പ്രൊഫ. കെ അരവിന്ദാക്ഷന്‍

March 26, 2020, 5:15 am

കോവിഡ് 19: സര്‍വനാശ സ്പര്‍ശിയായ വന്‍ദുരന്തം

Janayugom Online

കൊവിഡ് 19’ എന്ന മാരകമായ പകര്‍ച്ചവ്യാധി ആഗോളതലത്തില്‍ ഇതിനകം ജീവനെടുത്തത് 18,900ല്‍ ഏറെ ജനങ്ങളുടേതാണ്. ഉദ്ദേശം നാലേകാൽ ലക്ഷം പേര്‍ ആഗോളതലത്തില്‍ രോഗബാധിതരായുമുണ്ട്. ഇതെഴുതുന്ന സമയത്ത് ഇന്ത്യയിലെ രോഗബാധിതര്‍ 562 ല്‍ എത്തിയിരിക്കുന്നു. റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള മരണം 11 ആയി. ചൈനയില്‍ പൊട്ടിപുറപ്പെട്ട ഈ മാരക രോഗം മനുഷ്യ ജീവനു മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥക്കും അതുവഴി ലോക ജനതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സ്ഥിതിഗതികള്‍ ഇന്നത്തെ നിലയിലാണ് നീങ്ങുകയെങ്കില്‍ ലോക സമ്പദ്‌വ്യവസ്ഥ ഏതു നിമിഷവും മാന്ദ്യത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് വഴുതിവീണേക്കാം. ആഗോള സാമ്പത്തിക മാന്ദ്യം എത്രമാത്രം ഗുരുതരമാകുമെന്നോ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നോ ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനത്തേയും പ്രഹരശേഷിയേയും ആശ്രയിച്ചാണ് കണക്കാക്കാന്‍ കഴിയുക എന്ന് കാര്യവിവരമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. ഇതെപ്പറ്റിയെല്ലാം തികഞ്ഞ അനിശ്ചിതത്വമാണ് പൊതുവില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. റാബോ ബാങ്ക് എന്ന സ്ഥാപനത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആഗോളമാന്ദ്യം ഒരു യാഥാര്‍ത്ഥ്യം തന്നെയായി തീരുമെന്നാണ്.

2020 ലെ ആഗോള ജിഡിപി നിരക്ക് 1.6 ശതമാനം മാത്രമായിരിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി 2019 ലെ ജിഡിപി നിരക്ക് 2.9 ശതമാനം വരെ ആയിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആഗോള റേറ്റിംഗ് ഏജന്‍സികളെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നത് ആഗോള സാമ്പത്തികമാന്ദ്യം ഒരു അനിവാര്യ ദുരന്തമായിരിക്കുമെന്നുതന്നയാണ്. 2020 മാര്‍ച്ചില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ കണക്കുകൂട്ടല്‍ നടപ്പുവര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് ഒരു ശതമാനത്തിലേറെയാവില്ലെന്നാണ്. ഈ പ്രവചനം പുറത്തുവരുന്നത് ഒപ്പെക്ക് രാജ്യ കൂട്ടായ്മയും റഷ്യയും തമ്മില്‍ സ്ഥിരമായ എണ്ണവില ഉറപ്പാക്കണമെന്ന വിഷയത്തില്‍ തല്ലിപ്പിരിയുന്നതിന് മുമ്പായിരുന്നു. ഇതേ തുടര്‍ന്ന് എണ്ണവില അതിവേഗം തകര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇതിന്റെ കനത്ത ആഘാതം ഏല്‍ക്കേണ്ടിവരിക എണ്ണ ഉല്‍പ്പാദന‑വിപണന കമ്പനികള്‍ക്കാകെത്തന്നെ ആയിരിക്കും. കോവിഡ് 19നെ പോലെ ഈ പ്രതിഭാസത്തിനും രാജ്യാതിര്‍ത്തികളോ പ്രത്യയശാസ്ത്ര പ്രതിബന്ധങ്ങളോ ബാധകമായിരിക്കുകയുമില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര‑വികസന കാര്യങ്ങള്‍ക്കായുള്ള ഏജന്‍സിയായ ‘അങ്ങ് ടാഡ്’ വിദഗ്ധ പഠനത്തിനുശേഷം പറയുന്നത് ഈ മാരകരോഗത്തെതുടര്‍ന്ന് ആഗോള സമ്പദ്‌വ്യവസ്ഥക്കാകെ 2020ല്‍ മാത്രം 2 ട്രില്യന്‍ ഡോളര്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ്. ഇതില്‍ ഏറിയകൂറും ഓഹരിവിപണികളുടെ തകര്‍ച്ചയെ തുടര്‍ന്നായിരിക്കും സംഭവിക്കുക.

