Web Desk

തൃശൂര്‍

March 25, 2020, 9:24 pm

കോവിഡ് 19 വ്യാപനം: ട്രെയിനുകള്‍ ആശുപത്രികളാക്കാന്‍ പദ്ധതി

Janayugom Online

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയിട്ട ട്രെയിനുകള്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളാക്കാന്‍ ആലോചന. രാജ്യമെങ്ങും രോഗം പടരുന്ന സാഹചര്യമുണ്ടായാല്‍ പൊതു ചികിത്സാ കേന്ദ്രങ്ങളുടെ കുറവ് പരിഹരിക്കാന്‍ റെയില്‍വേ തന്നെയാണ് ഈ ആശയം മുന്നോട്ടു വെക്കുന്നത്. 2017 ല്‍ മധ്യ റെയില്‍വേ നടപ്പാക്കിയ റെയില്‍ ആംബുലന്‍സ് സംവിധാനത്തിന്റെ മാതൃക പിന്തുടര്‍ന്ന് ട്രെയിനുകളെ ആശുപത്രി വാര്‍ഡുകളാക്കാമെന്നാണ് നിര്‍ദ്ദേശം.

50 പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ സൗകര്യമുള്ള നാല്‌ കോച്ചുകളുള്ള ആംബുലന്‍സാണ് 2017ല്‍ മുംബൈയിലെ റെയില്‍വേ വര്‍ക്ക് ഷോപ്പ് ഒരുക്കിയത്. വിവിധ സോണുകളിലുള്ള 4000 ദീര്‍ഘ ദൂര ട്രെയിനുകളെ ഇങ്ങനെ ആശുപത്രികളായി ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ഐസലേഷന്‍ ക്യാമ്പുകള്‍ പരിമിതമായ അവസ്ഥയില്‍ അതിനും ട്രെയിന്‍കോച്ചുകള്‍ ലഭ്യമാക്കിയേക്കും. ഇക്കാര്യത്തില്‍ റെയില്‍വേ ബോര്‍ഡ് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍മാരുടെ അഭിപ്രായം തേടിയിട്ടുണ്ട്. രാജ്യത്തെ ഒരുകോടി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ശൃംഖല മുഴുവന്‍ ഈ സേവനം ലഭ്യമാക്കാം.

രോഗബാധയുള്ള സ്ഥലങ്ങളിലേക്ക് പെട്ടെന്ന് ഈ കോച്ചുകള്‍ എത്തിക്കാം. ഓരോ റെയില്‍വേ സ്റ്റേഷനിലും ചുരുങ്ങിയത് 1000 ബെഡുള്ള രണ്ട് ട്രെയിനുകള്‍ വിന്യസിച്ചാല്‍ 2,000 പേര്‍ക്ക് ചികിത്സ നല്‍കാം. അതേസമയം ട്രെയിന്‍ ഉപയോഗിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഒരുകോടിയിലേറെ ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കാനുള്ള ആശയവുമായി കൊച്ചി ആസ്ഥാനമായ അസറ്റ് ഹോംസ് രംഗത്തു വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ പദ്ധതി പ്രധാനമന്ത്രിക്കും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അധികൃതര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO