Wednesday
20 Feb 2019

പരാപരാപരാ……. പരമാനന്ദം

By: Web Desk | Saturday 29 September 2018 10:30 PM IST

c radhakrishnan

ഫലിതസാഹിത്യരഹസ്യം കലക്കിക്കുടിച്ച് ‘പൂസായ’ മഹാകവി കുഞ്ചന്‍നമ്പ്യാര്‍ പണ്ട് പാടിയത് ഫലിച്ചിരിക്കുന്നു: ‘കള്ളു കുടിക്കാനല്ലാതൊന്നിനു കൊള്ളരുതാത്ത ജളന്മാരേറും’ വിവേകികളുടെ വാക്കുകള്‍ പാഴാകാറില്ലല്ലൊ. വല്ല പനയൊ തെങ്ങോ ചെത്തി കിട്ടുന്ന കള്ളുകുടിച്ചിരുന്ന കാലത്തെക്കുറിച്ചാണ് മഹാകവി പാടിയത്. സ്വദേശി മുതല്‍ വിദേശി വരെയുള്ള വീര്യം കൂടിയ വഹകള്‍ അന്നില്ലായിരുന്നു.

കാലം പോകെ, ഇനത്തിലും അളവിലും പുരോഗമിച്ച് നാമിന്ന് ബഹുദൂരം വന്നിരിക്കുന്നു. കഴിഞ്ഞ പത്ത് കൊല്ലംകൊണ്ട് ഇരട്ടിയാണായിരിക്കുന്നത്. ‘വളര്‍ച്ച’ പോരെന്ന് ലോകബാങ്കുപോലും പറയില്ല.

ഇക്കഴിഞ്ഞ ഓണക്കാലത്ത് നാം ‘വീശി’യത് അഞ്ഞൂറിലേറെ കോടി ഉറുപ്പികയുടെ ചരക്കാണ്. അതും, പ്രളയം കാരണം അറുപതിലേറെ ബിവറേജസ് കടകള്‍ അടഞ്ഞുകിടന്നിട്ടും (വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കേന്ദ്രം ആദ്യഗഡുവായി അനുവദിച്ച 700 കോടി പോരെന്ന് പറയാന്‍ ഇതിലേറെ കണക്കു വേണോ പിന്‍ബലമായിട്ട്? ‘ദേ എനിക്ക് നാണമാകുന്നു, കേട്ടോ! നിങ്ങള്‍ തരുന്നത് ഇവിടത്തെ പിള്ളാര്‍ക്ക് അന്തിക്കള്ളു മോന്താന്‍ തികയുന്നില്ല!’ എന്ന് പണ്ടൊരു കെട്ടിലമ്മ തന്റെ സമ്മന്തക്കാരനോട് പരാതി പറഞ്ഞ പോലെ!)

കുടിക്കുന്നതിന് കീഴ്‌വഴക്കബലം ഏറെ പറയാറുണ്ട്. ചങ്ങമ്പുഴ മുതല്‍ കേരളത്തില്‍ കവിത ഒഴുക്കിയ എല്ലാ പുഴകളും എന്തിന്, മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന രാമാനുജനെഴുത്തച്ഛന്‍ പോലും മൂക്കറ്റം ‘വലിച്ചുകയറ്റി’യാണ് ‘പരാപരാപരാ’ പാടി തേരാപ്പാരാ നടന്നത്.

‘താങ്കള്‍ മഹാഭാരതം വായിച്ചിട്ടില്ലേ?’ എന്നാണ് ഈയിടെ ഒരു സുഹൃത്ത് ചോദിച്ചത്. വേദവ്യാസനും ഒരു ഷാപ്പുവാസിയായിരുന്നതിന് തെളിവ് ഹാജരാക്കാനാവുമെന്ന് ഞാന്‍ സംശയിച്ചു. ആയിരുന്നില്ല, സാക്ഷാല്‍ ശ്രീകൃഷ്ണന്‍ മദ്യപാന കുതുകിയായിരുന്നെന്ന് ചൂണ്ടിക്കാണിക്കാനായിരുന്നു. തന്റെ നാട്ടില്‍ നിന്ന് ഇഷ്ടതോഴനായ അര്‍ജ്ജുനനെ കാണാന്‍ എപ്പോള്‍ വന്നാലും ഇരുവരും ആദ്യം പോകുന്നത് ‘ഒന്ന് മിനുങ്ങാന്‍’ ആയിരുന്നുപോലും. ‘സുഗ്രീവന്‍ മദ്യഭൃത്യനായിരുന്നില്ലെ? ഇതിഹാസങ്ങള്‍ പോലും പിറക്കുന്നതിനു മുമ്പെ കള്ള് നാടുവാണിരുന്നു.’

