February 5, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണയിൽ തകർന്ന് കയർ, കയർഫാക്ടറി മേഖല

ടി കെ അനിൽകുമാർ
ആലപ്പുഴ
March 31, 2020 9:04 pm

കൊറോണയിൽ തകർന്ന് പ്രധാന പരമ്പരാഗത വ്യവസായമായ കയർപിരി, കയർഫാക്ടറി മേഖലകൾ. കേരളത്തിലെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. സർക്കാർ നിശ്ചയിച്ച കൂലി ലഭിക്കാത്തത് മൂലം കയർമേഖല കൊറോണയ്ക്ക് മുമ്പും ഏറെ നിശ്ചലമായിരുന്നു. തൊഴിൽദിനങ്ങളും ഓർഡറുകളും വർധിച്ചെങ്കിലും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടന്നത് കയർഫാക്ടറി മേഖലയിലും ദുരിതം വർധിപ്പിച്ചു. തൊഴിലില്ലായ്മയും കൃത്യമായി ജോലി ലഭിക്കാത്തത് മൂലവും പട്ടിണിയിലായ തൊഴിലാളികൾ മറ്റ് മേഖലകളിൽ അഭയം പ്രാപിക്കുകയും ചെയ്തു. തുച്ഛമായ വേതനം കൊണ്ട് ജീവിതം തള്ളിനീക്കിയവർ കൊറോണ കൂടി വന്നതോടെ ഏറെ ദുരിതത്തിലായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ ആശ്വാസ പദ്ധതികൾ മാത്രമാണ് ഇവരുടെ ഏക ആശ്രയം.

കയർ ഉൽപ്പന്നങ്ങൾക്ക് ഉൽപ്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തതായിരുന്നു പ്രധാന പ്രതിസന്ധി. ഇതോടെ ഈ രംഗത്ത് തൊഴിലില്ലായ്മ രൂക്ഷമായി. തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പകുതിപോലും ലഭിച്ചിരുന്നില്ല. കൂടാതെ 2002 ലെ കയർ സമരത്തിലൂടെ ഇല്ലാതായ ഡിപ്പോ സമ്പ്രദായം തിരിച്ചുവരികയും ചെയ്തു. പരമ്പരാഗതമായി കയർ മേഖലയിൽ ഹാൻഡ് ലൂം ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കയർ തൊഴിലാളികളും തൊഴിൽ രഹിതരാണ്. ചെറുകിട കയർ ഉൽപ്പാദന മേഖലയുടെ പുനരുദ്ധാരണത്തിന് നിരവധി പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഭൂരിഭാഗവും നടപ്പായില്ല. കയർ കേരളയിൽ നിന്ന് ലഭിച്ച ഓർഡർ അനുസരിച്ച് വലപ്പായ നിർമിച്ചെങ്കിലും അതും കെട്ടിക്കിടക്കുകയാണ്.

കയർപിരി മേഖലയിൽ യന്ത്രവൽക്കരണം കൊണ്ടുവന്നെങ്കിലും വ്യവസായത്തിന് ആവശ്യമായ പുരോഗതി ഉണ്ടായില്ല എന്നതും തിരിച്ചടിയായി. ഈ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നെങ്കിലും അതും നടപ്പിലായില്ല. അധികൃതരുടെ അവഗണന ഈ മേഖലയെ പിന്നോട്ടടിക്കുമ്പോൾ ഇടിത്തീയായി കൊറോണയും വന്നു. കയർ റാട്ടുകളും ഫാക്ടറികളും നിലച്ചതോടെ മുമ്പ് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം പോലും കിട്ടാത്ത അവസ്ഥയിലാണ് കയർ തൊഴിലാളികൾ.

കയർ തൊഴിലാളികളുടേയും കയർഫാക്ടറി തൊഴിലാളികളുടേയും സംരക്ഷണത്തിന് ഉതകുന്ന പാക്കേജ് പ്രഖ്യാപിക്കുവാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി പി വി സത്യനേശൻ ആവശ്യപ്പെട്ടു. ലാഭക്കൊതിയന്മാരായ സാമൂഹ്യവിരുദ്ധരാണ് കയർമേഖലയെ പിന്നോട്ടടിച്ചത്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഇത്തരം പരിശ്രമങ്ങളോട് തൊഴിലാളികൾ ജാഗ്രത കാണിക്കണം. സ്വകാര്യ കയറ്റുമതി സ്ഥാപനങ്ങൾ, കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോംമാറ്റിംഗ്സ്, കയർ മാനുഫാക്ചറിംഗ് കമ്പനി, മാറ്റ് ആന്റ് മാറ്റ്സ് സഹകരണ സംഘങ്ങൾ, കയർപിരി സഹകരണ സംഘങ്ങൾ, ചെറുകിട ഉൽപ്പാദക സംഘങ്ങൾ, കയർപിരി തൊഴിലാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പേരാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.