January 28, 2023 Saturday

നിര്‍മാണ മേഖലയ്ക്കുള്ള ആശ്വാസ നടപടികള്‍ മെയ് ഒന്നിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സെക്രട്ടറി

Janayugom Webdesk
കൊച്ചി
April 24, 2020 5:27 pm

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന നിര്‍മാണ മേഖലയ്ക്കായി റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററ അതോറിട്ടി) ദിനമായ മെയ് ഒന്നിന് കേന്ദ്ര ഗവണ്‍മെന്റ് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര ഐ എ എസ് അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് നിര്‍മാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ദുര്‍ഗാ ശങ്കര്‍ മിശ്ര.

ആര്‍ ബി ഐ പ്രഖ്യാപിച്ച പാക്കേജുകളും വായ്പാ സൗകര്യങ്ങളും വേഗത്തില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റുസംസ്ഥാനങ്ങളില്‍ പുനരാരംഭിച്ചു കഴിഞ്ഞെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പാക്കേജും ആര്‍ ബി ഐയുടെ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി കേരളത്തില്‍ എത്രയും വേഗത്തില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ ബില്‍ഡര്‍മാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന എല്ലാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയില്‍ (റെറ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രോജക്ടുകളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കുമെന്ന് റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ അറിയിച്ചു. നിലവില്‍ നിര്‍മാണം നടക്കുന്ന പ്രോജക്ടുകളുടെ ഫീസ് പെനാല്‍റ്റി കൂടാതെ അടക്കാന്‍ കൂടുതല്‍ സമയം അനുവദിക്കും. മുഴുവന്‍ ബില്‍ഡര്‍മാരും പ്രോജക്ടുകള്‍ റെറയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകണമെന്നും എന്നാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ റെറയ്ക്ക് ഇടപെടാന്‍ കഴിയൂവെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.
നിര്‍മാണ മേഖലക്ക് നിര്‍മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം നടപടികള്‍ ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ ബിജു ഐ എ എസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ 30 ശതമാനം പേര്‍ ലോക്ഡൗണ്‍ കഴിഞ്ഞാലും കേരളത്തില്‍ തന്നെ തുടരുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള കണക്ക്. നിര്‍മാണ സാമഗ്രികള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യമുള്ളതിനാല്‍ സപ്ലൈ ചെയിന്‍ തടസപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കും. മണ്ണ് നീക്കത്തിനുള്ള തടസം പരിഹരിക്കുന്നതിനാവശ്യമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു കഴിഞ്ഞു. ഇതിന്റെ വിജ്ഞാപനം മാത്രമാണ് വരാനുള്ളത്.
പുറംരാജ്യങ്ങളിലുള്ളവരുമായി റിയല്‍ എസ്റ്റേറ്റ് കരാറുകള്‍ ഒപ്പിടുമ്പോള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് സൗകര്യം അനുവദിക്കുക, കേരളത്തില്‍ ബില്‍ഡര്‍മാരില്‍ നിന്നും നിലവില്‍ ഈടാക്കിവരുന്ന 10 ശതമാനം സ്റ്റാപ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുക, രാജ്യത്താകെ ഏകീകൃത തൊഴില്‍ നിയമം നടപ്പിലാക്കുക, രണ്ടു വര്‍ഷത്തേക്ക് ജി എസ് ടി ഇളവ് അനുവദിക്കുക, കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ആവശ്യാനുസൃതമായ ഇളവുകള്‍ അനുവദിക്കുക, അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നല്‍കി പണികള്‍ തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, റെറയുടെ ഫീസ് ഘടനയിലും പണമടവിന്റെ രീതിയിലും സമയപരിദിയിലും മാറ്റം വരുത്തുക തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് കെ ബിജുവും പി എച്ച് കുര്യനും ഉറപ്പു നല്‍കി.  എസ് ഐ പ്രോപ്പര്‍ട്ടി എം ഡി രഘുചന്ദ്രന്‍ നായര്‍ മോഡറേറ്ററായി.ഫിക്കി നാഷണല്‍ റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി ജോയിന്റ് ചെയര്‍മാന്‍ രാജ് മെന്‍ഡ, ക്രെഡായ് കേരള ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍, അസെറ്റ് ഹോസ് എം ഡി വി സുനില്‍കുമാര്‍, അബാദ് ബില്‍ഡേഴ്‌സ് എം ഡി നജീബ് സക്കറിയ, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.

Eng­lish Sum­ma­ry: covid-19 affect­ed in real estate field

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.