്.’ വെള്ളിയാഴ്ച ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുറന്നു സമ്മതിച്ചു. കഴിഞ്ഞ ഓഗസ്റ്റ് വരെ ഒരു വര്‍ഷക്കാലത്തിനിടെ 2.6 കോടി യുവജനത കൂടി തൊഴില്‍ വിപണിയിലെത്തി. എന്നാല്‍ കേവലം 15 ലക്ഷം തൊഴില്‍ അവസരങ്ങള്‍ മാത്രമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്- ബോംബെ ഓഹരി വിപണി നേതൃത്വം നല്‍കിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഇരുണ്ട ചിത്രമാണ് മേല്‍പറഞ്ഞ കണക്കുകള്‍ വരച്ചുകാട്ടുന്നത്. അതിന് മറ്റൊരു വശം കൂടിയുണ്ട്. 2017 രാജ്യത്തെ അതിസമ്പന്നര്‍ക്ക് സമൃദ്ധിയുടെ വര്‍ഷമായിരുന്നു. അഡാനിയുടെ ആസ്തി 120 ശതമാനം കണ്ട് കുതിച്ചുയര്‍ന്നു. മുകേഷ് അംബാനി, സുനില്‍മിത്തല്‍ തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും അതിസമൃദ്ധിയുടെ വര്‍ഷമായിരുന്നു. ഒരു കോടിയിലധികം വരുമാനമുള്ള കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 1,359ല്‍ നിന്നും 1,607 ആയി കുതിച്ചുയര്‍ന്നു. 18 ശതമാനം കണ്ടാണ് ഈ വളര്‍ച്ച.
നോട്ട് അസാധൂകരണം, ചരക്ക് സേവന നികുതി തുടങ്ങിയ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നടപടികളില്‍ രാജ്യം നട്ടംതിരിയുമ്പോഴും ലോകോത്തര വളര്‍ച്ചയെക്കുറിച്ച് രാഷ്ട്രഭരണ നേതൃത്വം വീമ്പിളക്കുന്നു. അതിന്റെ ഉള്ളറ രഹസ്യങ്ങളാണ് ശതകോടീശ്വരന്മാരുടെ വളര്‍ച്ചയുടെ കണക്കുകള്‍ തുറന്നുകാട്ടുന്നത്. സാമ്പത്തിക സമ്മര്‍ദത്തിലായ വ്യവസായങ്ങള്‍ കയ്യടക്കുന്നതില്‍ അഡാനി രാജ്യത്തെ മറ്റെല്ലാ കോര്‍പ്പറേറ്റ് ഭീമന്മാരേയും ബഹുദൂരം പിന്നിലാക്കിയാണ് ഇക്കൊല്ലം ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചത്- ശതകോടീശ്വരന്മാരെ സംബന്ധിച്ച ബ്ലൂംബര്‍ഗ് സൂചിക വ്യക്തമാക്കുന്നു. അഡാനി ഗ്രൂപ്പ് കയ്യടക്കിയ ഊര്‍ജ്ജപ്രസരണ സംരംഭങ്ങളാണ് ആ വളര്‍ച്ചയുടെ തായ്‌വേര്. അഡാനി ട്രാന്‍സ്മിഷന്റെ ഓഹരിമൂല്യം ഇക്കൊല്ലം 294 ശതമാനം കണ്ടാണ് കുതിച്ചുയര്‍ന്നത്. ഗൗതം അഡാനിയുടെ മൂല്യം 2017ല്‍ ആയിരം കോടി ഡോളര്‍ കവിഞ്ഞു. ഒറ്റവര്‍ഷംകൊണ്ട് കൈവരിച്ച വളര്‍ച്ച 560 കോടിയില്‍പരം! മുകേഷ് അംബാനിയും സുനില്‍ മിത്തലും കഴിഞ്ഞാല്‍ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാംസ്ഥാനമാണ് ഉറപ്പിച്ചിരിക്കുന്നത്.
