Web Desk

കൊച്ചി

March 19, 2020, 6:34 pm

കോവിഡ് 19: 24 മണിക്കൂർ ഓൺലൈൻ പോർട്ടലുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

Janayugom Online

രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സഹായത്തിനായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. കൊറോണ രോഗലക്ഷണമുണ്ടെന്ന് സംശയിക്കുന്നവർക്ക് ചികിത്സയ്ക്ക് ആവശ്യമായ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ പോർട്ടലിലൂടെ സൗജന്യമായി ലഭ്യമാക്കും.

രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളുടെ ഭാഗമായാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്. ആസ്റ്റർ മെഡ്സിറ്റി കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ എന്നിവിടങ്ങളിലുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലുകൾ, ബംഗലൂരുവിലുള്ള ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ആർവി ഹോസ്പിറ്റൽ, കോൽഹാപ്പൂരിലെ ആസ്റ്റർ ആധാർ ഹോസ്പിറ്റൽ, ഹൈദരാബാദിലെ ആസ്റ്റർ പ്രൈം ഹോസ്പിറ്റൽ, തെലങ്കാനയിലെ രമേശ് ഹോസ്പിറ്റൽ എന്നീ ആസ്റ്റർ ഗ്രൂപ്പിന് കീഴിലുള്ള രാജ്യത്തെ 13 ആശുപത്രികളുടെ വെബ്സൈറ്റുകളിലോ ഫേസ്ബുക് പേജിലോ ജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് ആരോഗ്യ വിദഗ്ധരുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

കോവിഡ്-19 സംബന്ധിച്ച് പ്രാദേശിക അധികൃതരും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച മെഡിക്കൽ പ്രോട്ടോകോൾ അനുസരിച്ച് ഇന്റേണൽ മെഡിസിൻ, എമർജൻസി കെയർ വിദഗ്ധരാണ് വീഡിയോ കോളിലൂടെ മാർഗനിർദ്ദേശങ്ങൾ നൽകുക. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കാനും യഥാസമയം ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം തന്നെ അവശ്യഘട്ടത്തിൽ വിദഗ്ധ സേവനം ലഭ്യമാക്കുന്നതിനും ഓൺലൈൻ സേവനം സഹായകമാകും. രോഗം നേരത്തെ കണ്ടെത്താനും കൃത്യമായ ചികിത്സ തേടാൻ രോഗികൾക്ക് മാർഗനിർദ്ദേശം നൽകാനും ആസ്റ്റർ കോവിഡ് സപ്പോർട്ട് സെന്റർ പോലുള്ള ടെലികൺസൾട്ടിങ് ഉപകരണം ഏറെ സഹായകമാണെന്നും ആസാദ് മൂപ്പൻ വ്യക്തമാക്കി.

YOU MAY ALSO LIKE THIS VIDEO