ഇടുക്കിയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുകയാണ്. ജില്ലയിൽ വനിതാ ഡോക്ടർ ഉൾപ്പെടെ ആറു പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 20 ആയി. വണ്ടൻമേട്, ഉപ്പുകണ്ടം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
വണ്ടൻമേട്ടിൽ 24 കാരനാണ് രോഗം ബാധിച്ചത്. ഇയാൾ മാർച്ച് 23ന് മലപ്പുറത്ത് നിന്നാണ് പനി ലക്ഷണങ്ങളോടെ വീട്ടിൽ എത്തിയത്. ബൈക്കിലെത്തിയ യുവാവ് വീട്ടിൽ കഴിയുകയായിരുന്നു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50 കാരൻ കഴിഞ്ഞ മാർച്ച് 15ന് ജർമനിയിൽ നിന്നും സ്പെയിന് വഴി അബുദാബിയിലെത്തി. അവിടെ നിന്നുമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നും വന്നതായതിനാല്‍ സാധാരണ രീതിയിൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ഏലപ്പാറ പിഎച്ച്സിയിലെ 41 കാരിയായ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. മൈസൂരിൽ നിന്നുവന്ന രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്ന് കരുതുന്നു. ഡോക്ടർക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അമ്മ ഏലപ്പാറ പി എച്ച്സിയിൽ ചികിത്സ തേടിയിരുന്നു.
ഏലപ്പാറയിലെ തന്നെ 54 കാരിയാണ് മറ്റൊരു രോഗി. ഇവർ രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.
വണ്ടിപ്പെരിയാറില്‍ താമസക്കാരനായ 35 കാരനും ഏഴു വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്നാട്ടിലെ തിരുന്നൽവേലിയിൽ പോയി എപ്രിൽ 12 ന് വീട്ടിൽ വന്നു. യുവാവിന്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ആറു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നും ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിൽ ഇതുവരെ 1357 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 11 പേർ ഇടുക്കി ജില്ലാ ആശുപത്രിയിലും 1346 പേര് വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 42 പേരെ മാത്രമാണ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. 29 സാമ്പിളുകളുടെ ഫലം മാത്രമാണ് ഇന്ന് വന്നത്.
English Summary: COVID-19 case in Idukki
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.