കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കര്‍ശ്ശനമാക്കിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. അന്താരാഷ്ട്ര ടെര്‍മിനലില്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗിന് പുറമേ യാത്രക്കാര്‍ അവരുടെ യാത്ര വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബ്ബന്ധമായും യാത്രക്കാര്‍ പൂരിപ്പിച്ച് നല്‍കണം. ഫ്ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് എല്ലാ യാത്രികരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്നവരുടെയും വിശദാംശങ്ങള്‍ അധികൃതര്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് ഇവരെ പുറത്തേക്കയക്കുന്നത്.
രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലയില്‍ കര്‍ശ്ശനമായി പാലിക്കുമെന്നും ജില്ലാ കളക്ടര്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.അന്താരാഷ്ട്ര ടെര്‍മിനലില്‍ 10 സഹായ കേന്ദ്രങ്ങളും ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് സഹായകേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ആറ് മാസ കാലയളവിനുള്ളില്‍ ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശ്ശിച്ചിട്ടുള്ളവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. 12 ഡോക്ടര്‍മാര്‍, 12 നേഴ്‌സുമാര്‍ 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ആവശ്യമായ മറ്റ് സ്റ്റാഫുകളെയും വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും കൊച്ചി തുറമുഖത്തും സഹായ കേന്ദ്രങ്ങല്‍ സജ്ജമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മൂന്ന് വയസ്സുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ മാതാപിതാക്കളും ഇവിടെ തന്നെ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ആകെ 17 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. 281 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഭക്ഷണം ഉള്‍പ്പെടെ ഇവര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലാ ഭരണകൂടം നടത്തിവരുന്ന രോഗപ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളിലുള്ള 18000 പേര്‍ക്ക് ബോധവത്ക്കരണം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. മാസ്‌ക്കുകള്‍ക്കും മറ്റ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ക്കും അമിതവില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്വകാര്യചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ ബാധകമാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
English Summary: Covid 19- caution in Nedumasery airport
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.