കോവിഡ് വ്യാപനം അതിവേഗത്തിലായതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ നേരിടാൻ ഒരുക്കങ്ങൾ തുടങ്ങി. സാമൂഹ്യ വ്യാപനമാണ് മൂന്നാംഘട്ടം. അതേസമയം ഇന്ത്യയിലിതുവരെയും ഇത്തരത്തിലുള്ള സാമൂഹ്യ വ്യാപനം നടന്നതിന് തെളിവില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആവർത്തിച്ചു പറയുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ മൂന്നാംഘട്ട വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഡൽഹിയിൽ മൂന്നാംഘട്ട വ്യാപനത്തിനെ നേരിടാനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസത്തിൽ തന്നെ 1000 പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്ന രീതിയിൽ പരിശോധനയും, ചികിത്സയും, ഐസൊലേഷനും ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ 40 കോവിഡ് പോസിറ്റീവ് കേസുകളും ഒരു മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിൽ മൂന്ന് ഘട്ടങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഇതിൽ ഒന്നാമത്തേത് മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെയ്ക്കെത്തുന്ന പോസിറ്റീവ് കേസുകൾ. രണ്ടാമത്തേത് പ്രദേശിക വ്യാപനം. അറിയുന്നൊരാളിൽ നിന്ന് മറ്റാളുകൾക്ക് വൈറസ് പകരുന്നത്. മൂന്നാം ഘട്ടമാണ് സമൂഹ വ്യാപനം. രോഗം പകർന്നത് ആരിൽ നിന്നാണെന്ന് ഭൂരിപക്ഷം ആളുകൾക്കും അറിയാത്ത അവസ്ഥയാണിത്. ഈ ഘട്ടത്തിലാണ് കൂടുതൽ ആളുകളിലേയ്ക്ക് രോഗം പകരുന്നത്. രോഗബാധിതരെ കണ്ടെത്തുകയും കൃത്യസമയത്ത് ചികിത്സ നൽകുകയും ചെയ്യുക എന്നത് ഈ ഘട്ടത്തിൽ വളരെ ശ്രമകരമാണ്.
നിലവിൽ ഇന്ത്യയിൽ രോഗബാധ സ്ഥിരീകരിക്കുന്നവരിൽ കൂടുതലും വിദേശ യാത്രാ പശ്ചാത്തലമുള്ളവരോ വൈറസ് ബാധയുള്ള വരുമായി സമ്പർക്കമുള്ളവരോ ആണ്. എന്നാൽ മറ്റ് യാത്രാ പശ്ചാത്തലമോ വൈറസ് ബാധിതരുമായി സമ്പർക്കമോ ഇല്ലാത്ത പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതോടെ ഇത് സമൂഹ്യ വ്യാപനത്തിന്റെ തുടക്കമാകുന്നു. ഇപ്പോൾ നമ്മൾ ഈ ഘട്ടത്തിൽ എത്തിയിട്ടില്ലെങ്കിലും ഏറ്റവും ഭയാനകമായ മൂന്നാംഘട്ടത്തെ നേരിടാനുള്ള ഒരുക്കങ്ങൾ ഇപ്പഴേ തുടങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
English Summary; covid 19: preparations for the third phase
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.