പ്രത്യേക ലേഖകൻ

ന്യൂഡൽഹി:

August 01, 2020, 9:53 pm

വരുമാനത്തിലും വാങ്ങൽശേഷിയിലും കുറവ്, രാജ്യം പട്ടിണിയിലേക്ക്

Janayugom Online

പ്രത്യേക ലേഖകൻ

രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും വാങ്ങൽ ശേഷിയും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമായിട്ടുണ്ട്. കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തെ തകർത്തുവെങ്കിലും ലോക്ഡൗണിന് മുമ്പ് തന്നെ ജനങ്ങളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തി 2014 ന് ശേഷം പ്രതിശീർഷ ഭക്ഷ്യ ഉപഭോഗത്തിൽ തുടർച്ചയായ എല്ലാ വർഷങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ( നാസോ) കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി.

ഗ്രാമീണ മേഖലയിലെ പ്രതിശീർഷ ഉപഭോഗത്തിലും ഒമ്പത് മുതൽ 11 ശതമാനം വരെ കുറവുണ്ടായി. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഉപഭോഗത്തിലുള്ള കുറവ് കൊറോണ വ്യാപനത്തിന് മുമ്പുതന്നെ രാജ്യത്തെ ബാധിച്ചു. ജനങ്ങളുടെ ഉപഭോഗം കുറഞ്ഞതോടെ ഭക്ഷ്യ വസ്തുക്കൾ കൂടുതലായി സംഭരിക്കേണ്ട അവസ്ഥയും സർക്കാരിനുണ്ടായി. 1991ലെ കണക്കുകൾ പ്രകാരം 12.7 ശതമാനം ഭക്ഷ്യധാന്യങ്ങളാണ് സർക്കാർ സംഭരിച്ചതെങ്കിൽ 2017ൽ ഇത് 29.6 ശതമാനമായി ഉയർന്നു. സ്വകാര്യ വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വിൽപ്പന ഇടിഞ്ഞതാണ് കൂടുതൽ സംഭരിക്കേണ്ട സ്ഥിതിവിശേഷം സർക്കാരിനുണ്ടായതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. 1991ൽ ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീർഷ ഉപഭോഗം 510 ഗ്രാം ആയിരുന്നത് 2018 ആയപ്പോൾ 494 ഗ്രാമായി കുറഞ്ഞു. വരുമാനത്തിലെ രൂക്ഷമായ അസമത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇതിന്റെ ഭാഗമായി ജനങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പോഷകാഹരത്തിലുണ്ടാകുന്ന കുറവ് മറ്റെല്ലാ മേഖലകളിലും പ്രകടമാണ്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രതിദിനം 2200 കലോറി ഊർജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ പോലും ലഭിക്കുന്നില്ല. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 68 ശതമാനമായി വർധിച്ചു. നഗരപ്രദേശങ്ങളിൽ 2,100 കലോറി ഊർജ്ജം ലഭിക്കുന്നതിനുള്ള ആഹാരം കഴിയാക്കാൻ നിവൃത്തിയില്ലാത്ത ജനങ്ങളുടെ എണ്ണം 65 ശതമാനമായും വർധിച്ചിട്ടുണ്ട്.

എഫ്‌സിഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടക്കുന്നു

സർക്കാർ സംഭരിച്ച് റേഷൻ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വിൽപ്പനയും ഗണ്യമായി കുറഞ്ഞു. സാധാരണ ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ റേഷൻ കടയിൽ നിന്നും വാങ്ങാൻ പോലുമുള്ള പണമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2017 ൽ 55.7 മില്യൺ ടൺ ഭക്ഷ്യധാന്യങ്ങളാണ് എഫ്‌സിഐ ഗോഡൗണുകളിൽ ഉണ്ടായിരുന്നതെങ്കിൽ 2020ൽ ഇത് 83.5 മില്യൺ ടണ്ണായി ഉയർന്നു. ഉൽപ്പാദനത്തിലെ വർധനയെക്കാൾ ഗണ്യമായ വർധനയാണ് സ്റ്റോക്കിലുള്ളത്. 1970 ന് ശേഷം ഇത്തരത്തിലുള്ള പ്രതിഭാസം രാജ്യത്ത് ഉണ്ടായിട്ടില്ല. ഒരിക്കൽ പോലും ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് 15 ശതമാനത്തെ അധികരിച്ചിട്ടില്ല. ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീർഷ ഉപഭോഗം ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാല് ഇത് അംഗീകരിക്കാൻ മോഡി സർക്കാർ തയ്യാറായിട്ടില്ല.

ENGLISH SUMMARY: INDIA GOES TO POVERTY

YOU MAY ALSO LIKE THIS VIDEO