Monday
22 Apr 2019

അഴിമതി അധ്യായങ്ങളുടെ പരമ്പരകള്‍

By: Web Desk | Thursday 8 November 2018 10:17 PM IST


16 -ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുമ്പോള്‍ നരേന്ദ്രമോഡിയും കൂട്ടരും പറഞ്ഞത് രണ്ടാം യുപിഎ ഭരണകൂടം നടത്തുന്ന അഴിമതിയാകെ തങ്ങള്‍ തുടച്ചുനീക്കുമെന്നായിരുന്നു. 2 ജി സ്‌പെക്ട്രത്തിലെ കൊടിയ കുംഭകോണവും കല്‍ക്കരിഖനി കുംഭകോണവും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയും നരേന്ദ്രമോഡിയും വോട്ട് അഭ്യര്‍ഥിച്ചത്. അഴിമതി തുടച്ചു നീക്കാന്‍ ഞങ്ങളെ അധികാരത്തിലെത്തിക്കൂ എന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ഥിച്ചവര്‍ അഴിമതി തുടച്ചു നക്കുന്നതിനാണ് സമീപകാലത്ത് നാം സാക്ഷിയാകേണ്ടിവരുന്നത്.

റഫാല്‍ അഴിമതിയാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന കുംഭകോണ അധ്യായം. 126 വിമാനങ്ങള്‍ക്കാണ് 58,000 കോടി രൂപയുടെ കരാര്‍ ഫ്രാന്‍സുമായി ഉറപ്പിച്ചിരുന്നത്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിനുശേഷം 126 വിമാനങ്ങള്‍ 36 വിമാനങ്ങളായി ചുരുങ്ങിയപ്പോഴും 126 വിമാനങ്ങളുടേതിനെക്കാള്‍ തുക വര്‍ധിച്ചു. 526 കോടി രൂപയാണ് ഒരു വിമാനത്തിന് ചെലവുവരുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സോ ലാന്‍ഡ് വെളിപ്പെടുത്തിയത് നരേന്ദ്രമോഡി കരാര്‍ പുതുക്കിയെഴുതിയതിലൂടെ കൊള്ളനടത്തിയെന്നാണ്.

നരേന്ദ്രമോഡി കരാര്‍ പുതുക്കുന്നതിന് രണ്ട് ദിവസം മുമ്പ് രൂപീകരിക്കപ്പെട്ട അനില്‍ അംബാനിയുടെ കമ്പനിക്കാണ് വിമാന നിര്‍മാണ ചുമതല ഏല്‍പ്പിച്ചത്. എച്ച്‌ഐഎല്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല നിശ്ചയിച്ചിരുന്നതെങ്കിലും നരേന്ദ്രമോഡി അംബാനിയുടെ കമ്പനിക്ക് നിര്‍മാണ ചുമതല കൈമാറുകയായിരുന്നു.

ഐഡിഎല്‍ ചാനലില്‍ വന്ന വാര്‍ത്തയനുസരിച്ച് നരേന്ദ്രമോഡി ഈ കരാറില്‍ ഒറ്റയാനെപ്പോലെ പെരുമാറിയെന്നാണ് വാര്‍ത്ത പുറത്തുവന്നത്.

522 വിമാനങ്ങള്‍ക്ക് 18,936 കോടി രൂപയാണ് ചെലവ് വരുന്നതെങ്കില്‍ 36 വിമാനങ്ങള്‍ക്ക് 60,120 കോടി രൂപ ചെലവുവരും. ഇതില്‍ നിന്നുതന്നെ കോടാനുകോടി രൂപയുടെ അഴിമതി വ്യക്തമാണ്. അംബാനി കുടുംബത്തിനുവേണ്ടി നരേന്ദ്രമോഡി സര്‍ക്കാര്‍ റഫാല്‍ ഇടപാടില്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 36 വിമാനങ്ങള്‍ക്കായി 16,700 കോടി രൂപയാണ് അംബാനി കുടുംബത്തിനായി നരേന്ദ്രമോഡി സര്‍ക്കാര്‍ കുംഭകോണത്തിലൂടെ സമ്മാനിക്കുന്നത്.

വസുന്ധര രാജ സിന്ധ്യ ഭരണം നയിക്കുന്ന രാജസ്ഥാനില്‍ സ്വന്തം മകനുവേണ്ടി ക്രിക്കറ്റ് കുംഭകോണ വീരനായ ലളിത് മോദിയുമായി ചേര്‍ന്ന് നടത്തിയ അഴിമതിയും നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ലളിത് മോദിയെ പോര്‍ച്ചുഗലിലേക്ക് പറക്കാന്‍ അനുവദിച്ചത് വസുന്ധര രാജ സിന്ധ്യയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രിയതമനുമായിരുന്നു. കോടീശ്വരനായ മദ്യവ്യാപാരി വിജയ്മല്യ രാജ്യം വിട്ട് ലണ്ടനിലേക്ക് പറന്നതും മോഡി സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു. മധ്യപ്രദേശില്‍, ശിവരാജ്‌സിങ് ചൗഹാന്‍ നയിക്കുന്ന ഗവണ്‍മെന്റിന്റെ കാലത്താണ് ലാഭം അഴിമതി അരങ്ങേറിയത്. നിരവധി വിദ്യാര്‍ഥികള്‍ കൊലചെയ്യപ്പെട്ടു. വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരും കൊലകള്‍ക്കിരയായി. അഴിമതിയുടെ നെടുനീളന്‍ പരമ്പരകളാണ് നരേന്ദ്രമോഡി സര്‍ക്കാരിനുകീഴില്‍ അരങ്ങേറുന്നത്. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞവരുടെ ഭരണത്തിന്‍കീഴില്‍ അഴിമതി അനവരതം നടമാടുന്നതാണ് നാം കാണേണ്ടിവരുന്നത്. അഴിമതി വിമുക്ത ഭരണമല്ല, അഴിമതിയില്‍ മുങ്ങിത്താണ ഭരണത്തെയാണ് ഭാരതീയ ജനത ഇന്ന് അഭിമുഖീകരിക്കുന്നത്.

