കൂടത്തായി കൊലക്കേസ്: ജോളിയേയും മാത്യുവിനേയും അറസ്റ്റു ചെയ്യാൻ അനുമതി

Web Desk
Posted on October 26, 2019, 7:57 pm

കൊയിലാണ്ടി:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആൽഫൈൻ കേസിലും എം എസ് മാത്യുവിനെ സിലി കേസിലും അറസ്റ്റ് ചെയ്യാൻ കൊയിലാണ്ടി മജിസ്ട്രേറ്റ് കെ വി കൃഷ്ണൻകുട്ടി അനുമതി നൽകി. സിലി കേസിൽ ജോളിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട് അഭിഭാഷകൻ കെ ഹൈദർ നൽകിയ ജാമ്യ ഹർജിയിൽ വിധി പ്രസ്താവിക്കുന്നത് ഒക്ടോബർ 28 ലേക്കു മാറ്റി. പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ശനിയാഴ്ച മൂന്നു മണിയോടെ കൊയിലാണ്ടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ കോടതി ഉത്തരവായി.

ജോളിയെ കോഴിക്കോട് സബ് ജയിലിലേക്കു മാറ്റി. താമരശ്ശേരി മജിസ്ട്രേറ്റ് അവധിയിൽ ആയതിനാലാണ് ജോളിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയത്. ആൽഫൈൻ കേസിൽ കോടതി ഉത്തരവു പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ ജയിലിൽ എത്തി ജോളിയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും. ഈ കേസിൽ അറസ്റ്റിൽ ആവുന്നതോടെ കസ്റ്റഡിയിൽ കിട്ടാനുള്ള ഹർജി പൊലീസ് വീണ്ടും കോടതിയിൽ ഹാജരാക്കും. സിലി വധക്കേസിൽ അറസ്റ്റിലായ ജോളിക്കു വേണ്ടി താമരശ്ശേരി കോടതിയിലെ കെ ഹൈദർ ആണ് ഹാജരായത്. കോടതി നിയമ സഹായം അനുവദിച്ചതിനെ തുടർന്നാണ് ഹൈദർ ഹാജരായത്. കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ഉത്തരവാദിത്വം ജോളിയുടെ മേൽ കെട്ടി വെച്ച് കേസിൽ കുടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് അഭിഭാഷകൻ വാദിച്ചു.

അന്വേഷണത്തിന്റെ പേരിൽ രാപ്പകൽ ഭേദമന്യേ നിരന്തരം യാത്രകൾ നടത്തി ജോളിയെ പീഡിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സ്ത്രീയെന്ന പരിഗണന ജോളിക്ക് നൽകുന്നില്ല. നിരന്തരമായ ചോദ്യം ചെയ്യലിനെ തുടർന്ന് ജോളി അവശയും രോഗിയുമായി മാറിയിരിക്കയാണ്. മറിയം റഷീദയേയും നമ്പി നാരായണനേയും വേട്ടയാടിയ പോലെയാണ് പൊലീസ് നടപടി. സുപ്രീം കോടതി ഇടപെട്ട് നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടി വന്ന സാഹചര്യവും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ജോളിക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചാൽ കൂടത്തായി കൊലപാതക കേസുകൾ എല്ലാം അട്ടിമറിക്കപ്പെടുമെന്നും സാക്ഷികളെ ജോളി സ്വാധീനിക്കുമെന്നും എ പി പി സുജയസുധാകരൻ വാദിച്ചു. ഇതേ തുടർന്ന് ജാമ്യ ഹർജിയിൽ വിധി പറയുന്നത് 28 ലേക്കു മാറ്റി. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി ഐ ബി കെ സിജുവിന്റെ നേതത്വത്തിലാണ് കോടതിയിൽ എത്തിച്ചത്.

ജോളിയെ കൊയിലാണ്ടി കോടതിയിൽ കൊണ്ടുവന്നപ്പോൾ