February 2, 2023 Thursday

ബോബി വൈനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് ഉഗാണ്ട സര്‍ക്കാറിന് കോടതിയുടെ ഉത്തരവ്

Janayugom Webdesk
January 25, 2021 7:22 pm

പ്രതിപക്ഷ നേതാവും ഇടതുപക്ഷ നേതാവുമായ ബോബി വൈനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് ഉഗാണ്ട സര്‍ക്കാറിന് കോടതിയുടെ ഉത്തരവ്. വീടിന് ചുറ്റും വിന്യസിച്ച പൊലീസിനെ പിന്‍വലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ജനുവരി 14ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ബോബി വൈനെ പ്രസിഡന്റ് യോവേരി മുസേവേനി വീട്ടുതടങ്കലിലാക്കുകയായിരുന്നു. പ്രസിഡന്റിന്റെ ഈ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് കോടതി രംഗത്തെത്തിയിരിക്കുന്നത്.

‘ബോബി വൈനിന്റെ സ്ഥലത്ത് നിന്നും എല്ലാ ഉദ്യോഗസ്ഥരെയും പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോടും മറ്റ് ഏജന്‍സികളോടും കോടതി ആവശ്യപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അദ്ദേഹത്തിന്റെ അവകാശം പുനസ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.’.ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെതിരെ നേരത്തെ തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് 35 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന യോവേരിയെ തന്നെ വീണ്ടും തെരഞ്ഞെടുത്തതെന്നായിരുന്നു വിമര്‍ശനങ്ങള്‍. 76കാരനായ മുസേവേനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത് മുതല്‍ ബോബി വൈനെതിരെ കര്‍ശന നടപടികളായിരുന്നു നിലവിലെ ഭരണകൂടം സ്വീകരിച്ചത്.ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വൈനിന്റെ വസതിക്ക് മുന്നില്‍ വന്‍ പൊലീസ് സേനയെ വിന്യസിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. തന്നെ തടവിലാക്കിയിരിക്കുകയാണെന്നും ജീവന്‍ അപകടത്തിലാണെന്നും വൈന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പക്ഷെ വൈനിന്റെ സുരക്ഷക്കായി സേനയുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.ബോബി വൈന്‍ ജനങ്ങളുമായി സംസാരിച്ചാല്‍ കലാപത്തിന് സാധ്യതയുണ്ടെന്നും പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് തടവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ബോബി വൈനിന്റെ വീട്ടിലില്ലെന്നും അദ്ദേഹം ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും അപ്പോള്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടിയില്‍ ബോബി വൈനിന്റെ ഡ്രൈവര്‍ ഉഗാണ്ടന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു. വൈനിന്റെ സംഘത്തിലെ ഇരുപതോളം പേരാണ് ഇത്തരത്തില്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റും വെച്ചാണ് അദ്ദേഹം പ്രചാരണം നടത്തിയത്. അദ്ദേഹത്തിന്റെ പോളിംഗ് ഏജന്റുമാരില്‍ മിക്കവാറും പേരും ജയിലിലാണ്.

ഉഗാണ്ടയിലെ തെരഞ്ഞെടുപ്പില്‍ മുഴുനീള അട്ടിമറികളും അക്രമവും നടന്നുവെന്നും എതിര്‍സ്ഥാനാര്‍ത്ഥികളെയും സാമൂഹ്യപ്രവര്‍ത്തകരെയും തടവിലാക്കിയെന്നും തുടക്കം മുതലേ ലോകരാഷ്ട്രങ്ങളടക്കം വിമര്‍ശിച്ചിരുന്നു.വോട്ടെടുപ്പിന് ഒരു ദിവസം മുന്‍പ്, ഉഗാണ്ടയില്‍ അനിശ്ചിത കാലത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു. എല്ലാ സമൂഹമാധ്യമങ്ങളും മെസേജിംഗ് ആപ്പുകളും നിരോധിച്ചിരുന്നു.ബോബി വൈനെ മോചിപ്പിക്കാനുള്ള കോടതി വിധിയോട് പ്രസിഡന്റോ സര്‍ക്കാര്‍ പ്രതിനിധികളോ പൊലീസോ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY: Court orders Ugan­dan gov­ern­ment to release Bob­by Wine from house arrest

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.