Web Desk

ന്യൂഡൽഹി

April 17, 2020, 9:19 am

രാജ്യത്ത് കോവിഡ് ബാധിതര്‍ 13,387 ആയി: മരണം 437

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13,387ആയി. കോവിഡ് ബാധിച്ച് ഇതുവരെ 437 പേരാണ് മരിച്ചത്. 1488 പേർക്ക് അസുഖം ഭേദമായി. ഡല്‍ഹിയിൽ 1640 പേരാണ് രോഗികൾ. തമിഴ്‌നാട്ടിൽ ഇന്നലെ 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 1267 ആയി. മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ്. 26 പേര്‍ക്ക് ഇവിടെ പുതുതായി രോഗം ബാധ സ്ഥിരീകരിച്ചു.

ധാരാവിയില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ ഇവിടെ മാത്രം മരണസംഖ്യ ഒമ്പതായി. നിലവില്‍ ധാരാവിയില്‍ 86 കോവിഡ് രോഗികളാണുള്ളത്. വ്യാഴാഴ്ച രാവിലെ 11 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരുന്നു. വൈകുന്നേരത്തോടെ 15 പേര്‍ക്കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം 26 ആയി ഉയര്‍ന്നത്.

കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ ബീഹാറിൽ വന്‍ വർദ്ധനവാണ്. രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ പത്ത് പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗികളുടെ എണ്ണം 80 ആയി. ജമാൽപൂരിലെ മുങ്കർ ജില്ലയിൽ കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ആറ് പേരിൽ ഒരാളാണ് രണ്ട് വയസ്സുള്ള കുട്ടി. മുങ്കർ ജില്ലയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും 6 പേർ രോ​ഗമുക്തി നേടുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് മുങ്കാർ.

മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം ദിവസും പുതിയ കോവിഡ് കേസുകളിൽ നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 284 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3202 ആയി. ഏഴ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 194 ആയി. ഡല്‍ഹിയില്‍ 1578 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജസ്ഥാന്‍ ‑1023, ഉത്തര്‍പ്രദേശ്- 773, ജമ്മു കശ്മീര്‍— 300, പശ്ചിമബംഗാള്‍— 231, ഹരിയാന- 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍.

Eng­lish Sum­ma­ry: COVID-19 cas­es in India: pos­i­tive cas­es reached 13,387 and 437 deaths 

YOU MAY ALSO LIKE THIS VIDEO