Web Desk

ന്യൂഡല്‍ഹി:

March 27, 2021, 9:11 pm

കോവിഡ് വകഭേദങ്ങൾ വാക്സിനേഷന് വെല്ലുവിളി

Janayugom Online

ജനിതക മാറ്റം സംഭവിച്ച കോവിഡ് വകഭേദങ്ങൾ വാക്സിനേഷന് വെല്ലുവിളിയാകുന്നു. പശ്ചിമബംഗാളിൽ വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് പിടിപെട്ടതിനെത്തുടർന്നാണ് പുതിയ പഠനം. ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച വൈറസാണ് രണ്ടാംതരംഗത്തിന് കാരണമെന്നാണ് ഇതുവരെയുള്ള നിഗമനം.

ഇന്ത്യയില്‍ നിലവില്‍ രണ്ടു വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരിക്കുന്നത്. ആസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

കോവിഷീൽഡ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെതിരെയാണ് ആന്റിബോഡി സൃഷ്ടിക്കുന്നത്. കോവാക്സിൻ സ്പൈക്ക് ഉൾപ്പെടെ എല്ലാ പ്രോട്ടീൻ ഘടകങ്ങൾക്കുമെതിരെ ആന്റിബോഡി കവചം സൃഷ്ടിക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങൾക്കെതിരെ കോവാക്സിനാണ് കൂടുതൽ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വാകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാകുക. നേരത്തെ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആണ് വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്.

 പുതിയ വാക്സിനെത്തുന്നു

കോവിഡ് പ്രതിരോധ വാക്‌സിനായ കോവോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. സിഇഒ അദാര്‍ പൂനെവാല ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

2020 ഓഗസ്റ്റില്‍ അമേരിക്കന്‍ വാക്‌സിന്‍ കമ്പനിയായ നോവവാക്‌സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. വാക്സിൻ കുറഞ്ഞതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലേക്കും ഇന്ത്യയിലും എത്തിക്കാനാണ് ശ്രമം. കോവിഡിന്റെ ആഫ്രിക്കന്‍, യുകെ വേരിയന്റുകളില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മൊത്തം ഫലപ്രാപ്തി 89 ശതമാനം ആണ്. 2021 സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്വിറ്ററില്‍ അദാര്‍ പൂനെവാല പറഞ്ഞു.

ENGLISH SUMMARY: COVAX TRIALS FINALLY BEGINS IN INDIA

YOU MAY ALSO LIKE THIS VIDEO