COVID-19 എന്തുകൊണ്ട് പുരുഷന്മാർക്ക് കൂടുതൽ അപകട സാധ്യത സൃഷ്ടിക്കുന്നു?

Web Desk
Posted on May 19, 2020, 8:03 pm

മുൻകാല പകർച്ചവ്യാധികളെ അടിസ്ഥാനമാക്കി SARS-CoV­‑2 പുരുഷന്മാർക്ക് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുമെന്ന് കരുതുന്നു. പല രാജ്യങ്ങളിലെയും പുരുഷന്മാരുടെ മരണനിരക്ക് സ്ത്രീകളുടെ മരണനിരക്കിനേക്കാൾ 50 ശതമാനത്തോളം അധികമാണ്. ഈ കൊറോണ വൈറസിന് 2003 ൽ SARS രോഗത്തിന് കാരണമായ വൈറസുമായി ഒരുപാട് സാമ്യതകളുണ്ട്. അവിടെയും പുരുഷന്മാരുടെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. പൊതുവെ പുരുഷന്മാർക്ക് ജീവന് ഭീഷണിയാകുന്ന, പ്രത്യേകിച്ച് ഹൃദ്രോഗം,പലതരം അർബുദങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. SARS-CoV­‑2 കൊറോണ വൈറസും ഇതേ പാത പിൻതുടരുന്നു എന്ന് തോന്നുന്നു .

ഈ വിഷയത്തിലെ കേന്ദ്രകാരണമായി ശ്രദ്ധ ചൂണ്ടുന്നത് പുരുഷന്മാരുടെ അനാരോഗ്യകരമായ ശീലങ്ങളിലേക്കാണ്. പുകവലി,മദ്യപാനം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങളിൽ പുരുഷന്മാർ മുൻനിരയിൽ നിൽക്കുന്നു. പുകവലി ഇവിടെ പുരുഷന്മാരിൽ ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നതായി സംശയിക്കുന്നു.SARS ‑CoV‑2 വൈറസുകൾ ഹോസ്റ്റ് സെല്ലുകളിലേക്ക് പ്രവേശിക്കുന്നത് ACE2 റിസെപ്റ്ററുകൾ വഴിയാണ്. പുകവലിക്കാരിൽ ACE2 റിസെപ്റ്ററുകൾ കൂടുതൽ കാണപ്പെടുന്നതിനാൽ SARS-CoV­‑2 വൈറസുകൾ വളരെ വേഗം ഇവരെ ബാധിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. പുരുഷന്മാർക്കിടയിലെ പുകവലിക്കാരുടെ ഉയർന്ന അനുപാതം മരണനിരക്കുകളെ സാരമായി ബാധിച്ചിട്ടുണ്ട്. വേണ്ടരീതിയിൽ കൈകൾ കഴുകുന്നതിലെ വിമുഖത പോലും ആരാണ് ഏറ്റവുംകൂടുതൽ ബാധിക്കപ്പെടുന്നത് എന്നതിൽ ഒരുപങ്കുവഹിക്കുന്ന സമയമാണിത്.ആരോഗ്യ സംരക്ഷണ ഉപദേശങ്ങൾ തേടുന്നതിലും ആരോഗ്യസേവനങ്ങൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നതിലും സ്ത്രീകൾ മുൻനിരയിൽ തന്നെയാണ് എന്നാണ് അടുത്തിടെ US ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്.

ജീവിതത്തിലൊരിക്കൽ ഇതേപോലുള്ള മഹാമാരികൾ പൊട്ടിപുറപ്പെടുന്ന സമയത്തു മാത്രമല്ല,മനുഷ്യജീവിതത്തിൻ്റെ ഓരോ പ്രായത്തിലും ഘട്ടത്തിലും ഈ സ്വതസിദ്ധവും ജീവശാസ്ത്രപരവുമായ ഗുണം സ്ത്രീകളിൽ പ്രകടമാണ്.ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ആളുകളിൽ 80 ശതമാനവും സ്ത്രീകളാണ് എന്നത് ഒരു വസ്തുതയാണ്.

ഈ സ്ത്രീ ജനിതകമേധാവിത്വം ക്രോമോസോം തലം മുതലേ ആരംഭിക്കുന്നു.സ്ത്രീകളുടെ ജനിതക കോശങ്ങൾക്ക് രണ്ട് X ക്രോമോസോമുകൾ ഉണ്ട്. എന്നാൽ പുരുഷന്മാരിൽ ഒരു X ക്രോമോസോമും ഒരു Y ക്രോമോസോമുമാണ് ഉള്ളത്. ഇത് നിർണ്ണായകമായ ഒരു ഘടകമാണ് കാരണം മനുഷ്യൻ്റെ തലച്ചോറിനേയും രോഗപ്രതിരോധ വ്യവസ്ഥയെയും കെട്ടിപ്പെടുക്കുന്നതും പരിപാലിക്കുന്നതും പോലുള്ള സുപ്രധാന പ്രവർത്തനങ്ങളെ സഹായിക്കുന്നത് X ക്രോമോസോമുകൾ ആണ്. സ്ത്രീകളിലെ രണ്ട് X ക്രോമോസോമുകൾ അവരുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്.

മറ്റൊന്ന് ലൈംഗിക ഹോർമോണുകളിലെ വ്യത്യസ്തതയാണ്. പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിൻ്റെ ഉയർന്ന അളവ് രോഗപ്രതിരോധശേഷി കുറയ്കുന്നതായും നേരെമറിച്ചു സ്ത്രീ ലൈംഗിക ഹോർമോണായ ഈസ്ട്രജൻ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

2016 ലും 2017 ലും നടത്തിയ ഒരു പരീക്ഷണ പരമ്പരയിൽ SARS, MERS എന്നിവയ്ക്ക് കാരണമായ കൊറോണ വൈറസുകൾ ഉപയോഗിച്ച് പേൾമാൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആൺ- പെൺ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ആൺ എലികളാണ് കൂടുതൽ അണുബാധയ്ക്ക് ഇരയാകുന്നത് എന്ന് കണ്ടെത്തി, മാത്രമല്ല പെൺ എലികളിൽ അണ്ഡാശയത്തെ നീക്കം ചെയ്യുമ്പോഴോ ഈസ്ട്രജൻ എന്ന ഹോർമ്മോണിന്റെ പ്രവർത്തനത്തെ അടിച്ചമർത്തുന്ന മരുന്നുകൾ നല്കുമ്പോഴോ രോഗം ബാധിച്ച പെൺ എലികളുടെ മരണനിരക്ക് വർധിച്ചതായും കണ്ടു.

മനുഷ്യൻ്റെ രോഗപ്രതിരോധശേഷി ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക അവസ്ഥയിൽ ഉണ്ടാകുന്ന രോഗങ്ങളാണ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ. ഓട്ടോഇമ്മ്യൂൺ രോഗമുള്ളവരിൽ 80 ശതമാനവും സ്ത്രീകളാണ്. റൂമറ്റോയിഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എറിത്തൊമെറ്റോസസ്,ജോഗ്രൻസ് സിൻഡ്രോം,ഓട്ടോഇമ്മ്യൂൺ ല്യൂക്കോപീനിയ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. ഒരുപക്ഷെ ഒരു XY പുരുഷന് ലഭിക്കുന്ന ഒരു നേട്ടം മുൻപ് പറഞ്ഞ ഓട്ടോഇമ്മ്യൂൺ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണ് എന്നതാണ്.

ഏതാണ്ട് 20 വർഷം മുൻപ് The Insti­tute of Med­i­cine of the Nation­al Acad­e­my of Sci­ences ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ആണോ പെണ്ണോ എന്നത് പരിഗണിക്കപ്പെടേണ്ട ഒരു പ്രധാന അടിസ്ഥാന വസ്തുതയാണ് എന്നതായിരുന്നു ആ റിപ്പോർട്ടിൻറെ കാതൽ. എന്നിട്ടും രണ്ടുപതിറ്റാണ്ടിനിപ്പുറവും വ്യക്തമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. ക്ലിനിക്കൽ മെഡിസിൻ പരിശീലനത്തിൽ ഈ ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ മനസ്സിലാക്കുന്നതിലും അവ പരിഹരിക്കുന്നതിലുമുള്ള പുരോഗതി മന്ദഗതിയിലാണ്. വൈദ്യശാസ്ത്രപരമായ പല മുന്നേറ്റങ്ങളെയും ഇത് തടസ്സപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ വ്യത്യാസങ്ങളെക്കുറിച്ചുള്ള ധാരണയ്ക്ക് അറിവിന്റെ വിടവുകളെ നികത്താനുള്ള കഴിവുണ്ട്.

പ്രാഥമികമായി പുരുഷന്മാരിൽ(മൃഗങ്ങളിൽ ആൺ മൃഗങ്ങളിൽ) നടത്തിയ ഗവേഷണങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴത്തെ വൈദ്യശാസ്ത്രം നിർമ്മിച്ചിരിക്കുന്നത്(except gyne­co­log­i­cal and obstet­ric issues). സ്ത്രീകളുടെ ഹോർമോൺ ചക്രങ്ങൾ ഗവേഷണഫലങ്ങളെ സങ്കീർണമാക്കുന്നതിന്റെ അടിസ്ഥാനത്തിലാവാം ഈ ഒഴിവാക്കൽ എന്നാൽ ചില അംഗീകൃത മരുന്നുകളുടെ മുൻകൂട്ടി പ്രതീക്ഷിക്കാത്ത പാർശ്വഫലങ്ങൾ സ്ത്രീകളിൽ ഉണ്ടാകുന്നത് ഇതിന്റെ പരിണിതഫലമാണ്. പുരുഷ കേന്ദ്രികൃതമായ ഒരു ഗവേഷണ സംസ്കാരം മാറേണ്ടിയിരിക്കുന്നു.

എഴുതിയത്: രതീഷ് രാമചന്ദ്രൻ നായർ (ഗവേഷകൻ)

YOU MAY ALSO LIKE THIS VIDEO