റിപ്പബ്ലിക്ദിന തലേന്ന് പുറത്തുവന്ന സാമ്പത്തിക അസമത്വം സംബന്ധിച്ച ഓക്സ്ഫാം വാര്‍ഷിക റിപ്പോര്‍ട്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിനുള്ളിലെ സാമ്പത്തിക അസമത്വത്തിന്റെയും അനീതിയുടെയും കോര്‍പ്പറേറ്റ് റിപ്പബ്ലിക്കിനെ തുറന്നു കാട്ടുന്നു. കോവിഡ് മഹാമാരി മുതലെടുത്ത് ഇന്ത്യയിലെ ശതകോടീശ്വരന്മാർ സമ്പത്ത് 35 ശതമാനം വര്‍ധിപ്പിച്ചതായി ഓക്സ്ഫാം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സമ്പത്ത്, ലിംഗഭേദം, വിദ്യാഭ്യാസം എന്നിവയില്‍ കോവിഡ് 19 സൃഷ്ടിച്ച അസമത്വങ്ങളെ കുറിച്ചുള്ള ‘ദി ഇനീക്വാളിറ്റി വൈറസ്’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
കൊറോണ വൈറസ് ഇന്ത്യയെ എല്ലാതരത്തിലും ഗുരുതരമായി ബാധിച്ചുവെങ്കിലും രാജ്യത്തെ കോടീശ്വരന്മാര്ക്ക് അത് ലാഭകൊയ്ത്തിന്റെ കാലമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2009 മുതല്‍ കോടീശ്വരന്മാരുടെ സമ്പത്തില്‍ 90 ശതമാനം വര്‍ധനവാണ് ഉണ്ടായതെങ്കില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രം ഇത് 35 ശതമാനമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു തൊഴിലാളിക്ക് 10,000 വര്‍ഷംകൊണ്ട് സമ്പാദിക്കാന്‍ കഴിയുന്നത് മഹാമാരിക്കാലത്ത് മുകേഷ് അംബാനി മണിക്കൂറുകള്ക്കൊണ്ടും മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ട് നേടാവുന്നത് സെക്കന്‍ഡുകള്‍ക്കുള്ളിൽ നേടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ കഠിനമായ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയെങ്കിലും തൊഴിൽ, ഉപജീവനമാർഗം എന്നിവ നഷ്ടപ്പെടുന്നവരുടെ ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചില്ല.
ലോക്ക്ഡൗണ്‍ ജനങ്ങളെ എല്ലാ തരത്തിലും ബാധിച്ചപ്പോള്‍ സമ്പന്നര്‍ക്ക് നേട്ടമാണ് ഉണ്ടായത്. കല്‍ക്കരി, എണ്ണ, ടെലികോം, മരുന്ന് നിര്‍മ്മാണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗൗതം അഡാനി, ശിവ് നാടാര്‍, സൈറസ് പൂനാവാല, ഉദയ് കോട്ടക്, അസിം പ്രേംജി, സുനില്‍ മിത്തല്‍, രാധാകൃഷ്ണന് ദമാനി, കുമാര്‍ മംഗലം ബിര്‍ള തുടങ്ങിയവരുടെ സമ്പത്ത് മാര്‍ച്ചില്‍ ഗണ്യമായി വര്‍ധിച്ചു. ഏപ്രില്‍ മാസത്തില്‍ മാത്രം ഓരോ മണിക്കൂറിലും 1,70,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായപ്പോഴും ഇവരുടെ സമ്പത്ത് കുമിഞ്ഞുകൂടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അസംഘടിത മേഖല തകര്‍ന്നു
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് അസംഘടിത മേഖലയിലെ തൊഴിലാളികളെയാണെന്നും മൊത്തം തൊഴിൽ നഷ്ടപ്പെട്ട 12.2 കോടി ആളുകളിൽ 75 ശതമാനവും അസംഘടിത മേഖലയിൽ പ്രവര്‍ത്തിച്ചിരുന്നവരാണെന്നും പഠനം കണ്ടെത്തി. ലോക്ക്ഡൗണ്‍ കൂടുതല്‍ ദുരിതത്തിലാക്കിയ ദിവസ കൂലിക്കാരായ കുടിയേറ്റ തൊഴിലാളികളെ തിരികെ വീടുകളില്‍ എത്തിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. ലോക്ക്ഡൗൺ മൂലമുള്ള ദുരിതം 300 അസംഘടിത തൊഴിലാളികളുടെ ജീവൻ കവർന്നു. പട്ടിണി, ആത്മഹത്യ, ക്ഷീണം, അപകടങ്ങള്‍, പൊലീസിന്റെ ക്രൂരത, ചികിത്സ കിട്ടാത്ത അവസ്ഥ എന്നിങ്ങനെ പല കാരണങ്ങളാണ് മരണങ്ങള്‍ക്ക് പിന്നിൽ. ഈ കാലയളവില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചുവെന്നും ഗ്രാമീണ മേഖലകളില്‍ പഠനം ഉപേക്ഷിക്കുന്നവർ ഇരട്ടിയായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ENGLISH SUMMARY: Corporate Republic within the Republic
YOU MAY ALSO LIKE THIS VIDEO