Web Desk

തൃശ്ശൂര്‍

February 22, 2020, 10:16 am

പുലർച്ച മുതൽ പാതിര വരെ ഓട്ടോയിൽ കറക്കം, തക്കം നോക്കി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് മോഷണം- ‘ഓട്ടോ ദമ്പതികളെ’ കുടുക്കിയത് നിർണായ തെളിവുകൾ

Janayugom Online

സഹായ വാഗ്ദാനം നൽകി ഓട്ടോയിൽ കയറ്റി വയോധികയെ ഭീഷണിപ്പെടുത്തി മാല കവർന്ന ദമ്പതികൾ അറസ്റ്റിൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തൃശൂരിലെ തിരൂരിൽ 70 വയസുള്ള സുശീലയിൽ നിന്ന് മുന്നര പവൻ വരുന്ന മാല കൈക്കലാക്കിയ ശേഷം തലയ്ക്ക് ചുറ്റികകൊണ്ടടിച്ച് വഴിയരികിൽ ഉപേക്ഷിച്ച് ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവും കടന്നു കളഞ്ഞത്. തലയ്ക്ക് ഒന്‍പത് സ്റ്റിച്ച്‌ ഇടേണ്ടതായി വന്നു. മര്‍ദ്ദിച്ച ശേഷം ഡാമില്‍ തള്ളിയിടാനായിരുന്നു പദ്ധതി. ഇതിനിടെ, നിലവിളിയും പിടിവിലിയും തുടര്‍ന്നു. ആളുകള്‍ വരുന്നുണ്ടെന്ന് സംശയിച്ചതോടെ സുശീലയെ വഴിയരികിലേയ്ക്കു തള്ളിയിട്ട് ഓട്ടോ സംഘം മുങ്ങുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഉടനെ, ആശുപത്രിയിലേയ്ക്കു മാറ്റുകയും ചെയ്തു. സംസ്ഥാനത്ത് കറങ്ങി നടന്ന് ഭീതി പരത്തിയ ദമ്പതികള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. ഇവരെ പിടികൂടിയത് ചാലക്കുടിയില്‍ നിന്നാണ്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ഒരു തെളിവും ഇല്ലാതെ വന്നത് അന്വേഷണ സംഘത്തെ വലച്ചു. ശേഷം ഒന്നൊന്നായി കണ്ടെത്തി ദമ്ബതികളെ പൊലീസ് പിടികൂടി. സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ ആ ഓട്ടോ ദമ്പതികള്‍ക്ക് വിനയായത് ഓട്ടോ തന്നെയായിരുന്നു. ഓട്ടോയില്‍ ഘടിപ്പിച്ച പ്രത്യേക ലൈറ്റും ഫാന്‍സി സ്റ്റിക്കറുകളുമാണ് അന്വേഷണത്തിന് വഴിതിരിവായത്. ആദ്യം വണ്ടിയുടെ നമ്പര്‍ ആണ് തിരഞ്ഞത്. എന്നാല്‍ ആ ശ്രമം പാളി.

പിന്നെ സിസിടിവി കാമറകൾ പരിശോധിക്കാൻ തുടങ്ങി. അത്താണിയിലെ ഒരു സിസിടിവിയില്‍ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടി. അതിലും നമ്പര്‍ വ്യക്തമല്ല. പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങള്‍ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പര്‍ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ ഷാഡോ പൊലീസിനോട് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാന്‍ഡുകളിലും പോകണം. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയയ്ക്കണം. ഓട്ടോ തിരിച്ചറിഞ്ഞാല്‍ കൂറേക്കൂടി അന്വേഷണം പോസ്റ്റീവ് ആകും. എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പൊലീസ് സംഘം പലവഴിയ്ക്കു പോയി. കുറേ ഓട്ടോ സ്റ്റാന്‍ഡുകളില്‍ കയറി. ആളുകള്‍ക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. ചില ഓട്ടോക്കാര്‍ പറഞ്ഞു ‘‘തൊടുപുഴ, മൂവാറ്റുപുഴ മേഖലകളില്‍ കാണുന്ന ഓട്ടോകള്‍ക്കാണു മുകളില്‍ രണ്ടു വലിയ ലൈറ്റുകള്‍ ഇങ്ങനെ സ്ഥാപിക്കാറുള്ളത്. ഓട്ടോയില്‍ പതിച്ച ഫാന്‍സി സ്റ്റിക്കറും ഈ മേഖലയില്‍ കണ്ടിട്ടുണ്ട്’’. ഹൈറേഞ്ച് കേന്ദ്രീകരിച്ചുള്ള ഓട്ടോകളെ കേന്ദ്രീകരിച്ചായി അന്വേഷണം. തൃശൂര്‍ ജില്ലയിലെ നാലായിരം ഓട്ടോകള്‍ പരിശോധിച്ചു. ആകെയുള്ള രണ്ടു ഓട്ടോകള്‍ക്കു മാത്രം ഈ ലൈറ്റുണ്ട്. അവര്‍ നല്ല ഡ്രൈവര്‍മാരായിരുന്നു.

