Web Desk

മുംബൈ

April 04, 2020, 2:03 pm

കോവിഡ്: മഹാരാഷ്ട്രയിൽ രോഗബാധിതർ 500 കവിഞ്ഞു

Janayugom Online

മഹാരാഷ്ട്രയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 537 ആയി. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 500 കവിയുന്ന ആദ്യത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നു മാത്രം 47 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

മുംബൈ-28, താനെ-15, അംരാവതി- ഒന്ന്, പൂനെ-രണ്ട്, ചിഞ്ചവാട്- ഒന്ന് എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് ഇതുവരെ 2,902 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ മരണം 68 ആയി. ഗുജറാത്തിൽ കോവിഡ് മരണം പത്തായി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ ആകെ എണ്ണം 386 പേരായി. ഇതില്‍ 250 ഓളം പേരും നിസാമുദ്ദീനില്‍ നടന്ന മതപരിപാടിയില്‍ പങ്കെടുത്തവരാണ്.

കോവിഡ് 19 വൈറസ് ബാധിച്ച് തമിഴ്‌നാട്ടിൽ ഒരാള്‍ കൂടി മരിച്ചു. തമിഴ്‌നാട് വില്ലുപുരത്താണ് ഒരാൾ മരിച്ചത്. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 51 കാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ 102 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

YOU MAY ALSO LIKE THIS VIDEO