June 9, 2023 Friday

Related news

January 28, 2021
November 29, 2020
February 27, 2020
February 27, 2020
February 26, 2020
February 26, 2020
February 26, 2020
February 25, 2020

ഡൽഹി പൊലീസിനെ നിർത്തിപ്പൊരിച്ചു

Janayugom Webdesk
February 26, 2020 2:26 pm

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായുടെ കീഴിലുള്ള ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും. നഗരം കത്തുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്ന ഡൽഹി പൊലീസിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചപ്പോൾ പൊലീസിന്റെ വീഴ്ചയാണ് കലാപം രൂക്ഷമാക്കിയതെന്നും യു കെ പൊലീസിനെ ഡൽഹി പൊലീസ് കണ്ടു പഠിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കലാപത്തിലേക്കു കാര്യങ്ങൾ എത്തിച്ച കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവ്വേശ് വർമ്മ, അഭയ് വർമ്മ എന്നീ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കുന്നതിൽ ബുദ്ധിപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി ഡൽഹി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഡൽഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. ജസ്റ്റിസുമാരായ എസ് മുരളീധർ, തൽവന്ത് സിങ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഷഹീൻബാഗിലെ റോഡ് ഉപരോധിച്ചുള്ള സിഎഎ സമരക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഷഹീൻ ബാഗിലെ സമരക്കാർക്ക് സംരക്ഷണം നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഭീ ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളുമാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസിൽ വാദം കേട്ടത്. അതേസമയം ഡൽഹിയിലെ കലാപം സംബന്ധിച്ച കേസുകൾ ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഷഹീൻബാഗിലെ റോഡുപരോധം ഒഴികെയുള്ള കേസുകൾ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കി ചന്ദ്രശേഖർ ആസാദുൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

പ്രകോപനപരമായ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്ന പൊലീസ് കമ്മിഷണറുടെ നടപടിയിൽ കോടതിക്കുള്ള ശക്തമായ എതിർപ്പ് നേരിട്ടറിയിക്കണമെന്ന് ഡൽഹി പൊലീസിനെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ സ്പെഷ്യൽ സി പി പ്രവീൺ രഞ്ചനോടു ഹൈക്കോടതി നിർദ്ദേശിച്ചു. ഡൽഹി പൊലീസിനെ പ്രതിനിധീകരിച്ച് ഉയർന്ന ഉദ്യോഗസ്ഥർ ആരെങ്കിലും കോടതിയിൽ ഉണ്ടാകണമെന്ന നിർദ്ദേശം കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പേ മുന്നോട്ടു വച്ചിരുന്നു. ലളിത കുമാരി മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മിഷണർ പാലിക്കണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന്റെ പരിണിത ഫലങ്ങൾ ശക്തമായും കർശനമായും വിലയിരുത്തണമെന്നും കോടതി അടിവരയിട്ടു. ആരും നിയമത്തിന് അതീതരല്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

Eng­lish sum­ma­ry: Court crit­i­cizes Del­hi Police

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.