പ്രായമായെന്നുവെച്ച് അവര്‍ പേടിച്ചുമാറിയിരുന്നില്ല; കള്ളന്മാരെ ഓടിച്ചുവിട്ട വയോധിക ദമ്പതികള്‍ കയ്യടി നേടുന്നു

Web Desk
Posted on August 13, 2019, 10:58 am

ചെന്നൈ: വീട്ടില്‍ അതിക്രമിച്ച് കയറിയ കള്ളന്മാരെ തുരത്തിയോടിച്ച വയോധിക ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെട്ടുകത്തിയുമായി രാത്രി വീട്ടില്‍ കൊള്ളയടിക്കാന്‍വന്ന രണ്ടുകള്ളന്മാരെയാണ് വയോധിക ദമ്പതികള്‍ ചെരിപ്പും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച് തുരത്തിയോടിച്ചത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിയില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.ദമ്പതിമാര്‍ ചേര്‍ന്ന് കള്ളന്മാരെ തുരത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇതിനകംതന്നെ വൈറലായി.

ഷണ്‍മുഖവേല്‍ എന്ന 70കാരന്റെയും 65കാരിയായ ഭാര്യ സെന്താമരൈയുടെയും ഫാം ഹൗസിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ട് കള്ളന്മാരാണ് ഇവിടെയെത്തിയത്. കള്ളന്മാരില്‍ ഒരാള്‍, വീടിനു പുറത്ത് കസേരയില്‍ വിശ്രമിക്കുകയായിരുന്ന ഷണ്‍മുഖവേലിന്റെ പിന്നിലൂടെയെത്തി കഴുത്തില്‍ ഷാളിട്ടുമുറുക്കി. ഒന്നു പതറിയെങ്കിലും ഷണ്‍മുഖവേല്‍ ചാടിയെണീറ്റ് കള്ളനെ തുരത്തുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

ഷണ്‍മുഖവേലിന്റെ ശബ്ദം കേട്ട് പുറത്തെത്തിയ ഭാര്യ സെന്താമരൈ കവര്‍ച്ചക്കാര്‍ക്കുനരേ നിലത്തുകിടന്ന ചെരിപ്പ് വലിച്ചെറിഞ്ഞു.

തുടര്‍ന്ന് മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകള്‍ കൊണ്ട് ഷണ്‍മുഖവേലും സെന്താമരൈയും കള്ളന്മാരെ ആക്രമിച്ചു. സംഭവത്തില്‍ സെന്താമരൈയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. സെന്താമരൈയുടെ 33 ഗ്രാമിന്റെ സ്വര്‍ണമാല കള്ളന്മാര്‍ പൊട്ടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

https://youtu.be/QzQAMkQNN4g