കൊറോണ പ്രതിസന്ധിയിൽ സർക്കസ് കമ്പനികൾ: സർക്കാർ സഹായവും പിന്തുണയും അത്യാവശ്യമെന്ന് അപ്പോൾക്ക് സംഘടന

Web Desk

തിരുവനന്തപുരം

Posted on March 26, 2020, 5:12 pm

ലോകം ഇന്ന് കൊറോണ മഹാവ്യാധിയാൽ ആശങ്കയിലും പ്രതിസന്ധിയിലുമാണ്. പല രാജ്യങ്ങളിലും ഈ മാരകവ്യാധി മനുഷ്യ ജീവൻ അപഹരിക്കുകയും, ജനതയെ മാനസികമായും, സാമ്പത്തികമായും പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്തു. കൊറോണ മൂലം കരുതലുകൾ, നിയന്ത്രണം, പ്രതിരോധം എല്ലാം നടക്കുമ്പോഴും പൊടുന്നനെ ജീവിതം വഴിമുട്ടിയ തൊഴിലാളി വിഭാഗവും, കലാകാരന്മാരും അതിലുപരി മനുഷ്യജന്മങ്ങളും ഉണ്ട് നമ്മുടെ സമൂഹത്തിൽ. സാഹസികതയും കഠിനാധ്വാനവും കൈമുതലാക്കി വലിയ സദസ്സിനെ തങ്ങളുടെ അത്ഭുത പ്രകടനങ്ങൾകൊണ്ട് ത്രസിപ്പിച്ചിരുന്ന സർക്കസ് കലാകാരൻന്മാർ. “കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്ന് കേരളത്തിനകത്തും പുറത്തും സർക്കസ് കൂടാരങ്ങൾ സ്തംഭിച്ച നിലയിലാണ്. കൊറോണ നിയന്ത്രണങ്ങൾ കാരണം സർക്കസ് പ്രദർശനങ്ങൾ നിർത്തി. ഇതിനാല്‍ പല സർക്കസ് കമ്പനികളും, തൊഴിലാളികളും പ്രതിസന്ധിയിലാണെന്ന് സർക്കസ് ഗവേഷകനും അപ്പോൾക്ക് (അസോസിയേഷൻ ഫോർ ദി പ്രൊമോഷൻ ഓഫ് ലീഗൽ നോളജ് ) സംഘടനയുടെ സോഷ്യൽ വർക്കർ കൂടിയായ മാർഷൽ സി രാധാകൃഷ്ണൻ പറയുന്നു.

“150 — ഓളം വർഷത്തിന്റെ പഴക്കമുള്ള ഇന്ത്യൻ സർക്കസ്, കുടുംബാംഗങ്ങളുടെയും സൗഹൃദ സംഘങ്ങളുടെയും ഒരു മുഖ്യ വിനോദ മാർഗ്ഗമായിരുന്നു. എന്നാൽ ഇന്ന് ആ മഹനീയകല പല പ്രതിസന്ധികൾക്കും നടുവിലാണ്. രാജ്യത്ത് 14 എ ക്ലാസ് സർക്കസ് കമ്പനികൾ ഉണ്ടായിരുന്നത് ഇപ്പോൾ ഒമ്പതായി ചുരുങ്ങിയിരിക്കുന്നു. ഇതിൽ പലതും പിടിച്ചുനിൽക്കാനാവാതെ അടച്ചുപൂട്ടൽ ഭീഷണിയിലുമാണെന്ന്  ഇന്ത്യൻ സർക്കസ്സിനെക്കുറിച്ച് ഗവേഷണം നടത്തിവരുന്ന ഫ്രഞ്ചുകാരി, അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ എലിനോർ റിമ്പോ പറയുന്നു.

പ്രദർശന ഗ്രൗണ്ടിന്റെ ലഭ്യതക്കുറവ്, ഭീമമായ വാടക, ഇന്ധനച്ചെലവ്, ട്രാൻസ്പോർടേഷൻ ചെലവുകൾ, കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തം, ആർട്ടിസ്റ്റുകളുടെ ദൗർലഭ്യം, പക്ഷിമൃഗാദികളുടെ പ്രദർശന നിയന്ത്രണനിയമങ്ങൾ, സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരണം, സർക്കസ് ആസ്വാദകരുടെ കുറവ് എല്ലാം തന്നെ സർക്കസിനെ പ്രതികൂലമായി ബാധിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഒരു ദിവസത്തെ വരവിലധികം തുക ചെലവിനായി വിനിയോഗിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. 2000 ഓളം ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയ സർക്കസ് കൂടാരത്തിൽ പലപ്പോഴും 800 ൽ താഴെ മാത്രമേ കാണികൾ ഉണ്ടാവാറുള്ളു. ഇതിനിടയിൽ കൊറോണ പകർച്ചവ്യാധി സാരമായി സർക്കസ് കലയെ ബാധിച്ചു.

