Web Desk

തിരുവനന്തപുരം

March 22, 2020, 8:27 pm

കർശന നടപടികളുമായി പൊലീസ്: നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും

Janayugom Online

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് നടപടികൾ കർശനമാക്കുന്നു. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കപ്പെട്ടവർ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താൽ അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള പൊലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി എടുക്കുക.

ഹൃദയസംബന്ധമായ അസുഖമുളളവർ, രക്താർബുദം ബാധിച്ചവർ എന്നിവർ നിരീക്ഷണത്തിലുണ്ടെങ്കിൽ ആവശ്യമുളള പക്ഷം അവരെ ജില്ലാതലങ്ങളിലുളള ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. ആരുടെയും സഹായമില്ലാതെ വീട്ടിൽ തനിയെ നിരീക്ഷണത്തിൽ കഴിയുന്നവരെയും കൂടുതൽ അംഗങ്ങളുളള വീടുകളിൽ കഴിയുന്നവരെയും ആവശ്യമെങ്കിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇങ്ങനെ മാറാൻ സ്വയം താൽപര്യം കാണിക്കുന്നവർക്കും ഈ സൗകര്യം ലഭ്യമാണ്.

അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങൾ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. കടകളിൽ ഇത്തരം തിരക്കുണ്ടായാൽ ഉടമസ്ഥർ ഉടൻ പൊലീസിൽ വിവരമറിയിക്കണം. പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ആൾക്കാർ ഒത്തുകൂടുന്നത് ഒഴിവാക്കാനായി പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കടകളുടെ മുന്നിലും പൊതുഗതാഗത വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാൻ പൊലീസ് പട്രോളിംഗ് സംഘങ്ങൾ ജനങ്ങളെ പ്രേരിപ്പിക്കും.

ഉത്സവങ്ങളോടനുബന്ധിച്ച് വൻ ജനക്കൂട്ടം രൂപപ്പെടുന്നത് തടയാൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണം, ചികിത്സ, പരിശോധനകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവയെക്കുറിച്ച് സംസ്ഥാന സർക്കാർ നിരവധി നിർദ്ദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന വിഭാഗം എഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO