Web Desk

ന്യൂഡൽഹി

April 07, 2020, 9:40 pm

വരുമാന വർധനവിന് കോർപ്പറേറ്റുകളെ പങ്കാളികളാക്കണം; സിപിഐ

Janayugom Online

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുമായി ഇന്ന് യോഗം നടക്കാനിരിക്കേ മന്ത്രിസഭ യോഗം ചേർന്ന് സുപ്രധാനമായ തീരുമാനങ്ങൾ പ്രഖ്യാപിച്ച രീതി ജനാധിപത്യ സംവിധാനത്തിൽ അസ്വീകാര്യമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വരുമാന സമാഹരണത്തെ സംബന്ധിച്ച്, ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കോർപ്പറേറ്റ്, വൻകിട ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയെ എങ്ങനെ പങ്കാളികളാക്കാമെന്ന കാര്യമാണ് സർക്കാർ പരിഗണിക്കേണ്ടത്.

കോർപ്പറേറ്റ് സ്ഥാപനങ്ങളെ പലവിധത്തിൽ സർക്കാർ സഹായിക്കുന്നുണ്ട്. 2014–15 മുതൽ ഇന്നുവരെ നികുതി ഇളവ് ചെയ്തതുവഴി ബിജെപി ഭരണത്തിൻ കീഴിൽ മോഡി പ്രധാനമന്ത്രിയായതിന് ശേഷം ഏകദേശം 7 ലക്ഷം കോടി രൂപയാണ് സർക്കാരിന് വരുമാനനഷ്ടമുണ്ടായതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ പാർലമെന്റ് അംഗങ്ങളുടെയും ശമ്പളത്തിൽ 30 ശതമാനം വെട്ടിക്കുറവ് നടപ്പാക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നു.

സിപിഐ എംപിമാർ ഇതിനകം ഒരു മാസത്തെ ശമ്പളം അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിക്ക് നൽകിയിട്ടുണ്ട്. അതേസമയം എംപിമാർക്കുള്ള പ്രാദേശിക വികസന ഫണ്ട് സംബന്ധിച്ച സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സിപിഐയുടെ നിലപാട്. നിലവിൽ കോവിഡ് 19 പ്രതിരോധത്തിനായി എം‌പിമാർക്ക് അവരുടെ ഫണ്ടുകൾ അതത് നിയോജകമണ്ഡലങ്ങളിലും സംസ്ഥാനങ്ങളിലും പൊതുജനാരോഗ്യത്തിനായി മാത്രം നീക്കിവയ്ക്കാൻ സർക്കാരിന് നിർദ്ദേശം നൽകാം. പൊതുജനാരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

you may also like this video;