23 July 2024, Tuesday
KSFE Galaxy Chits Banner 2

Related news

April 9, 2024
February 20, 2024
February 18, 2024
February 16, 2024
February 16, 2024
December 3, 2023
July 3, 2023
March 26, 2023
August 28, 2022
July 10, 2022

ബിജെപി ഭരണത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ രാജ്യം നാണംകെട്ടു: കെ പ്രകാശ് ബാബു

Janayugom Webdesk
July 9, 2022 8:07 pm

ബിജെപിയുടെ ഭരണത്തിൻകീഴിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ രാജ്യം അന്താരാഷ്ട്രവേദിയിൽ നാണം കെട്ടതായി സിപിഐ സംസ്ഥാന അസ്സി സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. സിപിഐ കോഴഞ്ചേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രവർത്തകർക്കും മനുഷ്യാവകാശ സംഘടനകൾക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മനുഷ്യാവകാശ സ്ഥാപനങ്ങളുടെ ഓഫീസുകൾ തുടർച്ചയായി റെയ്‍ഡ് ചെയ്യുകയും മനുഷ്യാവകാശ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്യുന്നു. ആംനസ്റ്റി ഇന്റർനാഷണൽ എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന രാജ്യത്തെ പ്രവർത്തനം അവസാനിപ്പിച്ചു. 180ൽ അധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനക്കാണ് കേന്ദ്രസർക്കാരിന്റെ നിരന്തര പീഡനം കാരണം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത്. കേന്ദ്ര ഏജൻസികളുടെ തുടർച്ചയായുള്ള ഓഫീസ് റെയിഡിലും 61 കോടി പിഴ ചുമത്തിയതിലും പ്രതിഷേധിച്ചാണ് സംഘടന പ്രവർത്തനം നിർത്തിയത്. മറ്റൊരു മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെൽവാദ് ഇപ്പോൾ ജയിലിൽ ആണ്. ആയിരത്തിലധികം ആളുകൾ മരിക്കുകയും രണ്ട് ലക്ഷത്തിലധികം ആളുകൾ നാടുവിടുകയും ചെയ്ത ഗുജറാത്ത് കലാപകാലത്തെ ഇരകൾക്ക് നിയമസഹായം ചെയ്തതിന്റെ പേരിലാണ് അവർക്കെതിരെ കേസ്സെടുത്ത് ജയിലിൽ അടച്ചത്. കേന്ദ്രഭരണകൂടം തന്നെ മനുഷ്യാവകാശ ലംഘനങ്ങൾ തുടർച്ചയായി നടത്തുന്നതിനിടയിലാണ് മനുഷ്യാവകാശ പ്രവർത്തകരെ പിടിച്ച് ജയിലിൽ അടക്കുന്നതും. 

ബിജെപി വക്താവ് നൂപൂർ ശർമ്മ നടത്തിയ പ്രവാചകനിന്ദ പരാമർശത്തിൽ രാജ്യം അറബ് രാജ്യങ്ങളുടെ ഇടയിൽ ഒറ്റപ്പെട്ടു. തുടർന്ന് ഉദയപൂരിൽ മുസ്ലീം തീവ്രവാദിയുടെ ആക്രമണത്തിൽ വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിൽ രാജ്യത്തോട് നൂപൂർ ശർമ്മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല. പ്രവാചക നിന്ദ നടത്തിയ നൂപൂർ ശർമ്മക്കെതിരെ ഒരുവാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. മനുഷ്യരുടെ മൗലികാവകാശങ്ങളെ പൊലീസിനെ ഉപയോഗിച്ച് ധ്വംസിക്കുകയാണ്. പ്രയാഗിൽ ഒരു സാമൂഹിക പ്രവർത്തകന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഭരണകൂടം നേരിട്ട് എതിരഭിപ്രായമുള്ളവർക്കെതിരെ തിരിയുകയാണ്. മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇപ്പോഴും ജലിയിൽ ആണ്. ചാതുർവർണ്യം അടിസ്ഥാന ശിലയായി കാണുന്ന ബിജെപി പട്ടികവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും മുൻനിർത്തി അവരെ തന്നെ വേട്ടയാടുകയാണ്.
എപിജെ അബ്ദുൾകലാമിനെ പ്രസിഡന്റാക്കിയ ബിജെപി തന്നെയാണ് ഗുജറാത്ത് വർഗ്ഗീയ കലാപം സൃഷ്ടിച്ചത്. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയപ്പോഴും രാജ്യത്തെ പട്ടികജാതി വിഭാഗക്കാർക്കെതിരെയുള്ള അതിക്രമത്തിന് കുറവുണ്ടായില്ല. രാജ്യസഭയിൽകൂടി മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. ലോക് സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാമെങ്കിൽ ഭരണഘടന തിരുത്തി ബഹുസ്വരതയും മതേതരത്വവും ഫെഡറൽ സംവിധാനവും തകർത്ത് ഹിന്ദുരാഷ്ട്ര നിർമ്മാണം വേഗത്തിലാക്കാം. അതിനായി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുകയാണ്. മഹാരാഷ്ട്രയിൽ അതാണ് കണ്ടത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭരണകക്ഷി അംഗങ്ങളെ എതിർചേരിയിലാക്കി ഭരണം അട്ടിമറിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങളിലും പയറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മഴുവൻ ജനാധിപത്യ — മതേതര ശക്തികളുടെയും യോജിപ്പ് ഉണ്ടായെങ്കിൽ മാത്രമെ ബിജെപിയെ ചെറുക്കാൻ കഴിയുകയുള്ളു. കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുന്നവർ ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. പ്രശ്നകാരികളാകരുത്. ഇത് ഗവൺമെന്റിനെ ദുർബ്ബലപ്പെടുത്തും. 

ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള വികസനമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും കെ പ്രകാശ് ബാബു പറഞ്ഞു. രാജു കടക്കരപ്പള്ളി, വത്സമ്മ മാത്യു, സതീഷ് ചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ കെ രാജു രക്തസാക്ഷി പ്രമേയവും മാത്യു പീറ്റർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ വി സി അനിൽകുമാർ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി അഡ്വ ആർ ശരത്ചന്ദ്രകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ ജില്ലാ എക്സി അംഗം ജിജി ജോർജ്ജ്, പി ടി രാജപ്പൻ, എസ് അഖിൽ, എൻ ഐ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം പി ടി തങ്കൻ പതാക ഉയർത്തി. ഇന്ന് റിപ്പോർട്ടിന്മേലുള്ളള ചർച്ച, മറുപടി, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. 

Eng­lish Sum­ma­ry: Coun­try is ashamed of human rights vio­la­tions under BJP rule: K Prakash Babu

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.