കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,334 കോവിഡ് 19 കേസുകൾ. 27 പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം ഇരുപത്തിനാല് മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 507 ആയി.
രാജ്യത്ത് 15,712 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 2,231 പേർ രോഗവിമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയ ജോയിൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കഴിഞ്ഞ 14 ദിവസമായി 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.86 ലക്ഷം കോവിഡ് സാന്പിൾ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ശനിയാഴ്ച മാത്രം 37000 പരിശോധനകൾ നടന്നുവെന്നും ലവ് അഗർവാൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം നടന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അവശ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
എന്താണ് സാർസ് കോവ് 2 വൈറസ്? എത്രയിനം കൊറോണ വൈറസുകൾ ഉണ്ട്?
ചൈനയില്‍ 2019 ല്‍ കണ്ടെത്തിയ വൈറസാണ് സാര്‍സ് കോവ്2 (Severe Acute Respiratory Syndrome Coronavirus 2 (SARS-CoV‑2). നോവല്‍(പുതിയ) കൊറോണ വൈറസ് എന്നും ഇത് അറിയപ്പെടുന്നു. 2002 ല്‍ ചൈനയെ മൊത്തത്തില്‍ ആക്രമിച്ച സാര്‍സ് എന്ന വൈറസിനോട് ജനിതക ഘടനയില്‍ ഏറെ സാമ്യമുണ്ട് സാര്‍സ് കോവ് 2ന്. അത്കൊണ്ടാണ് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓണ്‍ ടാക്സോണമി ഓഫ് വൈറസസ് ഇതിന് സമാനമായ പേര് നല്കിയതും. മനുഷ്യരെയും മൃഗങ്ങളെയും ഒരു പോലെ ആക്രമിക്കാൻ ഈ വൈറസിന് കഴിയും. ശരീരത്തിലേയ്ക്ക് കടന്ന് കോശങ്ങളെ ആക്രമിച്ച് കോശങ്ങളിലെ പ്രോട്ടീൻ ഉപയോഗിച്ച് കൂടുതല്‍ വൈറസിനെ ഉത്പ്പാദിപ്പിക്കുവാൻ ഇവയ്ക്ക് കഴിയും. ക്രൗണ്‍ അഥവാ കിരീടം പോലെ ഉയര്‍ന്നു നില്ക്കുന്ന മുനകള്‍ ഉള്ളതുകൊണ്ടാണ് കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. ശരീരത്തിലെ കോശങ്ങളിലേയ്ക്കു കടക്കാന്‍ വൈറസിനെ സഹായിക്കുന്ന ഒരു താക്കോലാണ് ഈ മുനകള്‍. ഇവ പ്രത്യേക തരം പ്രോട്ടീനുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയത് ഉള്‍പ്പെടെ ഏഴിനം വൈറസുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ ഏഴും മനുഷ്യനെ ആക്രമിക്കുന്ന വൈറസുകളാണ്. 229 ഇ (ആൽഫ), എൻഎൻ63 (ആൽഫ),ഒസി 43(ബീറ്റ), എച്ച്കെയു1 (ബീറ്റ) എന്നിവയാണവ. ഇതിൽ നാലെണ്ണം മനുഷ്യനിലെ ജലദോഷപ്പനിക്ക് ഉൾപ്പെടെ കാരണമാകുന്നതാണ്. സാർസ് കോവ് 1, മെർസ്, സാർസ് കോവ് 2 എന്നിവ മനുഷ്യശരീരത്തിലെത്തി സ്വയം ജനിതക തിരുത്തലുകൾ വരുത്തിയ വൈറസുകളാണ്.
എന്താണ് കോവിഡ് 19:കൊറോണ വൈറസ് കുടുംബത്തിൽ നിന്ന് ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട സാർസ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (Coronavirus disease 2019). ലോകാരോഗ്യസംഘടന 2020 മാർച്ച് 11ന് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. പുതിയൊരു രോഗം വളരെ പെട്ടെന്ന് വളരെ വലിയ പ്രദേശത്തു പരക്കുമ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
എന്തൊക്കെയാണ് കോവിഡ് രോഗലക്ഷണങ്ങൾ? എങ്ങനെയാണ് വൈറസ് മനുഷ്യരിലേയ്ക്കു പടരുന്നത്?
പനി, ക്ഷീണം, വരണ്ട ചുമ, തൊണ്ടവേദന, ചില രോഗികൾക്ക് ദേഹം വേദനയും മൂക്കടപ്പും മൂക്കൊലിപ്പും വയറിളക്കവും വരെ വരാറുണ്ട്. ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളോ ശാരീരിക അസ്വസ്ഥതകളോ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. പതിയെപ്പതിയെയാണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക. 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തിൽ നിന്ന് മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറിൽ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുന്നത്. അത്തരക്കാർക്ക് ശ്വാസതടസ്സം ഉണ്ടാകും. ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ളവരെയും വയോജനങ്ങളെയും രോഗം ഗുരുതരമായി ബാധിക്കും. ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ സ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേയ്ക്ക് പടരുന്നത്. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും പറ്റിപ്പിടിച്ചിരിക്കുകയും മറ്റൊരാള്‍ ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ശരീരത്തിലേയ്ക്ക് എത്തുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുമ്പോഴും രോഗം പകരാം. ഇതിനാലാണ് രോഗബാധിതനായ ഒരാളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരത്തില്‍ നില്‍ക്കണമെന്ന് പറയുന്നത്. വൈറസ് പടര്‍ന്നു പിടിക്കുന്ന മറ്റ് വഴികളെക്കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.