കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിച്ച് കോവിഡ് വിമുക്തി നേടിയ യുവതി ആദ്യത്തെ കുഞ്ഞിന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജൻമം നൽകി. രണ്ടു ദിവസങ്ങൾക്കു മുമ്പ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗമുക്തയായ കാസർകോട് ജില്ലയിലെ ഗർഭിണിയായ യുവതിയാണ് ഇന്ന് ഉച്ചയ്ക്ക് 12.20ന് കുഞ്ഞിന് ജന്മം നൽകിയത്. മൂന്ന് കിലോ തൂക്കമുണ്ട് കുഞ്ഞിന്.
കോവിഡ് മുക്തി നേടിയ യുവതിക്കും ഭർത്താവിനും ഇതു സന്തോഷത്തിന്റെ ഇരട്ടി മധുരമാണെന്ന് പ്രിൻസിപ്പൽ ഡോ എൻ റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ സുദീപ് അറിയിച്ചു. സിസേറിയനിലൂടെയാണ് കുഞ്ഞിന് ജൻമം നൽകിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക മെഡിക്കൽ സംഘത്തിലെ ഡോക്ടർമാർ, അനസ്തേഷ്യ വിഭാഗത്തിലെ മേധാവി ഡോ ചാൾസ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവർ രാവിലെ 11 മണിയോടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷൻ തീയേറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത്.
അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നേരത്തെ കോവിഡ് രോഗം ബാധിച്ച് ഈ യുവതിയും ഭർത്താവും ഗവ. മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണ സംവിധാനത്തിൽ കഴിഞ്ഞിരുന്നു. കോവിഡ് ഫലം പിന്നീട് നെഗറ്റീവാണെന്ന് കണ്ടെത്തി. യുവതിയുടെ പ്രസവം അടുത്തതിനാൽ ഡിസ്ചാർജ് ചെയ്യാതെ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. പ്രിൻസിപ്പൽ ഡോ എൻ റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ്, കോവിഡ് ടീമിലെ ഡോക്ടർമാർ, നഴ്സുമാർ മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ നവജാത ശിശുവിനും അമ്മയ്ക്കും ആശംസകൾ നേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.