പ്രത്യേക ലേഖകൻ

January 11, 2020, 5:15 am

സ്വേച്ഛാധിപത്യ നിലപാടുകൾക്കെതിരെ കോടതിയുടെ ശക്തമായ താക്കീത്

Janayugom Online

മ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീതീകരിക്കാൻ കഴിയാത്തതാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം മോഡി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള ശക്തമായ താക്കീതാണ്. അനിശ്ചിതമായി തുടരുന്ന നിയന്ത്രണങ്ങൾ ഒരു ജനതയുടെ മാനസിക ആരോഗ്യത്തെയും രാജ്യത്തോടുള്ള മാനോഭാവത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന തിരിച്ചറിവ് കോടതിയും ഉൾക്കൊണ്ടുവെന്നാണ് ജസ്റ്റിസുമാരായ എൻ വി രമണ, സുഭാഷ് റെഡ്ഡി, ആർ എസ് ഗവായ് എന്നിവരുടെ വിധിയും അതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും വിരൽ ചൂണ്ടുന്നത്. ജമ്മു കശ്മീരിൽ ഇപ്പോൾ തുടരുന്ന ഇന്റർനെറ്റ് റദ്ദാക്കൽ, ജനങ്ങളുടെ സ‍ഞ്ചാര സ്വാതന്ത്ര്യം, സർക്കാർ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനമുള്ള അവകാശം എന്നിവയുടെമേൽ അനിശ്ചിതമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അവകാശമില്ലെന്നും ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയ്ക്ക് ഇത് നീതീകരിക്കാൻ കഴിയില്ലെന്നുമാണ് സുപ്രിം കോടതിയുടെ വാക്കുകൾ അർഥമാക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാണ് കോടതി ജമ്മുകശ്മീർ ഭരണകൂടങ്ങളോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടത്. ജമ്മു കശ്മീരിൽ ഇപ്പോഴും തുടരുന്ന ഇന്റർനെറ്റ് സംവിധാനങ്ങളുടെ റദ്ദാക്കൽ നിലവിലുള്ള നീതിന്യായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യണമെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഭാവിയിൽ വ്യക്തമായ ചട്ടങ്ങൾ ഉണ്ടാകണമെന്ന വാക്കുകളും കോടതിയിൽ നിന്നും ഉണ്ടായി. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റദ്ദാക്കുമ്പോൾ അതിനുള്ള സാഹചര്യം സൂചിപ്പിക്കുന്ന ഉത്തരവുകൾ ഉണ്ടാകണം. മോഡി സർക്കാരിന്റെ കഴിഞ്ഞ ആറുവർഷത്തെ സ്വേച്ഛാധിപത്യ നിലപാടുകൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഇന്നലെ സുപ്രീം കോടതി നൽകിയതെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു.

സ്വാതന്ത്ര്യവും സുരക്ഷയും

സുരക്ഷയും സ്വാതന്ത്ര്യവും തമ്മിൽ സംഘർഷം സ്വാഭാവികമാണ്. എന്നാൽ ഇത് രണ്ടിന്റേയും ഒരു സന്തുലനമാണ് ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ അടിസ്ഥാനമെന്ന ഫ്രഞ്ച് ചിന്തകനായ വോൾട്ടയറിന്റെ വാക്കുകൾ അന്വർഥമാക്കുന്ന പരാ‍മർശങ്ങളാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്. രാജ്യസുരക്ഷക്കായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. രാജ്യത്തെ എല്ലാ പൗരൻമാർക്കും മതിയായ സുരക്ഷ ഉറപ്പാക്കണം, അതോടൊപ്പം അർഹമായ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. ഒരു വശത്തേക്ക് മാത്രം പെൻഡുലം ചലിക്കുന്നത് സമൂഹത്തിന്റെ ചലനത്തെ സാരമായി ബാധിക്കും. എന്നാൽ ജമ്മു കശ്മീരിൽ ഈ സന്തുലനം പാലിക്കുന്നതിൽ മോഡി സർക്കാർ വിജയിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ഇപ്പോ­ൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ജമ്മു കശ്മീരിനെ ഒരു തടവറയാക്കിയെന്ന് ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം കഴിഞ്ഞ ആറുമാസമായി ഉന്നയിക്കുന്ന കാര്യമാണ്.

പരിമിതമായ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തണം

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ആനുപാതിക നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൗരൻമാരുടെ മൗലിക അവകാശങ്ങൾക്കുമേലാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങൾ രാജ്യത്തെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. ജമ്മു കശ്മീരിന്റെ കാര്യത്തിൽ മോഡി സർക്കാർ പരാജയപ്പെടുന്നുവെന്നാണ് കോടതിയുടെ വിമർശനം പരോക്ഷമായി സൂചിപ്പിക്കുന്നത്.

