മാധ്യമധര്‍മം വില്‍ക്കുന്ന കോര്‍പറേറ്റ് ഭീമന്മാര്‍

Web Desk
Posted on May 26, 2018, 10:45 pm

ന്യൂഡല്‍ഹി: പ്രതിഫലം വാങ്ങി ഹിന്ദുത്വ അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ രാജ്യത്തെ പ്രമുഖ്യ ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ക്ക് യാതൊരു വൈമനസ്യവുമില്ലെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായി വീണ്ടും ‘കോബ്രാപോസ്റ്റ്’ വാര്‍ത്താപോര്‍ട്ടല്‍ രംഗത്ത്. പ്രമുഖ മാധ്യമ കോര്‍പറേറ്റായ ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥരില്‍ ഒരാളും മാനേജിങ് ഡയറക്ടറുമായ വിനീത് ജയ്ന്‍ അടക്കം മാധ്യമമേധാവികള്‍ നിയമവിരുദ്ധ പണമിടപാടിനുള്ള മാര്‍ഗങ്ങള്‍ വിവരിക്കുന്ന ദൃശ്യങ്ങളടക്കമാണ് കോബ്രപോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഹിന്ദുത്വ അജന്‍ഡ പണത്തിനുവേണ്ടി പ്രചരിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ആദ്യഘട്ടമായി അവര്‍ പുറത്തുകൊണ്ടുവന്നിരുന്നു.

രഹസ്യമായി റെക്കോഡു ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ രണ്ടു ഡസനിലധികം മാധ്യമ സംഘടനകളുടെ പണത്തിനുവേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധതയാണ് തുറന്നുകാട്ടുന്നത്. നൂറുകണക്കിന് കോടി രൂപ വാഗ്ദാനം ചെയ്ത് നടത്തിയ രഹസ്യ ഇടപാടുകള്‍ സംബന്ധിച്ച തെളിവുകളില്‍ മോഡിഭരണത്തിന്‍ കീഴില്‍ ആദായനികുതി വകുപ്പും ധനമന്ത്രാലയവും എന്തു നടപടി സ്വീകരിക്കുമെന്നതാണ് അടുത്ത ചോദ്യം.

ടൈം ന്യൂസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളുടെ ഉടമകളായ ടൈംസ് ഗ്രൂപ്പ് കള്ളപ്പണത്തിന്റെ പേരില്‍ മോഡിസര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ മുന്നണിയില്‍ വന്ന മാധ്യമ ശൃംഖലയാണ്. അവര്‍ തന്നെ ഹിന്ദുത്വാനുകൂല വാര്‍ത്തകള്‍ക്ക് കള്ളപ്പണമായി തന്നെ പ്രതിഫലം നല്‍കണമെന്നും അത് ചില വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ വഴി തങ്ങള്‍ വാങ്ങിയെടുത്തുകൊള്ളാമെന്നും വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യ‑ശ്രവ്യ തെളിവുകളാണ് കോബ്രാപോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

കോബ്രാപോസ്റ്റിന്റെ പുഷ്പ് ശര്‍മ എന്ന റിപ്പോര്‍ട്ടര്‍ ‘ആചാര്യ അടല്‍’ എന്ന മറുപേരില്‍ നടത്തിയ രഹസ്യ ദൗത്യത്തിലൂടെയാണ് മാധ്യമ കോര്‍പറേറ്റുകളുടെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. താന്‍ ആര്‍എസ്എസിന്റെ നാഗ്പൂര്‍ ആസ്ഥാനവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന സംഘടനയുടെ ആളാണെന്ന് ധരിപ്പിച്ചാണ് മാധ്യമ ഉടമകളും മേധാവികളുമായി ചര്‍ച്ച നടത്തിയത്. ടൈംസ് ഗ്രൂപ്പിന്റെ വിനീത് ജെയ്‌ന് 500 കോടി രൂപയാണ് ആചാര്യ അടല്‍ വാഗ്ദാനം ചെയ്തത്. കൃഷ്ണനെപ്പറ്റിയും ഭഗവത് ഗീതയെപ്പറ്റിയുമുള്ള വാര്‍ത്തകളും പരിപാടികളും ഹിന്ദുത്വ ലക്ഷ്യപ്രാപ്തിക്കായി പ്രചരിപ്പിക്കാനുള്ള സന്നദ്ധയാണ് ടൈംസ് ഗ്രൂപ്പ് ഉറപ്പു നല്‍കുന്നത്. 2017 ല്‍ 9,976 കോടി മൊത്തം വിറ്റുവരവുള്ള ടൈംസ് ഗ്രൂപ്പിന് 500 കോടി രൂപയെന്നത് വരുമാനത്തിന്റെ അഞ്ചുശതമാനം മാത്രമാണ്.

ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡെ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദൈനിക് ഭാസ്‌കര്‍, സീ ന്യൂസ്, സ്റ്റാര്‍ ഇന്ത്യ, എബിപി ദൈനിക് ജാഗരണ്‍, റേഡിയോ വണ്‍, സുവര്‍ണ ന്യൂസ്, റെഡ്എഫ്എം, ലോക്മത്, ആന്ധ്ര ജ്യോതി, ടി വി 5, ദിനമലര്‍, ബിഗ് എഫ് എം, പ്രഭാത് ഖബര്‍, കെ ന്യൂസ്, ഇന്ത്യാ വോയ്‌സ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, എം വി ടി വി, ഓപ്പന്‍ മാഗസിന്‍ തുടങ്ങി 27 മാധ്യമസംഘടനകളെയാണ് കോബ്രാ പോസ്റ്റ് സമീപിച്ചത്. അവര്‍ സമീപിച്ചതില്‍ ബര്‍ത്തമാന്‍, ദൈനിക് സംബാദ് എന്നീ രണ്ട് ബംഗാളി മാധ്യമങ്ങള്‍ ഒഴികെ എല്ലാവരും മാധ്യമധര്‍മത്തിന് നിരക്കാത്ത പണംപറ്റി വാര്‍ത്ത നല്‍കുന്ന വിടുപണിക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.