മാന്ദ്യം വ്യാപകമാകുന്നതിന്റെ ഫലമായി ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് 2.5 ശതമാനത്തിലെങ്കിലും എത്തുമോ എന്നതും തീര്‍ത്തുപറയാന്‍ കഴിയില്ല. അതിവേഗത്തില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കു പകരുന്ന ഒരു രോഗമായതിനാല്‍, വ്യവസായ ശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, സിനിമാശാലകള്‍ പോലുള്ള പൊതു വിനോദകേന്ദ്രങ്ങള്‍, കലാ-കായിക വിനോദ കേന്ദ്രങ്ങള്‍, മൈതാനങ്ങള്‍ എല്ലാംതന്നെ ജനങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കുന്ന ഇടങ്ങളായി രൂപാന്തരപ്പെടും. സ്വാഭാവികമായും ഇടപാടുകാരില്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിടപ്പെടുന്ന വ്യവസായങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഹോട്ടലുകളും മറ്റും ഇവിടങ്ങളിലേയ്ക്കുള്ള ഉല്പന്നങ്ങളുടെ സപ്ലൈ ശൃംഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധിയിലകപ്പെടുകയും ചെയ്യും. നിലവിലുള്ള തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതകളേറും. അതോടെ, നിരവധി പേരുടെ വരുമാനവും ക്രയശേഷിയും ഇല്ലാതാകും. ഉല്പന്നങ്ങളുടെ വിലനിലവാരം തന്മൂലം കുത്തനെ ഇടിയുക ഇതിന്റെ സ്വാഭാവിക പരിണാമമാണല്ലോ. ഇത്തരം പ്രക്രിയകള്‍ ഏറെനാള്‍ തുടര്‍ന്നാല്‍ അത് മാന്ദ്യത്തിലേക്കുള്ള വഴിതുറക്കാതിരിക്കില്ല. ചൈനയിലെ വുഹാനില്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട് അതിവേഗം പടരുന്ന മാരകമായ ഒരു സാംക്രമിക രോഗമായി മാറിയ കോവിഡ് 19 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ആദ്യഘട്ടത്തില്‍തന്നെ ബാധിച്ചത് ഇവിടത്തെ മൂന്നു വ്യവസായ മേഖലകളെയാണ്. ഔഷധനിര്‍മ്മാണം, ആട്ടോ മൊബൈല്‍, മൊബൈല്‍ഫോണ്‍ എന്നിവയെ. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന് മോഡി എത്രവട്ടം ആവര്‍ത്തിച്ചതിനുശേഷം ഈ വ്യവസായങ്ങളുടെ നടത്തിപ്പിനാവശ്യമായ കംപോണന്റുകള്‍ — ഘടക ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നുമാണ്.

ഇന്ത്യന്‍ ഫാര്‍മസി വ്യവസായി അതിനാവശ്യമുള്ള ഘടക ഉല്പന്നങ്ങളുടെ 70 ശതമാനത്തിനും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും യു എസിലേക്കും കയറ്റിയയക്കുന്ന ജനറിക് ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് മേലില്‍ 50 ശതമാനമെങ്കിലും ഉയര്‍ത്തേണ്ടിവരും. കീടനാശിനികളുടെ നിര്‍മ്മാണ പ്രതിസന്ധിയും ഇതുതന്നെയാണ്. കംപോണന്റുകളുടെ സ്റ്റോക്ക് ഈ രണ്ടു മേഖലകള്‍ക്കും തല്ക്കാലം ഉണ്ടെങ്കിലും അതില്‍ കാര്യമില്ല. ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് ജിഎസ്‌ടി നിരക്ക് 12ല്‍ നിന്നും 18 ശതമാനത്തിലേക്ക് ഉയര്‍ത്തിയതില്‍ ഒരു ഉല്പന്നം മൊബൈല്‍ ഫോണ്‍ ആണെന്ന വസ്തുത ഈ സാഹര്യവുമായി ചേര്‍ത്തു കാണേണ്ടതാണ്. സമാനമായ ഗതികേടാണ് മറ്റൊരു പ്രമുഖ കയറ്റുമതി മേഖലയായ രത്നം, സ്വര്‍ണവ്യാപാരികളുടേത്. അവര്‍ മുഖ്യമായും ചൈനയിലേയും ഹോങ്കോങിലേയും വിപണികളെയാണ് ആശ്രയിച്ചിരുന്നത്. കയറ്റുമതി നിയന്ത്രണം ഭാഗികമായിട്ടെങ്കിലും നിലവില്‍ വന്നതിന്റെ ഫലമായി ഈ വ്യവസായ മേഖലകള്‍ക്ക് 2020 ല്‍ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടമെങ്കിലും ഉണ്ടാകുമത്രെ. അങ്ങനെ ഇവിടെയും 70 ശതമാനം കയറ്റുമതി സാധ്യതകള്‍ കൊട്ടിയടക്കപ്പെടും. സോഫ്റ്റ്‌വെയര്‍ സേവന വ്യവസായം മാത്രമാണ് ഇതുവരെയായി തകര്‍ച്ചയെ അതിജീവിക്കാനുള്ള കരുത്ത് പ്രകടമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ മേഖലയേയും കോവിഡ് 19 ക്രമേണ പ്രതികൂലമായി ബാധിക്കും. യു എസ് ഇതിനകം തന്നെ ആഭ്യന്തര സാമ്പത്തിക അടിയന്തിരാവസ്ഥയിലാണ്. അവിടത്തെ സോഫ്റ്റ്‌വെയര്‍ വ്യവസായവും ആരോഗ്യമേഖലയും താമസിയാതെ പുതിയ സ്ഥിതിയിലകപ്പെടും. അതോടെ അതിജീവിക്കാന്‍ കഴിഞ്ഞ സേവന മേഖലകളും ദുരന്തത്തിലാകും. ഇത്തരം അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ടതിനെ തുടര്‍ന്നാണ് യു എസിലെ റഗുലേറ്റര്‍മാര്‍ നേരിട്ട് വിപണിയില്‍ കുതിച്ചെത്തുകയും ആഗോള വിപണിയിലടക്കം കൂടുതല്‍ മൂലധനം പമ്പ് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തത്. യു എസ്, ഫെഡറല്‍ റിസര്‍വ് ആണെങ്കില്‍ ഒരു ശതമാനം പലിശനിരക്കില്‍ കുറവു വരുത്തുന്നതായി പ്രഖ്യാപനം നടത്തിയതും ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍, ഓഹരി വിപണികളുടെ ഇനി നേരിട്ടുള്ള അനുകൂല പ്രതികരണം ഹ്രസ്വ സമയത്തേക്കു മാത്രമായിരുന്നു. പ്രതിസന്ധിയുടെ ആഴം അത്രയേറെയാണ്.

പലിശനിരക്ക് കുറച്ചതിന്റെ ഗുണഫലം ഒറ്റദിവസത്തേക്കു മാത്രം ഒതുങ്ങിപ്പോയി. യൂറോ വിപണികളും യു എസ് വിപണികളെപ്പോലെ ചലനമറ്റനിലയില്‍ തുടരുകയായിരുന്നു. കോവിഡ് 19ന്റെ ആഹ്വാനം പ്രതിരോധിക്കാന്‍ കൂടുതല്‍ ഉത്തേജക നടപടികള്‍ക്കായി കാത്തിരിക്കുകയാണ് യൂറോപ്യന്‍ വിപണികളെല്ലാം. യു എസ് പ്രസിഡന്റ് ട്രംപ് നാട്ടിലെ മോശപ്പെട്ട പ്രാഥമിക ആരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ ഒരല്പമെങ്കിലും മെച്ചപ്പെടുകയും ചെയ്തു. അതേസമയം, ട്രാവല്‍-ടൂറിസം മേഖലകള്‍ ഗുരുതരമായ അവസ്ഥയിലാണ്. നിരവധി രാജ്യങ്ങള്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാന്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഈ മേഖലകള്‍ ഫലത്തില്‍ ‘ലോക്ക് ഡൗണ്‍’ ചെയ്തതുപോലെയായി മാറിയിട്ടുമുണ്ട്. അമേരിക്കന്‍ ഭരണകൂടം യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചപ്പോള്‍, ഇന്ത്യയാണെങ്കില്‍ യാത്രാ വിസകള്‍ കര്‍ശനമായ പരിശോധനക്കു ശേഷം മാത്രമേ അനുവദിക്കുന്നുള്ളു. എയര്‍ലൈന്‍സ് കമ്പനികള്‍, എയര്‍പോട്ടുകള്‍, എണ്ണ വിപണന കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ തുടങ്ങിയവയില്‍ തൊഴിലവസര നഷ്ടം ക്രമേണ അനുഭവപ്പെട്ടുവരികയാണ്. വില്പനയില്‍ ഉണ്ടായിരിക്കുന്ന നഷ്ടം അത്രയേറെ കനത്തതോതിലാണ്. ഹൈദ്രാബാദില്‍ 2020 മാര്‍ച്ച് ഒന്നാം വാരത്തില്‍ സംഘടിപ്പിച്ച ബോയിംഗ് എക്സിക്യൂട്ടീവ് സമ്മേളനം കണക്കാക്കിയത് ഏഷ്യാ-പസഫിക്ക് മേഖലയില്‍ മാത്രം 50 ശതമാനം ഇടിവാണ് പ്രതിദിന യാത്രകളില്‍ ഉണ്ടായിരിക്കുന്നതെന്നാണ്. ചൈനയിലേക്കുള്ള പ്രതിദിന ട്രിപ്പുകള്‍ 15,000 ആയിരുന്നത് പൊടുന്നനെ 3000 മായി ഇടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇത് 2500 വരെയെത്തിയത്രെ. മറ്റു വിപണികളിലേക്ക് ‘വൈറസ്’ പടരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാതിരിക്കില്ല. ആഗോളതലത്തില്‍ മാത്രമല്ല, പ്രാദേശിക തലങ്ങളിലും ഇപ്പോള്‍ നടന്നുവരുന്ന ആശയവിനിമയങ്ങളും പ്രത്യയശാസ്ത്ര‑രാഷ്ട്രീയ നിലപാടുകള്‍ വിസ്മരിച്ചുകൊണ്ടുള്ള നയതന്ത്രബന്ധങ്ങളും ‘സാര്‍ക്ക്’ പോലുള്ള ഫലപ്രദമായ വേദികളിലൂടെ ശക്തിപ്രാപിച്ചുവരുന്നത് ശുഭോദര്‍ക്കമായി കാണണം. എന്നാല്‍ ഇതിനെല്ലാം ഉപരിയായി മറ്റൊരു പ്രതിസന്ധിയെപ്പറ്റി കൂടി നാം ബോധവാന്മാരാകേണ്ടതാവശ്യമാണ്. കൂട്ടായ പരിശ്രമങ്ങള്‍ വഴി കോവിഡ് 19 ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി ലോകം തരണം ചെയ്തു എന്നുതന്നെ കരുതുക.

അപ്പോള്‍, രൂപപ്പെട്ടുവരുന്നൊരു പുതിയ സാഹചര്യമുണ്ടാകും. അവിടെ അനുഭവപ്പെടുക അതുവരെയായി നിയന്ത്രിക്കപ്പെട്ടിരുന്ന, അഥവാ തടവിലകപ്പെട്ടിരുന്ന, ഡിമാന്‍ഡ് പൊടുന്നനെ ഒരു പൊട്ടിത്തെറിയായി രൂപാന്തരപ്പെട്ടാല്‍‍, ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍ക്ക്, വിശിഷ്യാ ഇന്ത്യയുടേതുപോലുള്ള ഒരു വികസ്വര രാജ്യത്തിന് അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയുക എളുപ്പമായിരിക്കില്ല. ഇത്തരമൊരു പ്രതിസന്ധിയും നമുക്കു നിസാരവല്കരിക്കാന്‍ സാധ്യമല്ല. ഉദാഹരണത്തിന് ടാക്സി കാറുകളും ഓട്ടോ റിക്ഷകളും വരുമാനമാര്‍ഗമായുള്ള വലിയൊരു വിഭാഗം പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ട്. അവര്‍ക്ക് വേണ്ടത്ര ഇടപാടുകാരെ ദീര്‍ഘനാളത്തേക്കു കിട്ടാത്തൊരു സ്ഥിതിവിശേഷമാണു ആവുന്നതെങ്കില്‍ അവരില്‍ ഭൂരിഭാഗം പേരും തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. മാത്രമല്ല, തന്മൂലം അവരുടെ കുടുംബംതന്നെ പട്ടിണിയിലകപ്പെടുകയും ചെയ്യും. സ്വാഭാവികമായും നിലവിലുള്ള പ്രതിസന്ധി താമസിയാതെ പരിഹരിക്കപ്പെടാതിരുന്നാല്‍, അതിന്റെ സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങള്‍‍ ദുരിതപൂര്‍ണമാവാതിരിക്കില്ല. വിനോദമേഖലയെപ്പോലെ കായികാഭ്യാസ മേഖലകളും വന്‍തോതില്‍ തളര്‍ച്ചയിലകപ്പെടും. സാര്‍വദേശീയതലത്തില്‍ ക്രിക്കറ്റ്, ഫുട്­ബോള്‍ മത്സരങ്ങള്‍ മാത്രമല്ല, ഒളിമ്പിക്സ് തന്നെ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ചുരുക്കത്തില്‍ മനുഷ്യ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ ഈ സാമൂഹ്യ ദുരന്തം ഏതുവിധേനയും തടഞ്ഞുനിര്‍ത്തിയേതീരു. പ്രത്യയശാസ്ത്ര‑രാഷ്ട്രീയ ഭിന്നതകള്‍ക്ക് അവധി നല്കി മനുഷ്യസമൂഹം ഒന്നായി നിലകൊള്ളുകതന്നെ വേണം.