കേരളത്തിൽ തന്നെ മൂന്ന് ജില്ലകളിലായി തമ്പടിച്ചിരിക്കുന്ന വ്യത്യസ്ത സർക്കസ് കമ്പനികൾ അവരുടെ ക്യാമ്പ് അവസാനിപ്പിച്ച അവസ്ഥയാണ്. നേരത്തെ മുനിസിപ്പാലിറ്റി/ പഞ്ചായത്ത് അനുമതി വാങ്ങി ഗ്രൗണ്ട് വാടക നൽകി തൊഴിലാളികൾക്കുള്ള താമസം, ഭക്ഷണം അവശ്യ സൗകര്യങ്ങൾ ഒരുക്കി കുറഞ്ഞത് 30 ദിവസത്തെയെങ്കിലും പ്രദർശനം എന്ന കണക്കു കൂട്ടലിലാണ് സർക്കസ് ക്യാമ്പ് നടത്തി വരാറുള്ളത്. ഒരു സ്ഥലത്തെ ക്യാമ്പ് അവസാനിക്കുമ്പോളേക്കും അടുത്ത സ്ഥലം നിശ്ചയിച്ച് ക്യാമ്പിന്റെ പണികൾ ആരംഭിക്കും. സഞ്ചരിക്കുന്ന കുടുംബമായതിനാൽ ഇവർക്ക് റേഷൻ കാർഡോ, വോട്ടവകാശമോ ഉണ്ടാവാറില്ല.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാണികൾ കുറഞ്ഞതോടെ യാതൊരു വരുമാനവും ഇല്ലാതെ ഉഴലുകയാണ് സർക്കസ് ഉടമകളും, കലാകാരന്മാരും, തൊഴിലാളികളും. കൂടാതെ പ്രദർശനം അവസാനിപ്പിച്ച നിലയിൽ പുതിയ സ്ഥലത്ത് അനുമതി ലഭിക്കാത്തതും, യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതും ഇവരെ ആളൊഴിഞ്ഞ തമ്പിൽ തന്നെ തളച്ചിടുന്നു. ചില അന്യസംസ്ഥാന കലാകാരന്മാർ സ്വന്തം നാട്ടിൽ പോയതൊഴിച്ചാൽ ബാക്കി കലാകാരന്മാരും തൊഴിലാളികളും കൂടാരത്തില്‍ കഴിഞ്ഞുവരുകയാണ്.

വരുമാനം ഇല്ലാതെ സർക്കസ് ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കടം വാങ്ങിയാണ് ഈ ഭീകരാവസ്ഥയിൽ സർക്കസ് ക്യാമ്പിലെ ചെലവുകൾ, തൊഴിലാളികളുടെ വേതനം, മറ്റു അവശ്യ ചെലവുകൾ നടത്തിവരുന്നതെന്ന് മാനന്തവാടിയിൽ പ്രദർശനം അവസാനിപ്പിക്കേണ്ടി വന്ന സർക്കസ് ഉടമ പറയുന്നു. സർക്കസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന റഷ്യ, ആഫ്രിക്ക, എത്യോപ്യ വിദേശ കലാകാരന്മാരുടെ സ്ഥിതിയും കഷ്ടമാണ്. കൊറോണ മറ്റു രാജ്യങ്ങളെക്കൂടി ബാധിച്ച അവസ്ഥയിൽ സ്വന്തം നാട്ടിൽ പോകാനാവാത്ത അവസ്ഥയാണ്. കൊറോണ വൈറസ് ബാധയോടനുബന്ധിച്ച് നിയന്ത്രണങ്ങൾ വന്നതോടെ അവശ്യ സാധനങ്ങൾ, സഹായങ്ങൾ എന്നിവ എത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും സഹായം കൂടിയേ തീരൂയെന്ന് മാർഷൽ സി രാധാകൃഷ്ണനും, എലിനോർ റിമ്പോയും പറയുന്നു.

സർക്കസ് കലയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അപ്പോൾക്ക് സംഘടനയുടെ ആഭിമുഖ്യത്തിൽ ഗവേഷണവും പ്രമോഷൻ പരിപാടികളും നടത്തി വന്നിരുന്നതായി മാർഷൽ പറഞ്ഞു. കൊറോണ പ്രതിസന്ധി നേരിടുന്ന സർക്കസ് കമ്പനികൾ, ഉടമകൾ, സർക്കസ് കലാകാരന്മാർ എന്നിവർക്ക് അടിയന്തിര സഹായം ലഭിക്കുന്നതിനും ശ്രദ്ധ ലഭിക്കുന്നതിനുമായി മുഖ്യമന്ത്രി, തൊഴിൽ / കലാകായിക ഡിപ്പാർട്ട്മെന്റ് എന്നിവർക്ക് നിവേദനം നൽകിയെന്നും ഇനി കേന്ദ്ര സർക്കാറിന് നിവേദനം നൽകുമെന്നും മാർഷലും എലനോർ റിമ്പോയും വ്യക്തമാക്കി.

നിലവിൽ കേരളത്തിൽ കുരുങ്ങികിടക്കുന്ന (മാനന്തവാടി, കായംകുളം, കോട്ടക്കൽ) സർക്കസ് കമ്പനികളിലെ കലാകാരന്മാർക്കും തൊഴിലാളികൾക്കും ഭക്ഷ്യ ‑സിവിൽ സപ്ലൈസ് വകുപ്പിന്റെ സഹകരണത്തോടെ റേഷൻ, മെഡിക്കൽ പരിശോധന, കൊറോണ ബോധവൽക്കരണം മറ്റു ആവശ്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റയും, സർക്കാരിന്റേയും, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും (സ്പോൺസർഷിപ്പ് വഴിയോ മറ്റോ ) ചെയ്തു നൽകണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

YOU MAY ALSO LIKE THIS VIDEO