Web Desk

തിരുവനന്തപുരം:

January 18, 2021, 10:41 pm

ശ്രീനാരായണ ദര്‍ശനങ്ങളില്‍ കോഴ്‌സുകള്‍ ആരംഭിക്കും

Janayugom Online

സംസ്ഥാനത്ത് സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ശ്രീനാരായണ ദര്‍ശനങ്ങളെ അനുബന്ധിച്ചും കോഴ്‌സുകള്‍ ആരംഭിക്കുമെന്നു മന്ത്രി കെ ടി ജലീല്‍. സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് എന്ന സ്ട്രീമില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളായി ശ്രീനാരായണ ദര്‍ശനങ്ങളും ഉണ്ടാകുമെന്ന് ഓപ്പണ്‍ സര്‍വകലാശാല ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. മറ്റു വിഷയങ്ങളില്‍ കേരളത്തോട് കാണിക്കുന്ന കാര്‍ക്കശ്യം കേന്ദ്ര സര്‍ക്കാരും യുജിസിയും ഓപ്പണ്‍ സര്‍വകലാശാലാ വിഷയത്തിലും കാണിച്ചതിനാലാണ് ഇതിനായി വേഗത്തില്‍ നിയമ നിര്‍മ്മാണം വേണ്ടിവന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് യുജിസിയുടെ വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം നഷ്ടമായതോടെ ഓപ്പണ്‍ സര്‍വകലാശാലാ സ്ഥാപിക്കുന്നത് അനിവാര്യമായെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മറ്റ് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസത്തില്‍ സയന്‍സ് വിഷയങ്ങളില്‍ പഠനം സാധ്യമല്ല. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് സയന്‍സിന് കീഴില്‍ ഇതിനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മികച്ച കോളജുകളെ സര്‍വകലാശാലയുടെ സ്റ്റഡി സെന്ററുകളാക്കി ആ കോളജുകളിലെ ലബോറട്ടറി സൗകര്യങ്ങള്‍ ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തും. ആദ്യഘട്ടത്തില്‍ തലശേരി ഗവ. ബ്രണ്ണന്‍ കോളജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളജ്, കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവ സര്‍വകലാശാലയുടെ മേഖല കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: Cours­es will be start­ed on Sree Narayana Darshans
YOU MAY ALSO LIKE THIS VIDEO