തിരുവനന്തപുരം/കൊല്ലം/ കൊച്ചി/ കോഴിക്കോട്:

December 28, 2020, 10:58 pm

നഗര ഭരണസമിതികള്‍; അധികാരത്തിൽ

Janayugom Online

സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരത്തിലേറി. 86 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 43 മുനിസിപ്പാലിറ്റികളിലും അഞ്ച്‌ കോർപ്പറേഷനുകളിലും‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎഫ്‌ 41 മുനിസിപ്പാലിറ്റിയിലും ഒരു കോർപ്പറേഷനിലും അധ്യക്ഷസ്ഥാനം നേടി. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ബിജെപിയും അധ്യക്ഷസ്ഥാനത്തെത്തി.

രാവിലെ 11ന് അധ്യക്ഷന്മാരുടെയും ഉച്ചതിരിഞ്ഞ് രണ്ടിന് ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പാണ് നടന്നത്. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30 ന് നടക്കും. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. സിപിഐയിലെ പി കെ രാജു ഡെപ്യൂട്ടി മേയറായി. 100 അംഗ കോർപ്പറേഷനിൽ 54 അംഗങ്ങളുടെ പിന്തുണയാണ് ആര്യ രാജേന്ദ്രന് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. പി കെ രാജുവിന് 55 അംഗങ്ങളുടെ പിന്തുണയും ലഭിച്ചു.

കൊല്ലം മേയറായി സിപിഐ(എം)ലെ പ്രസന്ന ഏണസ്റ്റിനെയും ഡെപ്യൂട്ടി മേയറായി സിപിഐയിലെ കൊല്ലം മധുവിനെയും തെരഞ്ഞെടുത്തു. 55 അംഗ കൗണ്‍സിലിലെ 39 എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. മേയര്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന്റെ ഒരു വോട്ടും ഉച്ചയ്ക്ക് ശേഷം നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ടും അസാധുവായി. ഏക എസ്‌‍‍ഡിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്ത കൊച്ചി കോര്‍പ്പറേഷനില്‍ മേയറായി സിപിഐ(എം)ലെ അഡ്വ. അനില്‍കുമാറും ഡെപ്യൂട്ടി മേയറായി സിപിഐയിലെ കെ എം അന്‍സിയയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 36 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

തൃശൂർ കോര്‍പ്പറേഷനിൽ സ്വതന്ത്രനായി വിജയിച്ച എം കെ വർഗീസ് എൽഡിഎഫ് പ്രതിനിധിയായി മേയര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ രാജശ്രീ ഗോപനാണ് ഡെപ്യൂട്ടി മേയർ. വർഗീസിന് 25 വോട്ടും യു‍ഡിഎഫ് സ്ഥാനാർത്ഥി എൻ എ ഗോപകുമാറിന് 23 വോട്ടും എൻഡിഎ സ്ഥാനാർത്ഥി വിനോദിന് ആറ് വോട്ടും ലഭിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി സിപിഐ(എം)ലെ ഡോ. ബീന ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദും വിജയിച്ചു. യുഡിഎഫിന് ഭരണം ലഭിച്ച ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ മേയറായി അഡ്വ. ടി ഒ മോഹനനും ഡെപ്യൂട്ടി മേയറായി കെ ഷെബീനയും തെരഞ്ഞെടുക്കപ്പെട്ടു.