ലഹരിക്കടിമപ്പെട്ട് അല്‍പായുസായില്ലെങ്കില്‍ ചങ്ങമ്പുഴ ഇനിയുമെത്രയൊ മനോഹര രചനകള്‍ നടത്തുമായിരുന്നെന്നൊ, എഴുത്തച്ഛനെതിരെ അദ്ദേഹത്തിന്റെ ശത്രുക്കളായ ചാതുര്‍വര്‍ണ്യപ്രഭുക്കള്‍ പറഞ്ഞുണ്ടാക്കിയ കള്ളക്കഥയാണ് അദ്ദേഹത്തിന്റെ മദ്യസേവാപുരാവൃത്തം എന്നോ, രാമായണഭാരതാദികള്‍ വെറും കഥകളാണെന്നോ അറിയാവുന്നവര്‍ പോലും നില്‍ക്കക്കള്ളിക്ക് ഈ നീതിപൈതൃകങ്ങള്‍ ഉരുവിടുന്നു.
മദ്യത്തിന്‍മേല്‍ നൂറുകണക്കിന് ശതമാനം നികുതി ചുമത്തി സമ്പാദിക്കുന്ന കാശുകൊണ്ടാണ് പ്രബുദ്ധകേരളത്തില്‍ നിത്യനിദാനം പോലും നടക്കുന്നത് എന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല. ഇവിടെ ആരും മദ്യപിക്കാതായാല്‍ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നാലോചിക്കുമ്പോള്‍ ആരായാലും ആശങ്ക തീരാന്‍ രണ്ടു പെഗ്ഗ് കുടിച്ചുപോവും.

പക്ഷെ, അങ്ങനെയൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ നാം വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ മദ്യവിരുദ്ധമായ വൈകാരികത സൃഷ്ടിക്കാന്‍ ഒരു ശ്രമവും ഇല്ല. സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ ഒന്നുംതന്നെ മദേ്യാപയോഗം അംഗത്വാര്‍ഹതക്ക് നിരക്കാത്തതായി പ്രഖ്യാപിക്കുന്നില്ല. നാട്ടുകാരെ കള്ളും കാശുംകൊടുത്ത് യുദ്ധം ചെയ്യാന്‍ അയച്ചിരുന്ന സാമ്രാജ്യത്വഭരണക്കാരുടെ ചുവടുപിടിച്ചുതന്നെയാണ് ഇന്നും നമ്മുടെ പരിപാടികള്‍. വിരമിച്ചവര്‍ക്കുപോലും ‘റേഷന്‍’ മുടക്കുന്നില്ല. പെന്‍ഷന്‍ വാങ്ങിയിരുന്ന ഗൃഹനാഥന്‍ മരിച്ചാല്‍ ഭാര്യക്കും കിട്ടും മദ്യരൂപത്തിലും ‘ഫാമിലി’ പെന്‍ഷന്‍ വിഹിതം.
തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കക്ഷികള്‍ ആദ്യമേ ഏര്‍പ്പാടാക്കുന്നത് ‘ദാഹശമിനി’യാണ്. രാത്രി മഞ്ഞുകൊണ്ട് ചുവരെഴുതാനും ഉച്ചവെയിലില്‍ തിളച്ച് മുദ്രാവാക്യം വിളിക്കാനും ‘ലവന്‍’ അകത്തില്ലാതെയെങ്ങനെ?

കല്യാണത്തലേന്നാള്‍ വരന്റെ വീട്ടിലെ പാര്‍ട്ടിക്ക് ജാതിമതഭേദം ഏറെയൊന്നും ബാധകമാകാതെ പ്രചാരം കൂടിവരികയാണല്ലൊ. സിനിമാലോകത്ത് പണ്ടേയുള്ള രീതി പടം വിജയിച്ചാല്‍ ‘സന്തോഷക്കുടി’യും പടം പൊട്ടിയാല്‍ ‘സങ്കടക്കുടി’യുമാണ്.
വര്‍ധിച്ചുവരുന്ന ഹൃദയ-ആമാശയ-കരള്‍ രോഗങ്ങള്‍ മദ്യപാനത്തോതിന്റെ അളവുപിടിച്ചുതന്നെ ഉയരുന്നു. കുറ്റകൃത്യങ്ങളും റോഡപകടങ്ങളും ഇതേ വളര്‍ച്ചാനിരക്കുതന്നെ കാണിക്കുന്നു.

‘ഗട്ടം ഗട്ട’മായി മദ്യനിരോധനം നടപ്പിലാക്കി നാം കാലുറക്കാത്ത സ്ഥിതിയിലായിപ്പോയി. ഉപഭോഗ സംസ്‌കാരത്തിന്റെ വായിലകപ്പെട്ട് സമൂഹം ശിഥിലമാകുമ്പോള്‍ ഒറ്റപ്പെടുന്ന വ്യക്തിക്ക് ‘സന്തോഷിക്കാന്‍’ മറ്റു വഴികള്‍ ഒന്നുമേ ഇല്ലാതാകുന്നില്ലെ? കളിയും ചിരിയും കൂട്ടായ്മകളും പോയപ്പോള്‍ ‘മദ്യവിമുക്ത കേരളം – അതാണ് നമ്മുടെ ലക്ഷ്യം’ എന്ന് മുദ്രാവാക്യം വിളിക്കാനും വേണ്ടിവരില്ലെ ഒരു ക്വാര്‍ട്ടറെങ്കിലും.’