ഇറക്കുമതിക്ക് വൻതീരുവ ചുമത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി ഫെഡറൽ വ്യാപാര കോടതി ഉത്തരവ് അപ്പീൽ കോടതി മരവിപ്പിച്ചു. അടിയന്തര അധികാര നിയമപ്രകാരം തീരുവ പിരിക്കാൻ ട്രംപിന് അപ്പീൽ കോടതി അനുമതി നൽകിയത്.
തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന ഫെഡറൽ കോടതിയുടെ വിധിയാണ് സ്റ്റേ ചെയ്തത്. കേസ് ജൂൺ ഒമ്പതിന് വീണ്ടും പരിഗണിക്കും. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷക്ക് അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീൽ നൽകിയത്. പിന്നാലെ ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച തീരുവകൾ തുടരും. ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ കോടതി വ്യാഴാഴ്ച ഉത്തരവ്.
പുതിയ തീരുവ ചുമത്തുന്നതിൽനിന്ന് ട്രംപ് ഭരണകൂടത്തെ കോടതി തടഞ്ഞിരുന്നു. നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ഭരണകൂടം കടന്നെന്നും വിമർശനമുണ്ട്. ട്രംപ് അധികാരം മറികടന്നതായുള്ള നിരവധി ഹരജികളിലാണ് മൂന്നംഗ ജഡ്ജി പാനലിന്റെ ഉത്തരവ്. ട്രംപിന്റെ തോന്നിയ രീതിയിലുള്ള നയങ്ങൾ യു.എസ് സമ്പദ്‍വ്യവസ്ഥയെയും ലോകവ്യാപാര ക്രമത്തെയും ഗുരുതരമായി ബാധിച്ചിരുന്നു. ഏഴ് ഹരജികളാണ് തീരുവനയം ചോദ്യം ചെയ്ത് സമർപ്പിച്ചത്.
സാധാരണ ഗതിയിൽ തീരുവ നയത്തിന് കോൺഗ്രസിന്റെ അംഗീകാരം വേണം. എന്നാൽ, രാജ്യത്തിന്റെ വ്യാപാര കമ്മി ദേശീയ അടിയന്തരവസ്ഥക്ക് തുല്യമായതിനാൽ തീരുമാനമെടുക്കാൻ പ്രസിഡന്റ് എന്ന നിലക്ക് തനിക്ക് സാധിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. 1977ലെ ‘ഇന്റർനാഷനൽ ഇക്കോണമിക് പവേഴ്സ് ആക്ട്’ പ്രകാരം തീരുവയിൽ തീരുമാനമെടുക്കാനാകില്ലെന്ന് ഹരജിക്കാർ പറഞ്ഞു. അസാധാരണമായ ഭീഷണിയുടെ സാഹചര്യമെന്ന നിയമത്തിന്റെ പ്രധാന നിബന്ധനക്ക് അനുകൂലമായ സാഹചര്യമില്ലെന്നും ഹരജിയിൽ പറഞ്ഞു.
ഉത്തരവ് പുറപ്പെടുവിച്ച യു.എസ് അന്താരാഷ്ട്ര വ്യാപാര കോടതിക്ക് വ്യാപാരവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിലും അധികാരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.