ആൾക്കൂട്ടം കൊന്ന പെഹ് ലു ഖാനെതിരെ ചുമത്തിയിരുന്ന പശുക്കടത്ത് കേസ് തള്ളി

Web Desk
Posted on October 30, 2019, 8:40 pm

ജയ്പുർ: രാജസ്ഥാനിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ് ലുഖാനെതിരെ ചുമത്തിയിരുന്ന പശുക്കടത്ത് കേസ് രാജസ്ഥാൻ ഹൈക്കോടതി തള്ളി. പശുക്കടത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയുടെ നടപടി. കൊല്ലപ്പെട്ട പെഹ് ലു ഖാൻ, അദ്ദേഹത്തിന്റെ ആൺമക്കൾ, വാഹനത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരെയാണ് പശുക്കടത്തലിന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
2017 ഏപ്രിലിലാണ് ആൽവാറിൽ ക്ഷീരകർഷകനായ പെഹ് ലുഖാനെ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെഹ് ലു ഖാൻ മൂന്നുദിവസത്തിനുശേഷം മരണമടഞ്ഞു. സംഭവത്തിൽ അദ്ദേഹത്തെ ആക്രമിച്ച ഗോസംരക്ഷകർക്കെതിരെ കേസെടുത്തെങ്കിലും ഇവരെ പിന്നീട് കോടതി വിട്ടയച്ചിരുന്നു.

2017‑ലെ സംഭവത്തിൽ പെഹ് ലു ഖാനെ കൊലപ്പെടുത്തിയ കേസിന് പുറമേ പെഹ് ലു ഖാനെതിരെയും അദ്ദേഹത്തിന്റെ മക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. മതിയായ അനുമതിയില്ലാതെ പശുക്കളെ കടത്തിയെന്ന് കാണിച്ചായിരുന്നു പൊലീസ് കേസെടുത്തത്. ഇതിനെതിരെ അദ്ദേഹത്തിന്റെ മക്കൾ രംഗത്തെത്തുകയും ജയ്പുർ ചന്തയിൽനിന്ന് കാലികളെ വാങ്ങിയതിന്റെ രസീത് ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട പെഹ് ലു ഖാനും മക്കൾക്കും എതിരെ കേസെടുത്തത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു.