June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

മധ്യവയസ്കനെ കൊന്ന് ചതുപ്പിൽ തള്ളി: ദമ്പതികൾ അറസ്റ്റിൽ

By Janayugom Webdesk
February 2, 2020

മൂലമറ്റത്ത് മധ്യവയസ്കനെ കൊന്ന് ചതുപ്പിൽ തള്ളി. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് താമസിക്കുന്ന അറക്കപടിക്കൽ ശശിധരനെയാണ് (42) വീടിന് സമീപമുള്ള ചതുപ്പിൽ മരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ദമ്പതികൾ അറസ്റ്റിലായി. ശശിധരന്റെ അടുത്ത സുഹൃത്തായ മേമുട്ടം അനി നിവാസിൽ അനിലി (36)നെയും ഭാര്യയേയുമാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയുമായി അകന്ന് കഴിയുന്ന ശശിധരൻ കൂലി പണികൾക്കായി പലയിടത്തും പോകാറുണ്ട്. ഇയാളുടെ മക്കൾ പഠനാവശ്യത്തിനായി ഹോസ്റ്റലിലാണ്. കഴിഞ്ഞ 15ാം തീയതി മുതൽ ശശിധരനെ കാണാനില്ലായിരുന്നു. ഇയാൾ പണിക്കായി പോയിരിക്കുകയാണെന്ന ധാരണയിൽ കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. മകൾ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. ഇതോടെയാണ് വീട്ടുകാർ കാഞ്ഞാർ പൊലീസിൽ പരാതി നൽകിയത്.

പൊലീസ് നടത്തിയ വിശദ അന്വേഷണത്തെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് അനിലിനെയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ പ്രതിയുമായി മേമുട്ടത്ത് എത്തി മൃതദേഹം ചതുപ്പിൽ നിന്ന് പുറത്തെടുത്തു. സയന്റഫിക് വിദഗ്ദരുടെയും പൊലീസ് സർജന്റെയും നേതൃത്വത്തിൽ മൃതദേഹം കിടന്ന സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ട് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: മകരവിളക്ക് ദിനത്തിൽ അനിലും കൊല്ലപ്പെട്ട ശശീന്ദ്രനും കൂടി അയൽവാസിയായ തങ്കച്ചൻ എന്നയാളുടെ കാപ്പിക്കുരു വിൽക്കുന്നതിനായി മൂലമറ്റത്തിനു പോയി തിരികെ വന്ന് ഇവർ അനിലിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ അനിൽ തടി കഷ്ണം ഉപയോഗിച്ച് ശശീന്ദ്രന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിലുള്ള വനപ്രദേശമായ സ്ഥലത്തുള്ള വെള്ളക്കെട്ടുള്ള ചതുപ്പിൽ കൊണ്ടുപോയി മൃതദേഹം തള്ളുകയായിരുന്നു.

മൃതദേഹം കമഴ്ന്ന കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ശശീന്ദ്രന്റെ അനിയൻ ബിജുവിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് തലയ്ക്കടിക്കാൻ ഉപയോഗിച്ച തടി കഷ്ണം കണ്ടെത്തുകയും ചെയ്തു. കൂടാതെ നാടൻ തോക്കും നിറയും അന്വേഷണത്തിൽ കണ്ടെത്തി. പ്രതി എറിഞ്ഞു കളഞ്ഞ ശശീന്ദ്രന്റെ മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി.

സയന്റിഫിക് എക്സ്പേർട്ട് ലിജിത്ത്, പൊലീസ് സർജൻ സുബി രാജ് എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ്, എസ് ഐമാരായ കെ സിനോദ്, സജി പി ജോൺ, എ എസ് ഐ പി എച്ച് ഉബൈസ്, സാം കുട്ടി, സിപിഒ കെ എസ് ബിജു, ജോയി തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിന് നേതൃത്വം നൽകി. കുറ്റം മറച്ചു വച്ചതിനു ഭാര്യയെ രണ്ടാം പ്രതിയാക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. അമ്പിളിയാണ് ശശീന്ദ്രന്റെ ഭാര്യ. മക്കൾ: വിസ്മയ, വൈഷ്ണവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.