November 27, 2022 Sunday

Related news

November 26, 2022
November 26, 2022
November 26, 2022
November 25, 2022
November 25, 2022
November 24, 2022
November 24, 2022
November 22, 2022
November 22, 2022
November 22, 2022

രാമക്ഷേത്രം നിര്‍മ്മാണം: സ്ഥലം വാങ്ങിയതില്‍ കോടികളുടെ അഴിമതി

Janayugom Webdesk
ന്യൂഡല്‍ഹി
June 14, 2021 9:21 pm

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വാങ്ങിയതില്‍ കോടികളുടെ അഴിമതിയെന്ന് റിപ്പോര്‍ട്ട്. സ്വകാര്യവ്യക്തിയില്‍ നിന്ന് രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലര്‍മാര്‍ ചേര്‍ന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലം അവരില്‍നിന്ന് മിനിട്ടുകള്‍ക്കുള്ളില്‍ 18.5 കോടി രൂപയ്ക്ക് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് വാങ്ങിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും പുറത്തുവിട്ടു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യമൊട്ടാകെ നടത്തിയ ധനസമാഹരണ ക്യാമ്പയിന്‍ വഴി 3200 കോടി രൂപയാണ് ട്രസ്റ്റ് സമാഹരിച്ചത്. രാമക്ഷേത്രത്തിനായി വിശ്വാസികളായ ലക്ഷക്കണക്കിന് പേര്‍ നല്‍കിയ പണം ബിജെപിയും ട്രസ്റ്റും ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നുവെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ശ്രീരാമന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ട്രസ്റ്റ് ചെയ്തതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

2021 മാര്‍ച്ച് 18നാണ് വിവാദമായ സ്ഥലമിടപാട് നടന്നിരിക്കുന്നത്. ഹവേലി ആവാധ് പര്‍ഗാനയിലെ ബാഗ്ബിജാസിസി ഗ്രാമത്തിലെ 1.208 ഹെക്ടര്‍ സ്ഥലമാണ് ട്രസ്റ്റ് 16.5 കോടി രൂപ അധികമായി ചെലവഴിച്ച് വാങ്ങിയത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലമല്ല ഇതെന്നും ശ്രദ്ധേയമാണ്. 

പത്ത് മിനിട്ടിനുള്ളില്‍ പത്ത് ഇരട്ടിയിലധികമായി സ്ഥലത്തിന്റെ വില വര്‍ധിച്ചത് എങ്ങനെയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് തേജ് നാരായണ്‍ പവന്‍ പാണ്ഡെ ചോദിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങും സ്ഥലമിടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടു. രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് കുസും പഥക്, ഹരിഷ് പഥക് എന്നിവരില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് സ്ഥലം വാങ്ങുന്നത്. ഇവരെല്ലാം അയോധ്യയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരാണെന്ന് പവന്‍ പാണ്ഡെ പറഞ്ഞു. പിന്നിട് മിനിട്ടുകള്‍ക്കുള്ളില്‍ നടന്ന ഇടപാടില്‍ തിവാരിയും അന്‍സാരിയും രാമക്ഷേത്ര ട്രസ്റ്റിന് ഇതേ സ്ഥലം 18.5 കോടി രൂപയ്ക്ക് വിറ്റതായും രേഖകള്‍ തെളിയിക്കുന്നു. രണ്ട് ഇടപാടിലും ഒരേ ആളുകള്‍ തന്നെയാണ് സാക്ഷികളായി ഒപ്പിട്ടിരിക്കുന്നത്. ട്രസ്റ്റ് അംഗമായ അനില്‍കുമാര്‍ മിശ്ര, അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ എന്നിവരാണ് രണ്ട് ഇടപാടിന്റെയും സാക്ഷികളായിരിക്കുന്നത്. മാത്രമല്ല, രണ്ടാമത്തെ ഇടപാടിനുള്ള സ്റ്റാമ്പ് പേപ്പര്‍ വൈകിട്ട് 5.11നും ആദ്യത്തെ ഇടപാടിന്റേത് അതിന് ശേഷം 5.22നുമാണ് വാങ്ങിയിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ശ്രീരാമന്റെ പേരില്‍ അഴിമതി നടത്തുകയെന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഈ വിഷയത്തില്‍ സിബിഐയോ ഇഡിയോ അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. 

എന്നാല്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണിതെന്ന് ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ദശകങ്ങളായി സംഘപരിവാറിന്റെ പ്രധാന പ്രചരണായുധമായിരുന്നു അയോധ്യയിലെ രാമക്ഷേത്രവിഷയം. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമ നടപടികള്‍ 2019ല്‍ സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്നാണ് അവസാനിച്ചത്. 2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലയിട്ടത്. തുടര്‍ന്ന് രാജ്യവ്യാപകമായി രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണ ക്യാമ്പയിന്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ രാഷ്ട്രീയ പ്രചരണമായിത്തന്നെ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ നല്‍കി നടത്തിയ ഇടപാടിലാണ് വലിയ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കല്ലുകള്‍ക്കായി 400 ഹെക്ടർ സംരക്ഷിത വനമേഖലയില്‍ ഖനനം

രാമക്ഷേത്ര നിര്‍മ്മാണത്തിനുപയോഗിക്കാന്‍ പിങ്ക് നിറത്തിലുള്ള കല്ലുകള്‍ക്കായി 400 ഹെക്ടറോളം സംരക്ഷിത വനമേഖലയില്‍ ഖനനം നടത്താനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ഭരത്പൂര്‍ വന്യജീവി സങ്കേതത്തിന് സമീപത്തായുള്ള 398 ഹെക്ടര്‍ വനപ്രദേശമാണ് ഖനനം നടത്തുന്നതിനുവേണ്ടി റവന്യുഭൂമിയായി തരംമാറ്റിയിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതിന് പിങ്ക് നിറത്തിലുള്ള കല്ലുകള്‍ ഖനനം ചെയ്തെടുക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നിയമവിരുദ്ധമായി ഖനനം ചെയ്തെടുത്ത പിങ്ക് കല്ലുകള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കൊണ്ടുപോകുന്നതിനിടെ 25 ട്രക്കുകള്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് സംഘപരിവാറിന്റെ സമ്മര്‍ദ്ദമാണ് രാജസ്ഥാന്‍ സര്‍ക്കാരിനെ ഖനനത്തിനായി വനമേഖലയെ നിയമപരമായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്നാണ് സൂചന. ജൂണ്‍ 11ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതിനുള്ള അനുമതി നല്‍കി.

പണം തട്ടാനുള്ള പ്രോജക്ട്: പ്രശാന്ത് ഭൂഷണ്‍

രാമനോടുള്ള ഭക്തിയല്ല അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ബിജെപിക്കാരെ പ്രേരിപ്പിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ . അയോധ്യയിലെ രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ പ്രതികരിക്കുകയായിരുന്നു ഭൂഷൺ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാമനോടുള്ള ഭക്തിയല്ല ബിജെപിയുടെ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്നില്‍. 

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം. അതിലൂടെ അധികാരം നേടുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി. പണം തട്ടാനുള്ള ഒരു പ്രോജക്ടിന്റെ പേരായിരുന്നു അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം എന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Eng­lish Sum­ma­ry : Cor­rup­tion in land acqui­si­tion of Ram Tem­ple Ayodhya

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.