ഷാഡോ പൊലീസ് സംഘം ചാലക്കുടി മേഖലയില്‍ പലവഴിയ്ക്കു പോയി അന്വേഷണം തുടര്‍ന്നു. ഏഴു ദിവസമായി ചാലക്കുടിയില്‍ ചുറ്റിക്കറങ്ങുകയാണ്. അങ്ങനെ ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഈ ഓട്ടോയുടെ ഫൊട്ടോ കാണിച്ചു കൊടുക്കുകയാണ്. ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവര്‍ ഷാഡോ പൊലീസിനോട് ഒരു കാര്യം പറഞ്ഞു. ‘‘ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിയ്ക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ല’’. ഈ വാക്കുകള്‍ കേസിലെ നിര്‍ണ്ണായക വഴിത്തിരിവില്‍ കൊണ്ടെത്തിക്കുകയായിരുന്നു.

പിന്നെ പോലീസിനെ തുണച്ചത് സിസിടിവി ദൃശ്യത്തിലെ ഒരു ചെരുപ്പായിരുന്നു. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. എന്നാല്‍ സിസിടിവിയില്‍ കണ്ട ചെരുപ്പ് ആ വീട്ടില്‍ കണ്ടതോടെ പോലീസ് ഉറപ്പിച്ചു. കേസ് അന്വേഷണം അവസാനിച്ചുവെന്ന്. വയോധികയുടെ തലയ്ക്കടിച്ചത് ഇവരാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ആ രാത്രി മുഴുവന്‍ പോലീസ് സംഘം വീടിന്‍റെ പരിസരത്തു പലയിടത്തായി തമ്ബടിച്ചു. ഇതിനിടെയാണ്, ഓട്ടോയുടെ വരവ്. എന്തോ പന്തികേടു തോന്നിയതിനാല്‍ വീടിന്‍റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച്‌ പോയി. എന്നാല്‍ പോലീസും പിന്നാലെ പാഞ്ഞു. ഇരുവരെയും പോലീസ് കൈയ്യോടെ പൊക്കി.

ഇടുക്കിയില്‍ ആടുകളെ ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയ കേസിലെ പ്രതിയായിരുന്നു സിന്ധുവിന് ഒപ്പമുണ്ടായിരുന്ന ജാഫര്‍. നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച്‌ സിന്ധുവിനൊപ്പം കൂടുകയായിരുന്നു. സിന്ധുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെണ്‍മക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകള്‍ ഭര്‍ത്താവിന്‍റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം. ജാഫറിനെതിരായ കേസുകളില്‍ ഹാജാരാകാനാണ് സ്ഥിരമായി ഓട്ടോയില്‍ ഇടുക്കിയിലേക്ക് പോകുന്നത്. വയോധികയെ തലയ്ക്കിടിച്ച്‌ ഇവര്‍ നേടിയത് മൂന്നര പവന്‍റെ സ്വര്‍ണ്ണാഭരണമാണ്.

Eng­lish Sum­ma­ry: Cou­ple arrest­ed who attacked old lady in thrissur

You may also like this video