കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ് വന്നിരിക്കുന്നത് കേരളത്തിന് ആശ്വാസകരമായ വാര്‍ത്തയാണ്. ഇന്നലെ ഒരാൾക്ക് മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലെ വ്യക്തിക്ക് സമ്പർക്കം മൂലമാണ് രോഗബാധ ഉണ്ടായത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് പേർക്ക് രോഗം ഭേദമായി.
കോവിഡ് പ്രതിരോധത്തില്‍ കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍ രോഗബാധിതരായി കേരളത്തിനു പുറത്തു മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. കോവിഡ് ബാധിച്ചു കേരളത്തിൽ ഇതുവരെ മരിച്ചത് 3 പേരാണ്. ഇതേസമയം, കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ച് മരിച്ചത് 33 മലയാളികളാണ്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്. 20 മലയാളികളാണ് യുഎസില്‍ മരണത്തിന് കീഴടങ്ങിയത്.
കോവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് ഒരു മലയാളി കൂടി യുഎസിൽ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ ആണ് മരിച്ചത്. രണ്ടാഴ്ചയായി പോൾ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസമാണ്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് രോഗം ഭേദപ്പെട്ടു.
കഴിഞ്ഞ ദിവസം 2 പേർ ന്യൂയോർക്കിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തിൽ (ബഥേൽ) ജോസഫ് കുരുവിള (ബാബു- 68), റാന്നി കക്കുടുമൺ പേമരുതിക്കൽ കുരുവിള (64) എന്നിവരാണ് മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനം ഇടത്തിനകം ചാലുങ്കൽ ഷാജി സക്കറിയ (52) ദുബായിലും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) അയർലന്റിൽ വച്ച് കോവിഡ് ബാധയെ തുടർന്ന് മരിച്ചിരുന്നു. അർബുദ രോഗത്തിന് ചികിൽസയിലിരുന്നു ബീന ജോർജ്ജ്. മലയാളി വിദ്യാർത്ഥി ന്യൂയോർക്കിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചതാണ് മറ്റൊരു സങ്കടകരമായ വാര്‍ത്ത. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ഒരാഴ്ചയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കണ്ണൂർ സ്വദേശിയാണ് സൗദിയിൽ മരിച്ച മറ്റൊരാൾ. പാനൂർ സ്വദേശി ഷബ്നാസ് മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജനുവരി അഞ്ചിന് വിവാഹിതനായ ശേഷം മാർച്ച് പത്തിനാണ് ഷബ്നാസ് സൗദിയിലേക്ക് മടങ്ങിപ്പോയത്.
കണ്ണൂർ കീഴ്പ്പള്ളി അത്തിക്കല്ലിലെ മുള്ളൻകുഴി സിന്റോ ജോർജ് (36), കൊല്ലം ഓടനാവട്ടം കട്ടയിൽ ദേവിവിലാസത്തിൽ ബി. ഇന്ദിര (72) എന്നിവർ കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിച്ചു. കോവിഡ് ബാധിച്ച് യുഎസിൽ രണ്ടു മലയാളികളും ദുബായിലും മുംബൈയിലും യുകെയിലും ഒരാൾ വീതവും മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ് ആലനിൽക്കുന്നതിൽ കുഴിക്കൽ (താഴയിൽ) പാപ്പച്ചന്റെ മകൻ തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി പരേതനായ സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) എന്നിവരാണു യുഎസിൽ മരിച്ചത്. മലപ്പുറം പൊന്ന്യാകുർശി സ്വദേശിയായ പരേതനായ പച്ചീരി അയമുട്ടിയുടെ മകൻ ഡോ. പച്ചീരി ഹംസ (80) ആണ് ലണ്ടനിലെ വെസ്റ്റ് മിഡ്ലാൻഡിൽ മരിച്ചത്. തലശ്ശേരി കതിരൂർ സ്വദേശി അശോകൻ (63) ആണ് മുംബൈയിൽ മരിച്ചത്. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ കയ്പമംഗലം പുത്തൻപള്ളിക്കു സമീപം തേപ്പറമ്പിൽ പരീദ് (67) ആണു ദുബായിൽ മരിച്ചത്. ഇദ്ദേഹം അർബുദ രോഗിയുമായിരുന്നു. അങ്ങനെ നീളുന്നു കണക്കുകള്‍.
കോവിഡ് അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിൽ ബാധിച്ചിരിക്കുന്ന അമേരിക്കയിലും ന്യൂയോർക്കിലും നിരവധി മലയാളികളാണ് ഉള്ളത്. ഇവിടെ നിരവധി മലയാളികൾ ഇപ്പോൾ തന്നെ കോവിഡിന്റെ പിടിയിലാണ് എന്നാണ് വാസ്തവം. കോവിഡില്‍ നിന്ന് കേരളം മുക്തമാകുമ്പോള്‍ കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ കണക്ക് സങ്കടത്തിലാഴ്തുകയാണ്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.