Web Desk

ന്യൂഡല്‍ഹി

April 08, 2021, 10:32 pm

കോവിഡ് 19; കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളിലേക്ക്

Janayugom Online

രോഗ വ്യാപനം അനിയന്ത്രിതമായതോടെ പല സംസ്ഥാനങ്ങളും ലോക്ഡൗൺ, വാരാന്ത്യ ലോക്ഡൗൺ, രാത്രികാല കർഫ്യൂ തുടങ്ങി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുജറാത്തിലെ 20 നഗരങ്ങളിൽ ഈ മാസം 30 വരെ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ സർക്കാർ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 3,575 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.ഒഡിഷയിൽ പത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ നീട്ടി. കഴി‍ഞ്ഞ ദിവസം 1,921 പേർക്കാണ് ഒഡിഷയില്‍ രോഗം സ്ഥിരീകരിച്ചത്. 

ആരാധനാലയങ്ങൾ രാത്രി എട്ടുവരെ തുറക്കാന്‍ അനുവദിക്കും. ഷോപ്പിംഗ് മാളുകൾ, പ്രൊവിഷൻ സ്റ്റോറുകൾ, പച്ചക്കറി സ്റ്റാളുകൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണം. ഇവ രാത്രി 11 വരെ തുറന്നിരിക്കാൻ അനുവദിക്കും. റെസ്റ്റോറന്റുകൾ, ടീ സ്റ്റാളുകൾ, സിനിമാ തിയേറ്ററുകൾ, മ്യൂസിയങ്ങൾ, വിനോദ പാർക്കുകൾ എന്നിവയും കര്‍ശന നിയന്തണങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം.

ഉത്തര്‍പ്രദേശിലെ നോയിഡയിലും ഗാസിയാബാദിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 17 വരെ നിയന്ത്രണങ്ങള്‍ തുടരും.
ദേശീയ തലസ്ഥാനമായ ഡൽഹിയിലും രാത്രി 10 മുതല്‍ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 5,100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിദിനം 50,000ത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജസ്ഥാനിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. 2,801 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 

തമിഴ്‌നാട്ടിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മതപരമായ പരിപാടികൾക്കും ക്ഷേത്രോത്സവങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. കർശന നിയന്ത്രണങ്ങള്‍ ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വരും.
eng­lish summary;Covid 19; More states to control
YOU MAY ALSO LIKE THIS VIDEO;