ഇന്റർനെറ്റ് റദ്ദാക്കൽ താൽക്കാലികമാകണം

ഒരു രാജ്യത്തെ പൗരൻമാരുടെ അഭിപ്രായ സ്വതന്ത്ര്യത്തെ ഹനിക്കുന്നതിന് തുല്യമാണ് ആധുനിക ലോക സാഹചര്യത്തിൽ ഇന്റർനെറ്റ് റദ്ദാക്കുന്ന നടപടി. അതുകൊണ്ടുതന്നെ അനിശ്ചിതകാലം ഇന്റർനെറ്റ് റദ്ദാക്കുന്ന നടപടി അനുവദനീയമല്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും, നിയന്ത്രണങ്ങൾ തുടരുന്നതിനുള്ള കാലാവധി നിശ്ചയിക്കുന്നതിനും ഒരു സമിതിയെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജമ്മുകശ്മീരിന്റെ സ്ഥിതിഗതികൾ എഴ് ദിവസത്തിലൊരിക്കൽ പുനരവലോകനം ചെയ്യണമെന്നാണ് കോടതി ഇന്നലെ നിർദ്ദേശിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇന്ത്യൻ ടെലിഗ്രാഫ് നിയമം അനുസരിച്ചാകണമെന്നും കോടതി നിർദ്ദേശിച്ചു. മോഡി സർക്കാർ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ചട്ടവിരുദ്ധമാണെന്ന ധ്വനിയാണ് സുപ്രീം കോടതിയുടെ വാക്കുകളിൽ പ്രതിധ്വനിക്കുന്നത്. ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാർ നടപടികൾ ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്നും സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ

സമൂഹം നേരിടുന്ന ഗുരുതരമായ ക്രമസമാധാന പ്രതിസന്ധി പരിഹരിക്കാൻ മാത്രമേ 144 ഉൾപ്പെടെയുള്ള നിരോധനാജ്ഞകൾ നടപ്പാക്കാൻപാടൂള്ളുവെന്നാണ് ഇന്നലെ കേന്ദ്ര സർക്കാരിന് നൽകിയ സുപ്രധാന നിർദ്ദേശം. പ്രതിസന്ധി മാറിയെന്ന് ബോധ്യപ്പെട്ടാൽ നിയന്ത്രണങ്ങൾ നീക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. എന്നാൽ ജമ്മു കശ്മീരിന്റെ കാര്യത്തിൽ മോഡി സർക്കാർ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശം, ആവിഷ്കാര സ്വാതന്ത്ര്യം, ജനാധിപത്യ സ്വാതന്ത്ര്യം എന്നിവ ഇല്ലാതാക്കാനുള്ള മാർഗമായി 144 ഉൾപ്പെടെയുള്ള നിയമങ്ങൾ ഉപയോഗിക്കരുത്. നിരോധനാജ്ഞ പുറപ്പെടുവിക്കുന്ന ഉത്തരവിൽ ഇതിനുള്ള സാഹചര്യവും വ്യക്തമാക്കണം. 144 ഏർപ്പെടുത്തുന്ന സാഹചര്യം വിലയിരുത്തുന്നത് സമചിത്തതയോടെയാകണം. നിരോധനാജ്ഞ ഏർപ്പെടുത്തിയ പ്രദേശത്തെ മജിസ്ട്രേറ്റ് നിയന്ത്രണങ്ങളും ജനങ്ങളുടെ അവകാശ സംരക്ഷണവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കണം. തുടർച്ചായി 144 ഏർപ്പെടുത്തുന്നത് അധികാര ദുരുപയോഗമാണ്.

മാധ്യമങ്ങൾക്കുള്ള വിലക്ക്

ജനാധിപത്യ സംവിധാനത്തിൽ മാധ്യമ സ്വാതന്ത്ര്യത്തെ വിലക്കുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. മാധ്യമങ്ങൾക്കുമേൽ അനിശ്ചിതമായി വിലക്ക് ഏർപ്പെടുത്തുന്നത് ഒരു സർക്കാരിന്റെ അകാരണമായ ഭീതിയാണ് വെളിവാക്കുന്നത്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന സൊളിസിറ്റർ ജനറലിന്റെ വാക്കുകൾ അംഗീകരിക്കാൻ കോടതി തയ്യാറായില്ല. മാധ്യമ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ സർക്കാർ തയ്യാറാകണം.

കോടതിയുടെ അന്തിമ തീരുമാനങ്ങൾ

ഇന്റർനെറ്റ് സംവിധാനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളും ഇതിനുള്ള സാഹചര്യങ്ങളും കോടതിയെ അറിയിക്കണം. ജനങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തരുത്. ഭരണഘടനയുടെ 19 (1)(എ) അനുച്ഛേദം അനുസരിച്ചുള്ള ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിൻമേലുള്ള നിയന്ത്രണങ്ങൾ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന് സമാനമാണ്. ഇന്റർനെറ്റ് റദ്ദാക്കുന്നത് താൽക്കാലികമായിരിക്കണം. അവശ്യമായ കാലാവധിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തരുത്. റദ്ദാക്കൽ നടപടികൾ നിശ്ചിത ഇടവേളകളിൽ പുനരവലോകത്തിന് വിധേയമാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള ഇന്റർനെറ്റ് റദ്ദാക്കൽ പുനപ്പരിശോധിക്കണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും സർക്കാർ വെബ്സൈറ്റുകൾ, പരിമിതമായ രീതിയിൽ ഇ- ബാങ്കിങ്, ആശുപത്രിയിലെ ഓൺലൈൻ സേവനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം.