18 April 2024, Thursday

പിഎം കെയേഴ്സിനെക്കുറിച്ച് പറയാനൊന്നുമില്ലേയെന്ന് കോടതി; കേന്ദ്രം സമര്‍പ്പിച്ചത് ഒരു പേജ് സത്യവാങ്മൂലം

Janayugom Webdesk
July 12, 2022 9:14 pm

പ്രധാനമന്ത്രിയുടെ പ്രത്യേക കോവിഡ് ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സിനെക്കുറിച്ച് ഒരു പേജില്‍ ഉള്‍ക്കൊള്ളുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചതിന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്രയും പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് വളരെ ചുരുങ്ങിയ വിവരങ്ങള്‍ നല്‍കിയതാണ് ഡല്‍ഹി ഹൈക്കോടതിയെ ചൊടിപ്പിച്ചത്. 

ഭരണഘടനയുടെ 12-ാം അനുച്ഛേദ പ്രകാരം പിഎം കെയേഴ്സിനെ പൊതു സ്വത്തായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പേജിലൊതുങ്ങുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ശ്രീവാസ്തവ തയാറാക്കിയ സത്യവാങ്മൂലം കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

‘ഇതില്‍ കൂടുതല്‍ ഒന്നുമില്ലേ, ഇത്രയും പ്രധാനപ്പെട്ട വിഷയത്തില്‍ ഒരു പേജിലൊതുങ്ങുന്ന മറുപടിയോ’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം എന്നവരുടെ ബെഞ്ചിന്റെ ചോദ്യം. സ്വകാര്യം പറയാനുള്ള വിവരങ്ങള്‍കൂടി ഇതിലില്ലല്ലോ എന്നും ബെഞ്ച് ചോദിച്ചു. ഉചിതമായ മറുപടിയാണ് ആവശ്യം. കാരണം ഈ വിഷയം സുപ്രീം കോടതിയിലേക്കും പോകും. വിഷയം സംബന്ധിച്ച ഓരോ ആരോപണങ്ങളും പഠിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നാലാഴ്ചക്കകം വിശദമായ മറുപടി സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. കേസില്‍ സെപ്റ്റംബര്‍ 16ന് അടുത്ത വാദം കേള്‍ക്കും.

കഴിഞ്ഞ വർഷം ഈ കേസിന് സമർപ്പിച്ച ഒരു ഹ്രസ്വ മറുപടിയിൽ, പിഎം കെയേഴ്സ് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടല്ലെന്നും അതിന്റെ തുക ഏകീകൃത ഫണ്ടിലേക്ക് പോകുന്നില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം ഇത്തരമൊരു ഘടന മികച്ച ഭരണത്തിന് യോജിച്ചതല്ലെന്നും ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഹര്‍ജിക്കാരനായ സമ്യാക് ഗാങ്‌വാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ഉയര്‍ത്തിക്കാട്ടി.

Eng­lish Summary:Court says noth­ing to say about PM Cares
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.