18 April 2024, Thursday

Related news

June 13, 2023
May 25, 2023
May 11, 2023
March 25, 2023
July 16, 2022
June 7, 2022
April 23, 2022

പാപ്പരത്ത ഭീഷണിയില്‍ ലോകരാജ്യങ്ങള്‍

Janayugom Webdesk
July 16, 2022 10:12 pm

ശ്രീലങ്കയ്ക്ക് പിന്നാലെ പാപ്പരത്തത്തിന്റെ വ­ക്കിലായി 12ലധികം രാജ്യങ്ങ­ള്‍. കോവിഡ് വ്യാപനമാണ് പ­ല­ രാജ്യങ്ങളിലേയും സാമ്പത്തി­ക പ്രതിസന്ധിയുടെ ആ­രംഭം. ആഭ്യന്തര കറൻസികളുടെ മൂല്യത്തകർച്ചയും വിദേശനാണ്യത്തിന്റെ ദൗർലഭ്യവും വികസ്വര രാജ്യങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.
പാകിസ്ഥാന്‍, ലെബനന്‍, റഷ്യ, സുരിനാം, സാംബിയ, ടുണീഷ്യ, ഉക്രെയ്ൻ, ഘാന, എത്യോപ്യ, ഇക്വഡോർ, അർജന്റീന, ബെലാറുസ്, ഈജിപ്ത്, കെനിയ, എൽ സാൽവഡോർ, നൈജീരിയ എന്നീ രാജ്യങ്ങള്‍ ഇതിനകം തന്നെ വിദേശകട തിരിച്ചടവ് മുടക്കിയിട്ടുണ്ട്. ഉക്രെയ്‍നിലെ സെെനിക നടപടിക്ക് പിന്നാലെ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ സാമ്പത്തിക, വ്യാപര ഉപരോധങ്ങളാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. ഉപരോധങ്ങള്‍ക്കിടയിലും ഇന്ധന വില്പന ഉയരുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷമായ വശം റഷ്യയെ ഇനിയും ബാധിച്ചിട്ടില്ല. 

റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരേ­ാധം സഖ്യകക്ഷിയായ ബെ­ലാറൂസിനേയും ബാധിച്ചു. സെെ­നിക നടപടിക്ക് ശേഷം ഉക്രെയ്‍ന്‍ 20 ബില്യണ്‍ ഡോളറിന്റെ അധിക കടം പുനഃക്രമീകരിക്കേണ്ടിവരുമെന്നാണ് നിക്ഷേപ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ അവസ്ഥ മറിച്ചാണ്. ശ്രീലങ്കയ്ക്ക് സമാനമായ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് പാ­കിസ്ഥാന്‍ നേരിടേണ്ടി വരികയെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം 9.3 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്. അവശ്യവസ്തുക്കളുടെ ഇറക്കുമതിയും ഇതുമൂലം പ്രതിസന്ധിയിലായി. പാകിസ്ഥാൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി. 

സാമ്പത്തിക രംഗത്ത് നിരവധി വെല്ലുവിളികളാണ് പുതുതായി അധികാരമേറ്റ ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ നേരിടുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ അന്താരാഷ്ട്ര നാണയനിധി 1.17 ബില്യണ്‍ ഡോളറിന്റെ വായ്പയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ വായ്പാ ധനസഹായം തേ­ടിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ട്യുണീഷ്യ. ബജറ്റ് കമ്മി 10 ശതമാനമായതിനാലും പൊതുമേഖലാ ശമ്പളപ്പട്ടികയില്‍ മുന്നിലുള്ള രാജ്യമായതിനാലും അ­ന്താരാഷ്ട്ര നാണയനിധിയില്‍ നിന്നുള്ള വായ്പ ലഭിക്കുന്നത് ട്യുണീഷ്യക്ക് പ്രയാസമായിരിക്കും. രാജ്യത്തെ തൊഴിലാളി യൂണിയനുകൾക്ക് മേൽ തന്റെ അധികാരം ഉറപ്പിക്കാൻ പ്രസിഡന്റ് ക്വയിസ് സയീദ് ശ്രമിക്കുന്നതും ട്യുണീഷ്യയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. 

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയുടെ കടം ജിഡിപി അനുപാതം 85 ശതമാനമായാണ് ഉയർന്നത്. കറൻസിയായ സെ­ഡിക്ക് ഈ വർഷം അതിന്റെ മൂല്യത്തിന്റെ നാലിലൊന്ന് നഷ്‌ടപ്പെട്ടു. കൂടാതെ നികുതി വരുമാനത്തിന്റെ പകുതിയിലധികം തിരിച്ചടവുകള്‍ക്കായും സര്‍ക്കാര്‍ ചെലവഴിച്ചു. 30 ശതമാനമാണ് രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക്. 95 ശതമാനമാണ് ഈജിപ്തിന്റെ കടം-ജിഡിപി അനുപാതം. നിലവില്‍ 45 ബില്യണ്‍ ഡോളറായ രാജ്യത്തിന്റെ പൊതുകടം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, 2024ൽ നൽകേണ്ട 3.3 ബില്യൺ ഡോളർ ബോണ്ട് ഉൾപ്പെടെ, 100 ബില്യൺ ഡോളറായി വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

കരുതല്‍ ശേഖരം കൂത്തനെ ഇടിഞ്ഞ അര്‍ജന്റീനയുടെ വിദേശകടം 150 ബില്യണ്‍ ഡോള­റിലെത്തി നില്‍ക്കുകയാണ്. വരുമാനത്തിന്റെ ഏകദേശം 30 ശതമാനം തിരിച്ചടവുകള്‍ക്കായി ചെലവഴിക്കുന്ന കെ­നി­യയുടെ ബോണ്ടുകൾക്ക് അവയുടെ പകുതിയോളം മൂല്യം നഷ്ടപ്പെട്ടു. ആഭ്യന്തര യുദ്ധമാണ് എ­ത്യേപ്യന്‍ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി. കാര്യക്ഷമമായ പദ്ധതികളിലൂടെ പ്രതിസന്ധി പിടിച്ചുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചില്ലെങ്കില്‍ പല രാജ്യങ്ങളും, ശ്രീലങ്ക സാക്ഷ്യം വഹിച്ചതിനു സമാനമായ ജനകീയ പ്രക്ഷേ­ാഭം നേരിടേണ്ടി വരുമെന്ന് വിദ‍ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള രാഷ്ട്രീയ അ­സ്ഥിരതകളുടെ സൂചന പല രാജ്യങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്.

Eng­lish Summary:Countries of the world under threat of bankruptcy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.