പൊലീസിന്റെ കൈകഴുകൽ വീഡിയോ ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ

Web Desk

തിരുവനന്തപുരം

Posted on March 20, 2020, 7:24 pm

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസ് ഇറക്കിയ കൈകഴുകൽ വീഡിയോയ്ക്ക് നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഇപ്പൊഴിതാ കാക്കിക്കുള്ളിലെ കലാകാരന്മാരെ ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൽ അതീവ കരുതലോടെ നീങ്ങുന്ന ജനതയ്ക്ക് രോഗം എങ്ങനെ തടയാനാകും എന്ന മാർഗനിർദേശമാണ് വീഡിയോയിലൂടെ നൽകുന്നത്.

കൈകൾ വ്യത്തിയായി കഴുകേണ്ട രീതി പൊലീസുകാർ ഡാൻസ് രൂപത്തിലാണ് വീഡിയോയിൽ അവതരിപ്പിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടിനാണ് പൊലീസുകാർ മാസ്ക്ക് ധരിച്ച് ചുവടുവയ്ക്കുന്നത്. കേരള പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജില്‍നിന്നു മാത്രം 14 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ഈ വീഡിയോയ്ക്കാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസ ലഭിച്ചിരിക്കുന്നത്.

ബിബിസി, സ്കൈ ന്യൂസ്, ഫോക്സ് ന്യൂസ് തുടങ്ങി നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറൽ വീഡിയോ വാർത്തയായി. കൊറോണയെ നേരിടാൻ കേരള സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്ന് ബിബിസി വാർത്തയിൽ പറഞ്ഞു. രതീഷ് ചന്ദ്രൻ, ഷിഫിൻ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

Eng­lish Sum­ma­ry; covid 19; ker­ala police viral video

YOU MAY ALSO LIKE THIS VIDEO