കോവിഡിനെതിരെ രാജ്യത്ത് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്മാന് കൃഷ്ണ എല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്സിന് വികസിപ്പിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വാക്സിന് വികസനം പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ 1.3 ബില്യണ്‍ ആളുകളില്‍ വാക്സിന് എത്തിക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് കൃഷ്ണ എല്ല അറിയിച്ചു.
എന്നാല്‍ രണ്ട് ഡോസ് ഇഞ്ചക്ഷനാണെന്നതില്‍ തനിക്ക് സന്തോഷമില്ലെന്നും രാജ്യത്ത് 2.6 ബില്ല്യണ്‍ ഡോസ് വാക്സിന് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. മൂക്കില്‍ ഒഴിക്കുന്ന തരത്തിലുള്ള ഒറ്റ ഡോസ് കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനെപ്പറ്റി കമ്പനി ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും ആളുകള്‍ക്ക് വാക്സിന് എത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ഐഎഫ്എല്ലിലെ രാഹുല്‍ ഛബ്ര, ഐഐടി ഹൈദരാബാദിലെ എം വിദ്യാസാഗര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കൊവാക്സിനെ നോക്കി കാണുന്നത്. ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ എല്ല. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ENGLISH SUMMARY:covaxin third phase trial started
You may also like this video