നോട്ടുനിരോധനത്തിന് രണ്ടുവര്‍ഷമാകുമ്പോള്‍ അതെക്കാള്‍ വലിയ മണ്ടന്‍ തീരുമാനവുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തിന്റെ മൂന്നിലൊന്ന് വരുന്ന 3.6 ലക്ഷം കോടി രൂപ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ധനകാര്യ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ് എന്നുമാണ് ഈ നീക്കം കാണിക്കുന്നത്. തങ്ങളുടെതന്നെ തലതിരിഞ്ഞ തീരുമാനങ്ങള്‍ കാരണം സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാന്‍ പാകത്തിലുള്ള ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചിലതില്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. അതിനായി വിത്തെടുത്ത് കുത്താനാണ് സര്‍ക്കാര്‍ വിചാരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ കൈയിട്ടുവാരാന്‍ മുതിരുന്നത് അതിനാണ്. എന്നാല്‍ കരുതല്‍ശേഖരം വിട്ടുതരാന്‍ പറ്റില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചുകഴിഞ്ഞു. നേരത്തെ നോട്ടുനിരോധനത്തോട് വിയോജിപ്പുള്ള രഘുറാം രാജനെ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുകച്ചുചാടിച്ചതാണ്. ഇനിയിപ്പോള്‍ തങ്ങളുടെ സമഗ്രാധിപത്യ അജന്‍ഡ ആര്‍ബിഐക്കുമേല്‍ എങ്ങനെ നടപ്പാക്കുമെന്ന് രാജ്യം ആശങ്കപ്പെടുകയാണ്. രഘുറാം രാജന്‍ ചൊവാഴ്ച പറഞ്ഞതിലാണ് കാര്യമിരിക്കുന്നത്. ‘സീറ്റ് ബെല്‍റ്റ് പോലെയാണ് ആര്‍ബിഐ. അതിന്റെ ഡ്രൈവറായ സര്‍ക്കാര്‍’ സീറ്റ്‌ബെല്‍റ്റ് ഇടാതിരിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ബെല്‍റ്റ് ഇടാതിരിക്കുകയും അപകടമുണ്ടാവുകയും ചെയ്താല്‍ ആഘാതം ഗുരുതരമായിരിക്കും’ -ആദ്ദേഹം പറഞ്ഞു. ധനകാര്യ മാനേജ്‌മെന്റിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും മറന്നുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ സീറ്റ് ബെല്‍റ്റുതന്നെ പറിച്ചെറിയുന്ന തരത്തിലുള്ളതാണ്.

ബിജെപിയുടെ കര്‍ണാടകയിലെ മുന്‍ മന്ത്രിയും ഖനി കുംഭകോണത്തിന് കാരാഗ്രഹവാസം അനുഭവിക്കുകയും ചെയ്ത, ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തുള്ള ബല്ലാരിരാജ ജനാര്‍ദ്ദന റെഡ്ഡി 18 കോടി കൈക്കൂലി വാങ്ങിയശേഷം ഒളിവിന്റെ മറവില്‍ കഴിയുകയാണ്. അഴിമതി വിമുക്ത ഭാരതം സൃഷ്ടിക്കുമെന്നു പറഞ്ഞ പാര്‍ട്ടിയുടെ ഗതികേടാണിത്. അതിസമ്പന്നന്മാര്‍ കോടാനുകോടി രൂപ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തതിനുശേഷം രാജ്യംവിട്ടു നടക്കുകയാണ്. ലളിത് മോഡി, വിജയ്മല്യ, നീരവ് മോഡി എന്നിങ്ങനെ പേരുകള്‍ നീളുകയാണ്. ഇവര്‍ക്ക് എല്ലാ സംരക്ഷണവും നരേന്ദ്രമോഡി സര്‍ക്കാര്‍ നല്‍കുമ്പോള്‍ പാവപ്പെട്ട കൃഷിക്കാര്‍, തൊഴിലാളികള്‍, പട്ടിണികിടന്ന് മരിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ശതകോടീശ്വരന്മാര്‍ക്കും സഹസ്രകോടീശ്വരന്മാര്‍ക്കുമൊപ്പമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്ത പ്രഹരം അഴിമതി പരമ്പരകള്‍ക്കും ജനദ്രോഹനയത്തിനും വര്‍ഗീയ ഭ്രാന്തിനുമെതിരായ ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികളുടെ അതിശക്തമായ വിധിയെഴുത്താണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഭാരതീയ മതനിരപേക്ഷത ജനത നരേന്ദ്രമോഡി സര്‍ക്കാരിനെതിരായി വിധിയെഴുതുമെന്നതിന്റെ പാഠകമാണ് കര്‍ണടകയില്‍ കണ്ടത്.