Web Desk

 ന്യൂഡൽഹി

August 20, 2020, 11:03 pm

കോടതിയലക്ഷ്യം; നിലപാടിലുറച്ച് പ്രശാന്ത് ഭൂഷൺ: ദയ യാചിക്കില്ല

Janayugom Online

കോടതിയലക്ഷ്യക്കേസിൽ നിലപാടിൽ ഉറച്ച് മുതിർന്ന അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. വിധിന്യായത്തിനുള്ള മറുപടി പ്രസ്താവനയിലാണ് മാപ്പുപറയാൻ തയ്യാറല്ലെന്നും സുപ്രീംകോടതിയുടെ ദയയ്ക്കുവേണ്ടി യാചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. തുടർന്ന് പ്രസ്താവന തിരുത്താൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ടു ദിവസത്തെ സാവകാശം നൽകി.

ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ ട്വീറ്റിന്റെ പേരിൽ കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരാഴ്ചയ്ക്കകമാണ് ശിക്ഷാവിധിക്കായി കേസ് പരിഗണിച്ചത്. എന്നാൽ പുനഃപരിശോധനാ ഹർജി നൽകാനുള്ളതിനാൽ വിധി പ്രസ്താവം മാറ്റിവയ്ക്കണമെന്ന് പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയിൽ ഉണ്ടായത്. എല്ലാ വ്യക്തികള്‍ക്കും കോടതിയെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്. എന്നാൽ ലക്ഷ്മണരേഖ ആരും ലംഘിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര വാദത്തിനിടെ പറഞ്ഞു.

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്. തന്റെ ട്വീറ്റുകള്‍ക്ക് മാപ്പ് പറയില്ലെന്ന മുന്‍ നിലപാട് ഭൂഷണ്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ എ ജിയുടെ അഭ്യര്‍ത്ഥന പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രസ്താവനയുടെ ഉള്ളടക്കം അതിനെ കൂടുതല്‍ വഷളാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് 24ലേക്ക് മാറ്റി. മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദാവെ, രാജീവ് ധവാൻ എന്നിവരാണ് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായത്. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കുന്നതിനാൽ കേസിന്റെ വാദം മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. പുനഃപരിശോധനാ ഹർജിയിൽ തീരുമാനമാവുന്നതുവരെ വാദം മാറ്റിവയ്ക്കണമന്ന ആവശ്യവും അനുവദിച്ചില്ല. ശിക്ഷ പ്രഖ്യാപിച്ചാല്‍ പുനഃപരിശോധനാ ഹർജിയോടൊപ്പം പരിശോധിക്കപ്പെടുമെന്ന് കോടതി വിലയിരുത്തി. വിധി ഉണ്ടായി 30 ദിവസത്തിനകമാണ് പുനഃപരിശോധനാ ഹർജി സമർപ്പിക്കേണ്ടത്.

ഏത് ശിക്ഷയും സ്വീകരിക്കും

ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ കോടതിയലക്ഷ്യം നടത്തിയെന്ന കോടതിയുടെ കണ്ടെത്തൽ വേദനയുണ്ടാക്കുന്നു. രാജ്യത്തിന്റെ ഉന്നതമായ സ്ഥാപനത്തെ കൂടുതൽ നന്നാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള ചെറിയ ഉദ്യമമാണ് നടത്തിയത്. അത് ഉത്തരവാദിത്വമാണെന്ന് കരുതുന്നുവെന്ന് പ്രശാന്ത് ഭൂഷൺ കോടതിയിൽ വായിച്ച മറുപടി പ്രസ്താവനയിൽ പറഞ്ഞു. ആ രണ്ടു ട്വീറ്റുകള്‍ തന്റെ അടിയുറച്ച ബോധ്യമാണ്. ഏതു ജനാധിപത്യവും അതു പറയാനുള്ള സ്വാതന്ത്ര്യം അനുവദിക്കേണ്ടതുണ്ട്. ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകള്‍ കൂടിയേ തീരൂ. ഭരണഘടനാക്രമം പരിപാലിക്കാന്‍ അത് ആവശ്യമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല. കോടതി കുറ്റകരമെന്നും താന്‍ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരില്‍ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാന്‍ തയാറാണെന്നുമുള്ള മഹാത്മാ ഗാന്ധിയുടെ വാക്കുകളോടെയാണ് മറുപടി പ്രസ്താവന അവസാനിക്കുന്നത്.