Web Desk

കൊച്ചി

March 18, 2020, 7:35 pm

കോവിഡ് 19: ദേവാലയങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി കെസിബിസി

Janayugom Online

കോവിഡ്-19 രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ ദേവാലയങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി കേരള കാത്തലിക് ബിഷപസ് കൗൺസിൽ (കെസിബിസി). ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ദേവാലയങ്ങളിലെ വിശുദ്ധ കുർബാനയിലും മറ്റു തിരുക്കർമ്മങ്ങളിലും ആൾക്കൂട്ടങ്ങൾ ഉണ്ടാകരുതെന്നും കുട്ടികളും പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും വീട്ടിലിരുന്ന് ഓൺലൈൻ കുർബാനകളിൽ സംബന്ധിച്ചാൽ മതിയാകുമെന്ന് പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരി, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ്, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ അറിയിച്ചു.

കോവിഡ്-19 മൂന്നാം ഘട്ടത്തിലേയ്ക്കോ നാലാം ഘട്ടത്തിലേയ്ക്കോ കടന്നാൽ അത് വളരെ അപകടകരമായിരിക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന മുറിയിപ്പ്. അതിനാൽ വ്യക്തികളായും ഇടവകകളായും സ്ഥാപനങ്ങളായും ഈ വിഷയത്തിൽ കർശനമായ വൈറസ് പ്രതിരോധ നടപടികൾ തുടരേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോക്ടർമാരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കരുതൽ നടപടികൾ സ്വീകരിക്കുന്നത്. ദേവാലയങ്ങളിലെ വി. കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അൻപതിൽ താഴെയുള്ള ആരാധനാ സമൂഹങ്ങൾക്കായി വൈദികർ വി. കുർബാന അർപ്പിക്കുന്നതിനുള്ള സാഹചര്യം ഏർപ്പെടുത്തണമെന്നും കെസിബിസി നിർദേശിച്ചു.

ചെറിയ കൂട്ടങ്ങളിലായാലും ജലദേഷമോ, തുമ്മലോ, ചുമയോ, പനിയോ ഉള്ളവർ ഒരിക്കലും കടന്നുവരാൻ ഇടയാകരുത്. പ്രത്യേകമായ സാഹചര്യങ്ങളിൽ ചില ദേവാലയങ്ങളിലെ വി. കുർബാനയർപ്പണം നിർത്തുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതാണെന്നും കെസിബിസി നിർദേശിച്ചു. അതേസമയം വ്യക്തികളായി വന്നു പ്രാർത്ഥിക്കുതിനുള്ള സൗകര്യം നൽകാൻ എല്ലാ ദോവാലയങ്ങളും പതിവുപോലെ തുറന്നിടേണ്ടതാണ്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള വിശുദ്ധവാര തിരുക്കമ്മങ്ങളെക്കുറിച്ച് അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മാർച്ച് അവസാന ആഴ്ചയിൽ അതതു സഭകളിൽനിന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകും. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രൂപതാധ്യക്ഷന് ഉപദേശം നൽകുന്നതിനായി ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘത്തെ രൂപീകരിക്കണം എന്നിങ്ങനെ ഏഴു നിർദേശങ്ങളാണ് കെസിബിസി നൽകിയിരിക്കുന്നത്.

Eng­lish Sum­ma­ry; covid 19; KCBC strict regulations

YOU MAY ALSO LIKE THIS VIDEO