പൊതുമരാമത്ത് വകുപ്പില്‍ അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി

Web Desk
Posted on June 11, 2019, 12:16 pm

തിരുവനന്തപുരം: അഴിമതിക്കാരാരായാലും രക്ഷപ്പെടാന്‍ പോകുന്നില്ലന്ന് മുഖ്യമന്ത്രി. ശക്തമായ നടപടി തന്നെ ഉണ്ടാകും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തി 2015 മെയ് 28ന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ഫലമാണ് പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ കണ്ടത്. വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടന്നതായും മേല്‍ത്തട്ടിലേയ്‌ക്കെന്ന് പറഞ്ഞ് വിവിധ തട്ടില്‍ വ്യാപകമായും പണപ്പിരിവ് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മരാമത്ത് പണികളുടെ ബില്ല് തയ്യാറാക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട കൈക്കൂലിയുടെ ശതമാനം നിശ്ചയിക്കുന്നു. പണി പൂര്‍ത്തീകരിക്കാതെ തന്നെ ബില്ല് പാസാക്കി കൈക്കൂലി വാങ്ങുന്നു. പുതിക്കിയതും പെരുപ്പിച്ചതുമായ എസ്റ്റിമേറ്റ് തയ്യാറാക്കി കൈക്കൂലി വാങ്ങുന്നു. ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറിച്ചു വില്‍ക്കുന്നു. ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിനും നിയമത്തിനും നിശ്ചിത തുക വാങ്ങുന്നു. മന്ത്രി, സെക്രട്ടറി തലത്തിലുള്ളവര്‍ക്ക് നല്‍കുന്നതിന് എന്ന പേരില്‍ വിവിധ ഡിവിഷനുകളില്‍ നിന്ന് ചീഫ് എഞ്ചിനീയര്‍മാറും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരും കൈക്കൂലി വാങ്ങുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് കട്ട് ചെയ്യുന്നതിനും മണ്ണിട്ട് നികത്തുന്നതിനും അഴിമതി നടത്തുന്നു തുടങ്ങി ഒന്‍പത് കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കേരളാ സ്‌റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷനിലെ അഴിമതിയും പൊതുമരാമത്ത് വകുപ്പില്‍ കോര്‍പ്പറേഷനില്‍ നിയന്ത്രണമില്ലാത്തതും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിയുടേയും വകുപ്പ് സെക്രട്ടറിയുടേയും പേരില്‍ പിരിക്കുന്ന പണം അവര്‍ തന്നെ കൈകാര്യം ചെയ്യുകയാണോ മുകളിലേയ്ക്ക് കൈമാറുന്നുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തരം ഞെട്ടിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടും യഥാര്‍ത്ഥ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിയുടെ അടിസ്ഥാനത്തില്‍ കിറ്റ്‌കോ ഏജസിയായ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വ്യവസായ മന്ത്രിക്ക് കത്ത് നല്‍കും. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണവുമായി ബന്ദപ്പെട്ട് അന്വഷണം കൂടുത ആഴത്തിലും നിഷ്പക്ഷവുമായി നടത്തും. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാലത്തിന്റെ രൂപകല്‍പനയില്‍ തന്നെ കുഴപ്പം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി നിര്‍മാണത്തിലും പാകപ്പിഴ സംഭവിച്ചു. നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോയുടെ മേല്‍നോട്ടം പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.വന്‍തുക കമ്മിഷന്‍ വാങ്ങിയാണ് പല പ്രവൃത്തികളും ഇവിടെ നടന്നത്. ആവശ്യത്തിന് സിമന്റ്,കമ്പി ഉപയോഗിച്ചില്ല. ഗുണനിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികളാണ് കോണ്‍ട്രാക്ടര്‍ ഉപയോഗിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് 13 തവണ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും നിര്‍മാണം സംബന്ധിച്ച് യാതൊന്നും അന്വേഷിച്ചില്ല. ഭരണപരമായ വീഴ്ച ഇതില്‍ നിന്നും വ്യക്തമാണ്. മേല്‍നോട്ടം വഹിച്ചവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ നടന്നെങ്കിലും പിഡബഌുഡി മാനുവലിന് വിരുദ്ധമായാണ് ഏറെയും നടന്നത്. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട പണികള്‍ സംസ്ഥാനം ഏറ്റെടുത്തു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പണിത പാലങ്ങളെയോ റോഡുകളെയോ സംബന്ധിച്ച് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്തുകയും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ യാതൊരു മടിയും സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം അഴിമതി,കൃത്യനിര്‍വഹണത്തിലെ വീഴ്ച,സാമ്പത്തിക നഷ്്ടമുണ്ടാക്കല്‍,തുടങ്ങിയ വീഴ്ചകള്‍ക്ക് 100ല്‍പ്പരം എന്‍ജിനിയര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കെജെ മാക്‌സി,എസ് ശര്‍മ,എം സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, പിടി തോമസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നീന്തല്‍ക്കുളങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. റോഡ് സുരക്ഷ യോഗ,നീന്തല്‍ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേകം നിര്‍ദശിച്ചതിന്റെ അടിസഥാനത്തിലാണ് ഇതെന്നും മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിന് മറുപടായി മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. ഇത്തരം സ്‌കൂളുകളുടെ രക്ഷയ്ക്ക് ജനപ്രതിനിധികളും അവിടുത്തെ ജനങ്ങളും മുന്‍കൈ എടുക്കണം. സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകും. അങ്ങിനെ ജനകീയ സ്‌ക്കൂളുകളാണ് ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു.

കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സുരക്ഷിത മേഖലയില്‍ സ്ഥലം വാങ്ങി വീട് വയ്ക്കുന്നത് 10 ലക്ഷം രൂപ നിരക്കില്‍ 25 കോടിയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കി വരുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. പദ്ധതി പ്രകാരം 127 പേര്‍ സ്ഥലം വാങ്ങുകയും 112 പേര്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
തീരദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം കാരോട് വില്ലേജില്‍ 105.55 ഹെക്ടര്‍ സ്ഥലം ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത് കെട്ടിട നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1620 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 50 മീറ്ററിന് പുറത്ത് താമസിക്കുന്നകുടുംബങ്ങളെ സ്‌പെഷല്‍ പാക്കേജിന്റെ ഭാഗമായി മാത്രമേ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കൂ. റീ ബില്‍ഡിങ് കേരള പദ്ധതിയുടെ ഭാഗമായി ഇത് സാധ്യമാകും. ഓഖി ദുരന്ത ബാധിതര്‍ക്കായി സമഗ്രപുരനധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ 7340 കോടിയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ധനസഹായമൊന്നും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍, കെ ദാസന്‍, വിഅബ്ദുറഹ്മാന്‍, വി.ജോയി, സി കൃഷ്ണന്‍, ബി സത്യന്‍, കെ ആന്‍സലന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

You May Also Like This: