കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണം: വഴിയോരകച്ചവടം പൂർണ്ണമായും നിരോധിച്ചു

Web Desk

കോട്ടയം

Posted on April 30, 2020, 2:20 pm

കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് ഇൻസിഡൻറ് കമാൻഡർമാരായ തഹസിൽദാർമാർക്ക് ചുമതല നൽകിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം.

മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍;

 • മാർക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകൾ നിർണയിക്കണം. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോൾ അണുനശീകരണം നടത്തണം.
 • പ്രവേശിക്കുന്ന സ്ഥലത്ത് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം. തുടർന്ന് അൺലോഡിംഗ് പാസ് അനുവദിക്കണം. നൽകുന്ന പാസുകളുടെ ഒരു രജിസ്റ്റർ സൂക്ഷിക്കണം.
 • ഇത്തരം പാസില്ലാത്ത വാഹനങ്ങളിൽനിന്ന് കടയുടമകളും തൊഴിലാളികളും ചരക്ക് ഇറക്കാൻ പാടില്ല.
 • പരിശോധനയിൽ പനി സംശയിക്കപ്പെടുന്നവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് തുടർപരിശോധനയ്ക്ക് എത്തിക്കണം.
 • മാർക്കറ്റിലേക്കുള്ള പ്രവശേന സ്ഥലത്ത് ഈ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കഴിയുന്ന രീതിയിൽ ലോഡ് ഇറക്കുന്നതിനുള്ള സമയം ക്രമീകരിക്കണം.
 • മൊത്തവിതരണ, കച്ചവടക്കാർ ദിവസേന തങ്ങളുടെ കടയിൽ ലോഡ് ഇറക്കിയ വാഹനങ്ങളുടെയും ലോഡ് ഇറക്കിയ തൊഴിലാളികളുടെയും പേരുവിവരവും ഫോൺ നമ്പരുകളും എഴുതി സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം.
 • എല്ലാ സ്ഥാപനങ്ങളിലും ഓരോ ദിവസവും ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും മേൽവിലാസവും അതത് സ്ഥാപന ഉടമകൾ ദിവസേന എഴുതി സൂക്ഷിക്കണം.
 • എല്ലാ കയറ്റിറക്കു തൊഴിലാളികളുടെയും ശരീരോഷ്മാവ് മാർക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്ത് പരിശോധിക്കണം. കയറ്റിറക്ക് തൊഴിലാളികൾ യൂണിഫോം നിർബന്ധമായും ധരിക്കണം.
 • കച്ചവട സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും വാഹന ഡ്രൈവർമാരും മാർക്കറ്റിലെത്തുന്ന പൊതുജനങ്ങളും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
 • മൊത്ത വ്യാപാര മാർക്കറ്റുകളിൽ ചില്ലറ വില്പന പരമാവധി ഒഴിവാക്കണം.
 • സ്ഥാപന ഉടമകളും ജോലിക്കാരും സാമൂഹിക അകലം പാലിക്കുകയും മാസ്ക്, ഗ്ലൗസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിച്ച് ബ്രേക്ക് ദ ചെയിൻ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
 • മാർക്കറ്റിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇല്ലാത്ത കച്ചവടവും വഴിയോരകച്ചവടവും പൂർണ്ണമായും നിരോധിച്ചു.
 • ലോറി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം പൊതിയായി കടയുടമകൾ നൽകണം. തൊഴിലാളികൾ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കുക. ലോഡ് ഇറക്കിക്കഴിഞ്ഞാലുടൻ വാഹനങ്ങൾ മാർക്കറ്റിൽ നിന്ന് പോകണം.
 • മാർക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്ത് സഹായകേന്ദ്രം, മാർക്കറ്റിനുള്ളിൽ ലോറി തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള സ്ഥലം, ഒരോരുത്തരും ഉപയോഗിച്ച ശേഷം ശുചിമുറികളുടെ അണുനശീകരണം, ശുചിമുറികളുടെ മുൻവശത്ത് വിവിധ ഭാഷകളിൽ ശുചിത്വ നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയവ വ്യാപാരി വ്യവസായികൾ സംയുക്തമായി നടപ്പാക്കണം.
 • മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണം.
 • ഇൻസിഡൻറ് കമാണ്ടർമാർ വ്യാപാരി വ്യവസായികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർത്ത് തങ്ങളുടെ അധികാര പരിധിയിൽ വരുന്ന മാർക്കറ്റുകളിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണം.

Eng­lish Sum­ma­ry: COVID 19; More restric­tions on Kot­tayam mar­kets

YOU MAY ALSO LIKE THIS VIDEO