കോവിഡ്-19 ബാധയെ പ്രതിരോധിക്കാനായി രാജ്യാന്തര ടൂറിസ്റ്റുകൾക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ കായൽ ടൂറിസം മേഖല നിശ്ചലമായി. നിലവിൽ ടൂറിസം സീസൺ ആണെങ്കിലും കൊവിഡ്, ലോകത്ത് അതിവേഗം വ്യാപിച്ചതാടെ സഞ്ചാരികൾ ആരും കുട്ടനാടൻ കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നില്ല. 31ന് ശേഷം ഇതിന് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് ജീവനക്കാർ. അടുത്തവർഷത്തേക്കുള്ള ബുക്കിംഗുകൾ വരുന്ന സമയമാണിത്. എന്നാൽ അതും ഇല്ലാതായി. ഇക്കാരണത്താൽ നഗരത്തിൽ പ്രവർത്തിക്കുന്ന ബുക്കിംഗ് ഓഫീസുകൾ പൂർണ്ണമായും പൂട്ടി.
കേരളത്തിലെ ടൂറിസം രംഗത്ത് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് കായൽ ടൂറിസം ആണ്. കോവിഡ്-19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നിമിഷം മുതൽ ഇതുവരെ ഏകദേശം നാല് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോയികുട്ടി ജോസ് പറഞ്ഞു. കോവിഡ് ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ഈ മേഖലയിലേക്ക് എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയിൽ നിന്നും കരകയറുക എന്നത് വളരെ പ്രയാസകരമാണ്.
4100 ജീവനക്കാരാണ് ഈ മേഖലയിൽ ഉപജീവനം നടത്തുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്നത് 52,000 ത്തോളം പേരും. ഹൗസ് ബോട്ട് വ്യവസായം നിശ്ചലമായതോടെ തൊഴിലില്ലായ്മയും രൂക്ഷമാണ്. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ വന്നതോടെ ഇവരെ പറഞ്ഞുവിടുന്ന സാഹചര്യത്തിലേക്ക് ഉടമകൾ എത്തിച്ചേർന്നു. അതിനിടെ കേന്ദ്ര സർക്കാർ ഇന്ധനത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും മറ്റൊരു പ്രഹരമായി.
മഹാമാരിയായി ലോകാരോഗ്യ സംഘടന തന്നെ സാക്ഷ്യപ്പെടുത്തിയ കോവിഡ്-19 ന്റെ കാര്യത്തിൽ കടുത്ത ആശങ്കയുടെ നിഴലിലാണ് മേഖല. നിരീക്ഷണത്തിൽ കഴിഞ്ഞ വിദേശികൾ ചാടിപ്പോയ സംഭവത്തെ തുടർന്ന് ടൂറിസം മേഖലയിൽ സർക്കാർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദേശികളെ താമസിപ്പിക്കുന്ന വിവരം അറിയിച്ചില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാനാണ് സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വിദേശത്തേയ്ക്ക് മടങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കിൽ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. പരിശോധന നടത്തി ഫലം ലഭിച്ചതിനു ശേഷം മാത്രമേ ഇവരെ മടങ്ങാൻ അനുവദിക്കൂ.
English Summary; covid 19; Backwaters tourism industry loses Rs 4 crore
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.