മുംബൈയിലെ വജ്ര വ്യാപാരരംഗത്ത് നിന്നുള്ള, എണ്‍പതുകളില്‍ ആരാലും അറിയപ്പെടാത്ത, അഡാനിയുടെ വളര്‍ച്ച രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. കഴിഞ്ഞയാഴ്ച അനില്‍ അംബാനിയുടെ സാമ്പത്തിക സമ്മര്‍ദത്തിലായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, മുംബൈ സര്‍ക്കിളിന്റെ ഉദ്ഗ്രഥിത ഊര്‍ജ്ജ വിതരണ പ്രസരണ ആസ്തികള്‍ അഡാനി സ്വന്തമാക്കി. 13,251 കോടി രൂപയുടെ ആസ്തിയാണത്. അതില്‍ 1,150 കോടി ഉപഭോക്താക്കളില്‍ നിന്നും പിരിച്ചെടുക്കാവുന്നതാണ്. 2014ന് ശേഷം ലാന്‍കോയുടെ ഉഡുപ്പി ഊര്‍ജ്ജനിലയം, എല്‍ആന്‍ഡ്ടിയുടെയും ടാറ്റയുടെയും ഒഡിഷ തുറമുഖങ്ങള്‍ എന്നിവയും അഡാനി സ്വന്തമാക്കി. ജെയ്പി ഇന്‍ഫ്രാടെക്കിന്റേതടക്കം നിരവധി പീഡിത സംരംഭങ്ങള്‍ താമസിക്കാതെ അഡാനി സാമ്രാജ്യത്തിന് സ്വന്തമാകും. മുകേഷ് അംബാനിയുടെയും മിത്തലിന്റെയും വളര്‍ച്ചയ്ക്ക് പിന്നിലും സമാനമായ കഥകളാണുള്ളത്.
രാജ്യം തൊഴില്‍രഹിത വളര്‍ച്ചയെക്കുറിച്ച് വിലപിക്കുമ്പോള്‍ കോടീശ്വരന്മാരായ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍ക്ക് തൊഴില്‍രാഹിത്യം ഒരു പ്രശ്‌നമേ അല്ല. അവരെ സംബന്ധിച്ചുള്ള ക്യാപിറ്റല്‍ലൈന്‍ ഡേറ്റാ ബെയ്‌സ് സ്ഥാപനത്തിന്റെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് അവ. കോടീശ്വരന്മാരായ 1,607 കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ ഗ്രൂപ്പ് ചെയര്‍മാന്‍ എ എം നായിക്കാണ്. ആ സ്ഥാപനത്തില്‍ 53 വര്‍ഷം പിന്നിട്ട്, 78.9 കോടി രൂപ പ്രതിഫലം വാങ്ങി, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ നിന്നും വിരമിച്ച നായിക് ഇപ്പോള്‍ വാങ്ങുന്ന വേതനം 32.2 കോടി. അതിനു പുറമേ 19.01 കോടി രൂപയുടെ ഓഹരിയും അയാള്‍ക്ക് സ്വന്തമാക്കാം. തൊട്ടുതാഴെ വരുന്നത് ടാറ്റാ കണ്‍സട്ടന്‍സി സര്‍വീസിന്റെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ്. അദ്ദേഹത്തിന്റെ വേതനം 30.2 കോടി. ഫെബ്രുവരിയില്‍ ചന്ദ്രശേഖരന്‍ ടാറ്റാ കമ്പനികളുടെ പ്രൈമറി ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി.
ആധികാരികമായ ഈ കണക്കുകള്‍ ഓരോന്നും സൂചിപ്പിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ച തന്നെയാണ്. കൊടിയ സാമ്പത്തിക പ്രതിസന്ധിയില്‍ നൂറ്റിയിരുപത്തിയഞ്ച് കോടിയില്‍ പരം ജനങ്ങള്‍ തകരുമ്പോഴും രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ വളരുക തന്നെയാണ്!