18 April 2024, Thursday

നിരന്തരം അഴിമതി ആരോപണം: മധ്യപ്രദേശില്‍ ചൗഹാന്റെ ഭാവി തുലാസില്‍

Janayugom Webdesk
ഭോപ്പാല്‍
September 11, 2022 9:53 pm

കഴിഞ്ഞ മാസം ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് പുറത്തായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ നിരന്തരം ഉയരുന്ന അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ആശങ്കയിലാക്കി. 18 വര്‍ഷമായി അംഗമായിരിക്കുന്ന ബിജെപിയുടെ ഉന്നതാധികാര സമിതിയില്‍ നിന്ന് ചൗഹാനെ നീക്കിയ നേതൃത്വം അധികമാരും ശ്രദ്ധിക്കാത്ത, രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് സമാനമായി കഴിയുന്ന സത്യനാരായണ്‍ ജതിയയെയാണ് പകരം നിയോഗിച്ചത്. പാര്‍ലമെന്ററി ബോര്‍ഡ് അംഗമായതുമുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്നും ചൗഹാന്‍ പുറത്തായി.

ഇതിനു പിന്നാലെയാണ് പുതിയ അഴിമതികള്‍ പുറത്തുവന്നതും പാര്‍ട്ടിക്കകത്തുനിന്നുതന്നെ എതിര്‍പ്പുകളുയരുന്നതും. ഈ മാസം ആദ്യമാണ് സംസ്ഥാനത്ത് പോഷകാഹാര വിതരണത്തില്‍ നൂറുകോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് അക്കൗണ്ടന്റ് ജനറലി(എജി)ന്റെ കണ്ടെത്തലുണ്ടായത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയുള്ളതിനാല്‍തന്നെ ചൗഹാന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാകില്ല. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്നതിന് ട്രക്കുകള്‍ ഉപയോഗിച്ചുവെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ മോട്ടോര്‍ സൈക്കിളുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയുടെ നമ്പറുകളാണ് രേഖപ്പെടുത്തിയത്. കൂടാതെ ഗുണഭോക്താക്കളുടെ എണ്ണം പല തവണ പെരുപ്പിച്ചുകാട്ടി നാലുമടങ്ങെങ്കിലുമാക്കുകയും ചെയ്തു. ഇതെല്ലാംകൊണ്ടുതന്നെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൗഹാനെ മുന്നില്‍ നിര്‍ത്തി വിജയം നേടാനാവില്ലെന്ന അഭിപ്രായം കേന്ദ്ര നേതൃത്വത്തിലും സംസ്ഥാന ബിജെപിക്കകത്തും ശക്തമായിട്ടുണ്ട്.

2005ല്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ചൗഹാന്റെ രണ്ടും മൂന്നുതവണത്തെ കാലയളവിലാണ് കുപ്രസിദ്ധമായ വ്യാപം അഴിമതി പുറത്തുവന്നത്. ഇതിന്റെ തുടര്‍ച്ചയായി 2018ലെ തെരഞ്ഞെ‍ുപ്പില്‍ ബിജെപി സംസ്ഥാനത്ത് പരാജയപ്പെട്ടിരുന്നതുമാണ്. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിവരെ ചേര്‍ത്താണ് 2020ല്‍ ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. അതുകൊണ്ടുതന്നെ പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്തുനിന്ന് എതിര്‍പ്പ് ശക്തമാണ്. കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ളവരുള്‍പ്പെടെ ചൗഹാനെതിരെ രംഗത്തുണ്ട്. ഉദ്യോഗസ്ഥ ഭരണമാണ് സംസ്ഥാനത്തു നടക്കുന്നതെന്ന് മഹേന്ദ്ര സിങ് സിസോദിയ, ബ്രജേന്ദ്ര സിങ് യാദവ് എന്നീ രണ്ടു മന്ത്രിമാര്‍ പരസ്യമായി പറയുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാംകൊണ്ടുതന്നെ ചൗഹാനെ മാറ്റിയാകും അടുത്ത തെരഞ്ഞെടുപ്പ് നേരിടുകയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് ദുരുദ്ദേശ്യപരമാണെന്നാണ് ചൗഹാന്‍ പക്ഷം ആരോപിക്കുന്നത്.

Eng­lish Sum­ma­ry: Cor­rup­tion alle­ga­tion against Mad­hya Pradesh Chief Min­is­ter Shiv­raj Singh Chouhan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.