കോഴിക്കോട്

അനില്‍കുമാര്‍ ഒഞ്ചിയം

March 23, 2020, 6:39 pm

കോവിഡ് 19: വ്യാപാര മേഖല കടുത്ത പ്രതിസന്ധിയില്‍

Janayugom Online

കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ ജനജീവിതം ദുസ്സഹമാകുന്നു. സംസ്ഥാനത്ത് വ്യാപാര മേഖലയാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. ചെറുകിട കച്ചവട കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളുമെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇവയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലിയില്ലാതെ വലയുന്നത്. ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവില്‍ മിക്ക കട ഉടമകളും തൊഴിലാളികളോട് ജോലിക്ക് വരേണ്ടെന്ന് അറിയിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ ദിവസക്കൂലിക്കാരുടെ കാര്യവും പരിതാപകരമാണ്. തൊഴിലാളികളെ നിലനിര്‍ത്തുവാനും വാടക നല്‍കുവാനും വ്യാപാരികള്‍ ബുദ്ധിമുട്ടുകയാണ്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ കടകമ്പോളങ്ങള്‍ ഇന്നും അടഞ്ഞു കിടക്കുകയാണ്. ഏതാനും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമാണ് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിച്ചത്.

സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരുടെ സംരക്ഷണത്തിനായി സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. വ്യാപാരികളുടെ ലോണുകള്‍ക്ക് കാലാവധിയില്‍ ആറുമാസത്തെ ഇളവ് അനുവദിക്കുക, ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റും വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് അനുവദിക്കുക, ഇറക്കുമതി തീരുവ ആറു മാസത്തേക്ക് എടുത്തുകളയുക, നികുതികളും ലൈസന്‍സ് ഫീസും അടക്കുന്നതിന് ആറുമാസം സമയം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചരക്കു നീക്കത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും ചരക്കു നീക്കം അനന്തമായി നീളുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മൊത്തക്കച്ചവടക്കാര്‍ക്ക് ആവശ്യത്തിന് ചരക്ക് ലഭ്യമാകാതായതോടെ ചില്ലറ വിപണന കേന്ദ്രങ്ങളിലും അവശ്യസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ഓട്ടോ-ടാക്‌സി മേഖലയും സ്തംഭനാവസ്ഥയിലാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വിമാനത്താവളം, റെയില്‍വെ സ്‌റ്റേഷന്‍, വിവാഹ ചടങ്ങുകള്‍, പൊതുപരിപാടികള്‍ എന്നിവയ്‌ക്കെല്ലാം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഭൂരിപക്ഷം ടാക്‌സി ഡ്രൈവര്‍മാരും ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. ടാക്‌സി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ നികുതി ഒഴിവാക്കി നല്‍കണമെന്നും ജിപിഎസ് സമയപരിധി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് ടാക്‌സി തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

വിദേശത്തേക്കുള്ള യാത്രാനിരോധനം നിലവില്‍ വന്നതോടെ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് വിമാനക്കമ്പനികളുടെ തീരുമാനങ്ങളും ഇരുട്ടടിയാകുകയാണ്. യാത്രമുടങ്ങിയവര്‍ക്ക് ടിക്കറ്റിന്റെ തുക യഥാസമയം തിരിച്ചുനല്‍കാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. വിമാനക്കമ്പനികളില്‍ നിന്നും തിരികെ ലഭിക്കാത്ത ടിക്കറ്റു തുക എങ്ങനെ തിരിച്ചുനല്‍കുമെന്നറിയാതെ ഉഴലുകയാണ് വിവിധ ട്രാവല്‍ ഏജന്‍സികള്‍. മിക്ക എയര്‍ലൈനുകളും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാന്‍ തയ്യാറായിട്ടില്ല. മലബാര്‍ മേഖലയില്‍ മാത്രം 200 കോടിയിലധികം രൂപയാണ് ട്രാവല്‍ ഏജന്‍സികള്‍ക്കു തിരിച്ചുനല്‍കാതെ യാത്രക്കാരുടെ പണം വിമാനക്കമ്പനികള്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO