June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കോവിഡ് 19: വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ തീർച്ചയായും പാലിക്കേണ്ട നിർദേശങ്ങൾ ഇവയാണ്

By Janayugom Webdesk
March 18, 2020

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ (കോവിഡ്19) വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 7965 ആയി. 1,98,178 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്. രാജ്യത്താകെ 151 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 113 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം സംസ്ഥാനത്ത് 18,011 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് വൈറസിന്റെ പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.

കൊവിഡ് 19 ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനവും. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. കൊവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. രോഗലക്ഷണങ്ങളില്ലെങ്കിലും രോഗം വരാനും രോഗപകര്‍ച്ച ഉണ്ടാകാനും സാധ്യത കൂടുതലാണ്. അതിനാലാണ് ഇവരെ വീട്ടിലെ നിരീക്ഷണത്തിലാക്കുന്നത്. അത്തരത്തിൽ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കണം. അടുത്ത ബന്ധുക്കളായാലും സുഹൃത്തുക്കളായാലും അവരോട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. വീടുകളിൽ നിരീക്ഷണത്തില്‍ ഉള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകണം. കൈകള്‍ തുടയ്ക്കുവാന്‍ വേണ്ടി ഉണങ്ങിയ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം.

നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി ഉപയോഗിച്ച പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. അതുപോലെ ഇവരുപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മാര്‍ജ്ജനം ചെയ്യുകയും വേണം. ഇവരുടെ വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി വേണം വൃത്തിയാക്കാന്‍. അതുപോലെ നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.രോഗലക്ഷണമുള്ളവര്‍ വായൂ സഞ്ചാരമുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്, തുണി എന്നിവ കൊണ്ട് വായും മൂക്കും മറയ്‌ക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ തുപ്പെരുത്.

രോഗ ലക്ഷണം പ്രകടമാകുന്നവര്‍ കോവിഡ് 19 കോള്‍ സെന്ററുമായി ബന്ധപ്പെടണം. ഒരുകാരണവശാലും പൊതുഗതാഗത സമ്പ്രദായമുപയോഗിച്ച് ആശുപത്രിയിലെത്തരുത്. കോവിഡ് 19 കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാല്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്. ഇതുകൂടാതെ ജില്ലാ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. വ്യക്തി ശുചിത്വം നന്നായി പാലിക്കണം. ഈ കാര്യങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ വൈറസിനെ ഒരു പരിധി വരെ തുരത്താവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.